കുറച്ചു കാലമായി മെസ്സി അടങ്ങുന്ന അര്‍ജന്‍റീന ടീം കേരളത്തില്‍ എത്തുമെന്ന പ്രതീക്ഷയിലുളള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. മെസി എത്തില്ലെന്ന് അറിഞ്ഞതിന്‍റെ നിരാശയിലാണ് ഭൂരിഭാഗവുമിപ്പോള്‍. മെസിയും സംഘവും കേരളത്തില്‍ എത്തില്ലെന്ന് അറിഞ്ഞതിന്‍റെ വിഷമവുമായി നടന്ന രണ്ട് കുട്ടി ആരാധകരും പിതാവും മലയാള മനോരമയുടെ മലപ്പുറം ഓഫീസില്‍ സൂക്ഷിച്ച മെസിയുടെ കയ്യൊപ്പുളള ജഴ്സി കണ്ട് ആവേശംകൊണ്ട കാഴ്ചകളിലേക്ക്...
കടുത്ത അര്‍ജന്‍റീന ആരാധകരായ മലപ്പുറം പഴമളളൂരിലെ നസീബ് മുല്ലപ്പളളിയും മക്കളും അപ്രതീക്ഷിതമായാണ് മലയാള മനോരമയുടെ മലപ്പുറം യൂണിറ്റിലെത്തിയത്. മെസ്സി ആരാധകനായ നസീബ് കുടുംബസമേതമാണ് മല്‍സരങ്ങള്‍ കാണാന്‍ പോവാറുളളത്. ഖത്തറില്‍ മെസ്സി ലോക കപ്പുയര്‍ത്തുമ്പോഴും സ്റ്റേഡിയത്തില്‍ നസീബുണ്ടായിരുന്നു. കേരളത്തിലേക്ക് അര്‍ജന്റീന വരില്ലെന്ന വാര്‍ത്ത പ്രയാസത്തോടെയാണ് ഉള്‍ക്കൊണ്ടത്.
മെസ്സി ഒപ്പു വച്ച ജഴ്സി കണ്ടപ്പോള്‍ ആവേശം നിറഞ്ഞെന്ന് നസീബ്. നസീബ് മുല്ലപ്പളളിയുടേയും ആണ്‍മക്കളുടേയും ഫുട്ബോള്‍ ആവേശത്തിലെല്ലാം ഭാര്യ ഫെബിനയും മകള്‍ ഹവ്വ മറിയവും ഒപ്പമുണ്ട്.