കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഐസിയു പീഡനക്കേസില്‍ പ്രതിയായ അറ്റന്‍ഡര്‍ എ.എം. ശശീന്ദ്രനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഇക്കാര്യം നേരിട്ടറിയിച്ചുവെന്ന് അതിജീവിത പറഞ്ഞു. നടപടിയില്‍ സന്തോഷമുണ്ടെങ്കിലും നീതി ഇപ്പോഴും അകലെയാണെന്നും നിയമപോരാട്ടം തുടരുമെന്നും അതിജീവിത അറിയിച്ചു.
വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തില്‍ അതിജീവിതക്കിത് ആശ്വാസത്തിന്‍റെ നിമിഷം. ഐസിയു പീഡനക്കേസ് പ്രതി എ.എം. ശശീന്ദ്രനെ പിരിച്ചുവിടാനുള്ള മെഡിക്കല്‍ കോളജ് ഭരണനിര്‍വഹണ വിഭാഗത്തിന്‍റെ ശുപാര്‍ശ ഒടുവില്‍ അംഗീകരിച്ചു.
പ്രതിയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടെങ്കിലും നിയമപോരാട്ടം പാതി വഴിയിലാണ്. ശിക്ഷ വാങ്ങികൊടുക്കാതെ വിശ്രമമില്ല. 2023 ലാണ് മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ കഴിഞ്ഞ് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്ന അതിജീവിതയെ അറ്റന്‍ഡര്‍ ആയ എ. എം. ശശീന്ദ്രന്‍ പീഡിപ്പിച്ചത്.