ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ മത്സ്യത്തൊഴിലാളി സമൂഹത്തിനു നൽകിയ ഒരു വാഗ്ദാനം കൂടി പാലിക്കപ്പെട്ടിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഭാഗമായി ഉന്നയിക്കപ്പെട്ട ആവശ്യങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു 'തീരദേശവാസികൾക്ക് സുരക്ഷിത സ്ഥലത്തു ഭവനം' എന്നത്. ആ ആവശ്യമാണ് ഇന്ന് യാഥാർത്ഥ്യമായിരിക്കുന്നതെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

കടലാക്രമണ ഭീഷണിയിൽ കഴിയുന്ന മുഴുവൻ കുടുംബങ്ങളെയും സുരക്ഷിത മേഖലയിലേക്ക് പുനരധിവസിപ്പിക്കുന്നതിനായി ആരംഭിച്ച പുനർഗേഹം പദ്ധതി വഴി മുട്ടത്തറയിൽ നിർമ്മിച്ച ഭവനസമുച്ചയത്തിൽ 332 ഫ്ലാറ്റുകൾ ഗുണഭോക്താക്കൾക്ക് കൈമാറി. കേന്ദ്ര സർക്കാരിൽ നിന്നുള്ള പാരിസ്ഥിതികാനുമതിയുമായി ബന്ധപ്പെട്ട കാലതാമസംമൂലം പദ്ധതി രണ്ട് ഘട്ടമായി പൂർത്തീകരിക്കേണ്ടി വന്നിരിക്കുന്നു. ഇതിൽ ആദ്യ ഘട്ടമെന്ന നിലയിൽ നിർമ്മാണം പൂർത്തീകരിച്ച ഫ്‌ളാറ്റുകളാണ് ഇന്ന് ഗുണഭോക്താക്കൾക്ക് കൈമാറിയത്. ബാക്കി 68 ഫ്ലാറ്റുകളും സമയബന്ധിതമായി പൂർത്തീകരിക്കും. 

ഇതോടൊപ്പം മലപ്പുറം ജില്ലയിലെ താനൂർ ഉണ്ണ്യാലിൽ പൂർത്തീകരിച്ച 16 ഫ്ലാറ്റുകളുടെയും താക്കോൽ ഇന്നു കൈമാറി.രണ്ട് ബെഡ് റൂം, ഹാൾ, അടുക്കള, ഭക്ഷണമുറി, ശുചിമുറി തുടങ്ങി ഒരു കുടുംബത്തിന് ആവശ്യമായ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്. മാത്രമല്ല പുറത്ത് പാർക്കിംഗ് ഗ്രൗണ്ടും കളിസ്ഥലവും ഒരുക്കിയിട്ടുണ്ട്. രണ്ടു നിലകളിലായി 8 ഫ്ലാറ്റുകൾ ഉൾപ്പെടുന്ന 50 യൂണിറ്റുകളാണ് ഇവിടെ നിർമ്മിച്ചിട്ടുള്ളത്.

മത്സ്യത്തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്ന കാര്യത്തിൽ പ്രതിജ്ഞാബദ്ധമായ സമീപനമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ സ്വീകരിച്ചു വരുന്നത്. വിട്ടുവീഴ്ചയില്ലാതെ ആ നിലപാടിൽ ഉറച്ചു നിന്ന് പദ്ധതികൾ പ്രാവർത്തികമാക്കി സർക്കാർ മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ENGLISH SUMMARY:

Punargeham Project provides safe housing for coastal communities. The Left Democratic Front government is committed to implementing projects that ensure the safety and welfare of fishermen.