രണ്ടു ദിവസം വരെ ഒരു സ്ഥലത്തു താമസിച്ചാൽ വോട്ടർ പട്ടികയിൽ പേരുചേർക്കാമെന്ന വിചിത്ര നിയമമാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പുറപ്പെടുവിച്ചതെന്ന് സി.പി.എം. ജനറൽ സെക്രട്ടറി എം.എ.ബേബി. തൃശൂർ ലോക്സഭാമണ്ഡലത്തിൽ മുപ്പതിനാരിയത്തിലേറെ വോട്ടുകൾ ബി.ജെ.പി. അനർഹമായി ചേർത്തെന്നും എം.എ.ബേബി ആരോപിച്ചു. സുരേഷ് ഗോപിയുടെ ഭൂരിപക്ഷം എഴുപത്തിയ്യായിരം വോട്ടുകളാണെന്ന് ബി.ജെ.പി ഓർമിപ്പിച്ചു.
കേരളത്തിൽ ബി.ജെ.പി. ജയിച്ച ഏക ലോക്സഭ സീറ്റിലെ വോട്ടുചേർക്കലിൽ രാഷ്ട്രീയ വിവാദം തുടരുകയാണ്. അനർഹരെ വോട്ടു ചേർത്തെന്ന ആരോപണം ഉന്നയിച്ചത് സി.പി.ഐ. നേതാവ് വി.എസ്.സുനിൽകുമാറായിരുന്നു. രാഹുൽഗാന്ധിയുടെ പ്രസ്താവനയ്ക്കു പിന്നാലെയാണ് സുനിൽകുമാർ ഈ ആരോപണം ആദ്യമായി ഉന്നയിച്ചത്. പക്ഷേ, തിരഞ്ഞെടുപ്പ് സമയത്തുതന്നെ സി.പി.ഐ. നേതാവ് കെ.പി.രാജേന്ദ്രൻ അനർഹരുടെ വോട്ടിനെക്കുറിച്ച് പരാതി നൽകിയിരുന്നതായി മന്ത്രി കെ.രാജൻ പ്രതീകരിച്ചു.
മണ്ണുത്തി നെട്ടിശേരിയിലെ വാടകവീട്ടിൽ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും വോട്ട് സുരേഷ് ഗോപി ചേർത്തെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം. പുതിയ വോട്ടർപട്ടികയിൽ ഇവർക്കാർക്കും വോട്ടില്ലെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടിയിരുന്നു. അഞ്ചു വർഷക്കാലം സുരേഷ് ഗോപി താമസിച്ച നെട്ടിശേരിയിലെ വാടകവീട് ഉടമ വിറ്റു.
ചേറൂരിൽ എം.പിയുടെ ഓഫിസ് സഹിതം സുരേഷ് ഗോപി പുതിയ വീട് വാടകയ്ക്കെടുത്തിരുന്നു. വോട്ടുകൾ ഇവിടേയ്ക്കു മാറ്റിയെന്നാണ് ബി.ജെ.പിയുടെ വിശദീകരണം. ഇനി, എൽ.ഡി.എഫും യു.ഡി.എഫും ഉന്നയിക്കുന്ന അനർഹ വോട്ടുകൾ കുറച്ചാലും സുരേഷ് ഗോപി ജയിക്കുമെന്ന് ബി.ജെ.പി നേതാവ് ഗോപാലകൃഷ്ണൻ ചൂണ്ടിക്കാട്ടി.
തൃശൂർ ലോക്സഭാ സീറ്റിൽ ബി.ജെ.പി ചേർത്ത അനർഹ വോട്ടുകളുടെ മൊത്തം കണക്ക് തെളിവുകൾ സഹിതം നിരത്താൻ എൽ.ഡി.എഫിനും യു.ഡി.എഫിനു കഴിഞ്ഞിട്ടില്ല. വരുംദിവസങ്ങളിൽ ഈ കണക്ക് പുറത്തുവിടാനുള്ള ശ്രമത്തിലാണ് രണ്ടു മുന്നണികളും.