സമൂഹമാധ്യമത്തിലൂടെ പ്രചരിക്കുന്ന പോസ്റ്റര്‍.
വെള്ള ചാര്‍ട്ട് പേപ്പറില്‍ എഴുതി പങ്കുവച്ച ഒരു പോസ്റ്റര്‍ സമൂഹമാധ്യമത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. ചാറ്റ് ജിപിടിയും എ.ഐയുമൊക്കെയുള്ളപ്പോഴും, ഫോണില്‍ പോലും കണ്ടന്‍റ് കൊടുത്താല്‍ നല്ല അടിപൊളി പോസ്റ്റര്‍ ഡിസൈന്‍ ചെയ്തു തരുന്ന പലതരം ആപ്പുകള്‍ നിലവിലുള്ളപ്പോഴുമാണ് ചാര്‍ട്ട് പേപ്പറില്‍ വടിവൊത്ത അക്ഷരങ്ങളില്‍ എഴുതി പങ്കുവച്ച ഈ പോസ്റ്റര്‍ വൈറലാകുന്നത് എന്നതാണ് ശ്രദ്ധേയം. കുറച്ച് സെക്കന്‍റുകളിലേക്കെങ്കിലും പഴയകാല ഓര്‍മകളിലേക്ക് എല്ലാവരെയും കൂട്ടിക്കൊണ്ടുപോകുകയാണ് ഈ പോസ്റ്റര്‍.
ഇക്കാലത്ത് പത്രം കയ്യിലെടുത്ത് വായിക്കുന്നവര്‍ എത്രപേരുണ്ട്. നമ്മുടെയൊക്കെ വീട്ടില്‍ സ്ഥിരമായി പത്രം വരുത്താറുണ്ടെങ്കിലും വായിക്കുന്നത് ചുരുക്കം ആളുകളായിരിക്കും. സ്വഭാവികമായും ജീവിതരീതിയും തിരക്കുകളുമൊക്കെയാണ് അതിന് കാരണമായി പറയപ്പെടുന്നത്. അങ്ങനെയുള്ള ഇക്കാലത്ത് വായനശാലയില്‍ പോയി എന്നും പത്രം വായിക്കുന്ന ആളുകളുണ്ടെന്ന് കേട്ടാലോ. എങ്കില്‍ മുടക്കം കൂടാതെ വായനശാലയിലെത്തി പത്രം വായിക്കുന്നവര്‍ക്ക് ചെറിയൊരു അംഗീകാരം നല്‍കുന്നതിലും തെറ്റില്ല. അതാണ് കോഴിക്കോട് ചാത്തമംഗലത്തെ പാഴൂർ വായനശാലയില്‍ നടന്നത്.
വായനശാലയില്‍ സ്ഥിരമായി പത്രം വായിക്കുന്നവരെ ആദരിക്കുന്ന ഒരു ചടങ്ങ് നടന്നു. അതിന്‍റെ പോസ്റ്ററാണ് ആദ്യം സമൂഹമാധ്യമത്തില്‍ ശ്രദ്ധയാകര്‍ഷിച്ചത്. ആഗസ്റ്റ് എട്ടിനായിരുന്നു ചടങ്ങ്. കണ്‍വീനര്‍ പി. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ ഉണ്ണി മോയി പുത്തന്‍പുരയ്ക്കല്‍, കെ.കെ മൂസ, എം.കെ രാമന്‍, അബ്ദുറഹിമാന്‍ തമ്പാലങ്ങാട്ട്, ആലിക്കുട്ടി മാസ്റ്റര്‍, ഉണ്ണിമോയി പുലക്കൂത്ത്, ആലി കിഴക്കേതൊടി എന്നിവരെ ആദരിക്കുന്നു എന്ന വിവരമാണ് പോസ്റ്ററലുണ്ടായിരുന്നത്. എല്ലാ ദിവസവും മുടങ്ങാതെ പത്രം വായിക്കുക എന്നത് ചെറിയ കാര്യമല്ല എന്ന ചിന്തയാവും ഈ പോസ്റ്റര്‍ കണ്ടവരിലെല്ലാം ആദ്യം മനസ്സില്‍ വന്നിട്ടുണ്ടാവുക. അതുകൊണ്ടു തന്നെ പോസ്റ്റര്‍ വൈറലായി. ചായക്കടയില്‍ പത്രം വായിക്കാന്‍ വരുന്നവരെയും ആദരിക്കണമെന്ന ആവശ്യവും കമന്‍റുകളില്‍ ഉയരുന്നുണ്ട്.