യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിക്ക് പിന്നിൽ ആസൂത്രിത നീക്കമാണെന്ന കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പ്രസ്താവന അപഹാസ്യവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഉയർന്നുവന്ന പരാതിയ്ക്ക് പിന്നിൽ 'ലീഗൽ ബ്രെയിൻ' ഉണ്ടെന്നും ഗൂഢാലോചനയുണ്ടെന്നും പറയുന്നത് കുറ്റങ്ങളെ വെള്ള പൂശാനുള്ള പാഴ്ശ്രമമാണ്. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ്. ഒരു പരാതി ലഭിച്ചാൽ അത് അന്വേഷിക്കുകയെന്നത് ഉദ്യോഗസ്ഥരുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും ഉത്തരവാദിത്തമാണ്. അതിനെ ഗൂഢാലോചനയായി ചിത്രീകരിക്കുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്.രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ പരാതി നൽകിയവരെയും അതിന് പിന്നിലെ നിയമവശങ്ങളെയും ഭയക്കുന്നത് എന്തിനാണ്? സ്വന്തം ഭാഗത്ത് ന്യായമുണ്ടെങ്കിൽ ഏത് 'ലീഗൽ ബ്രെയിനി'നെയും നേരിടാൻ കെപിസിസിക്ക് സാധിക്കണം. സുതാര്യത ഉറപ്പുവരുത്തേണ്ടത് സർക്കാരിന്റെ കടമയാണ്. അവിടെ രാഷ്ട്രീയം നോക്കി നടപടി സ്വീകരിക്കുന്ന രീതി ഈ സർക്കാരിനില്ല. തെറ്റ് ചെയ്തവർ ആരായാലും നടപടി നേരിടേണ്ടി വരും. പുകമറ സൃഷ്ടിച്ച് യഥാർത്ഥ വിഷയം വഴിതിരിച്ചുവിടാനുള്ള കെപിസിസി പ്രസിഡന്റിന്റെ നീക്കം പൊതുസമൂഹം തിരിച്ചറിയുമെന്നും ശിവന്‍കുട്ടി വ്യക്തമാക്കി. 

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം പരാതി രാഷ്ട്രീയ പ്രേരിതമെന്നാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞത്. കണ്ണൂരില്‍ വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. തനിക്ക് കിട്ടിയ പരാതിക്ക് പിന്നിൽ ലീഗൽ ബ്രെയിനുണ്ടെന്നും ആസൂത്രിതമാണെന്നും അദ്ദേഹം പറഞ്ഞു. പരാതി എന്തിനാണെന്ന് ജനങ്ങള്‍ക്കറിയാം. ജനം വിലയിരുത്തട്ടെ. എനിക്ക് പരാതി ലഭിച്ച സമയത്ത് തന്നെ മാധ്യമങ്ങൾക്കും ലഭിച്ചു. 

എന്തായിരുന്നു അതിന്‍റെ ലക്ഷ്യം. പരാതി ആർക്കാണ് അയക്കേണ്ടതെന്ന് അവർക്ക് നന്നായി അറിയാം. എന്നാൽ എനിക്കാണ് അയച്ചത്. പരാതി ആസൂത്രിതമായി തയാറാക്കിയതാണ്. എന്നാൽ അതിന് എതിർ വശങ്ങളുണ്ട്. അതെല്ലാം കോടതി വിലയിരുത്തിയിട്ടുണ്ട്. രാഹുൽ വോട്ടു ചെയ്യാൻ വരുമോ എന്നറിയില്ല. നിയമം നിയമത്തിന്‍റെ വഴിക്ക് പോകുമെന്നും കെപിസിസി പ്രസിഡന്റ് അഭിപ്രായപ്പെട്ടിരുന്നു. 

ENGLISH SUMMARY:

Rahul Mamkootathil case involves allegations and counter-allegations in Kerala politics. Minister Shivan Kutty criticizes KPCC President Sunny Joseph's statement regarding a planned move behind the complaint against Rahul Mamkootathil.