സിപിഎം നേതാക്കൾ ജ്യോത്സ്യനെ കാണാൻ പോകുന്നതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദത്തിൽ പ്രതികരണവുമായി അഖിൽ മാരാർ. താൻ സംവിധാനം ചെയ്ത ഒരു താത്വിക അവലോകനം എന്ന സിനിമയിലെ രംഗങ്ങൾ ഉൾപ്പെടുത്തിയാണ് അഖിലിൻ്റെ കുറിപ്പ്. ‘ഒളിച്ചും പാത്തും ജ്യോത്സ്യരെ കാണാൻ പോയ ഗോവിന്ദൻ മാഷിനെ സഖാക്കൾ പൊക്കി ഞാനിത് മുൻകൂട്ടി എഴുതി, ഒരു താത്വിക അവലോകനം ’ എന്നാണ് അഖിൽ കുറിച്ചിരിക്കുന്നത്.
സിപിഎം നേതാക്കൾ ജ്യോത്സ്യനെ കാണാൻ പോകുന്നതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദത്തിൽ പ്രതികരണവുമായി എ.കെ. ബാലൻ രംഗത്ത് വന്നിരുന്നു. ജോത്സ്യന്മാരുടെ വീടുകളിൽ പോകുന്നതും അവരുമായി ബന്ധമുണ്ടാകുന്നതും സാധാരണമാണെന്ന് എ.കെ. ബാലൻ പറഞ്ഞാൽ. സമയം നോക്കാനല്ല എംവി ഗോവിന്ദൻ പോയത്. ആ രീതിയിൽ പാർട്ടിയിലെ ആരും പോയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൻ്റെ മണ്ഡലത്തിൽ എത്ര ജോത്സ്യന്മാരുണ്ട്. ഞാൻ എത്ര ആളുകളുടെ വീട്ടിൽ പോയിട്ട് വോട്ടുചോദിച്ചിട്ടുണ്ട്. ഇതൊക്കെ സാധാരണനിലയിലുള്ളതല്ലേ. ജ്യോതിഷന്മാരുടെ വീട്ടിൽ കയറാൻ പാടില്ലെന്നോ ? സമയം നോക്കാൻ ഞങ്ങളുടെ പാർട്ടിയിലെ ആരും പോയിട്ടില്ല. അതിൻ്റെ അർഥം വീട്ടിൽ കയറിക്കൂടാ എന്നുള്ളതല്ല. - ബാലൻ പറഞ്ഞു. അതേസമയം സിപിഎം സംസ്ഥാനസമിതിയിൽ ജ്യോതിഷവുമായി ബന്ധപ്പെട്ട് ഒരു വിമർശവുമുണ്ടായിട്ടില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രതികരിച്ചത്. സാമൂഹികമാധ്യമങ്ങളിൽ വന്നതൊന്നും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.