തളിപ്പറമ്പ് മണ്ഡലത്തിലെ പൊതുവിദ്യാഭ്യാസ മേഖല വലിയ മാറ്റങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എം.എൽ.എ എം.വി. ഗോവിന്ദൻ മാസ്റ്ററുടെ ദീർഘവീക്ഷണവും പ്രവർത്തനങ്ങളും തളിപ്പറമ്പിന്റെ വിദ്യാഭ്യാസ രംഗത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയിരിക്കുകയാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി അദ്ദേഹം ആവിഷ്‌കരിച്ച പദ്ധതികൾ ശ്ലാഘനീയമാണ്. അതിൻ്റെ ഫലമായി നൂറുകോടിയോളം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ഈ മണ്ഡലത്തിൽ മാത്രം ഈ മേഖലയിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇന്ന് തളിപ്പറമ്പ് മണ്ഡലത്തിലെ രണ്ട് സ്കൂളുകളിലെ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തു.
കെ.കെ.എൻ.പി.എം. ജി.വി.എച്ച്.എസ്.എസ്. പരിയാരം എന്ന വിദ്യാലയത്തിലെ പുതിയ ഹയർസെക്കന്‍ഡറി/വി.എച്ച്.എസ്.ഇ. കെട്ടിടത്തിൻ്റെ ഉദ്ഘാടനവും ചെറിയൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചുവെന്നും അദ്ദേഹം കുറിച്ചു.