കോഴിക്കോട് ബാലുശേരിയിലെ ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത കേസില്‍ ആത്മഹത്യക്കുറിപ്പ് പൊലീസിന് ലഭിച്ചു. മനസമാധാനമില്ലാത്തതിനാല്‍ ജീവിതം അവസാനിപ്പിക്കുന്നുവെന്നാണ് ആത്മഹത്യക്കുറിപ്പിലുള്ളത്. കേസില്‍ അന്വേഷണം കാര്യക്ഷമമല്ലെന്നാണ് ജിസ്നയുടെ കുടുംബം ആരോപിക്കുന്നത്.
ജിസ്നയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ബാലുശേരി പൂനൂരിലെ വീട്ടില്‍ നിന്നാണ് ആത്മഹത്യക്കുറിപ്പ് പൊലീസിന് ലഭിച്ചത്. ജീവിക്കാന്‍ ആഗ്രഹം ഉണ്ടെങ്കിലും മനസമാധാനമില്ലാത്തതിനാല്‍ ജീവിതം അവസാനിപ്പിക്കുന്നുവെന്നാണ് ആത്മഹത്യക്കുറിപ്പിലുണ്ടായിരുന്നത്. ഭര്‍ത്താവ് ശ്രീജിത്തിനും വീട്ടുകാര്‍ക്കുമെതിരെ ജിസ്നയുടെ കുടുംബം ഗുരുതര ആരോപണമാണ് ഉന്നയിക്കുന്നത് മകളെ കൊലപ്പെടുത്തിയാതാണെന്നും പ്രതികള്‍ക്ക് രാഷ്ട്രീയ സംരക്ഷണമുണ്ടെന്നും പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും ജിസ്നയുടെ പിതാവ് പറഞ്ഞു.
സാമ്പത്തികബാധ്യതയെ ചൊല്ലി ചില തര്‍ക്കങ്ങള്‍ ജിസ്നയും ഭര്‍ത്താവ് ശ്രീജിത്തും തമ്മിലുണ്ടായതായും ആരോപണം ഉണ്ട്. പൂനൂരിലെ വീട്ടില്‍ ഫൊറന്‍സിക് സംഘം ഇന്ന് പരിശോധന നടത്തി. ജിസ്നയുടെ ഭര്‍ത്താവിനെയും വീട്ടുകാരെയും വിശദമായി ചോദ്യം ചെയ്യും. അയല്‍വാസികളുടെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.