ഇടുക്കി മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് സാഹസികതയും വിനോദവും ഒരേ സമയം ആസ്വദിക്കാൻ പറ്റുന്ന ഡോം തീയേറ്റർ ഒരുക്കി ടൂറിസം വകുപ്പ്. ബോട്ടാണിക്കൽ ഗാർഡനിലാണ് 360 ഡിഗ്രി സൂപ്പർ റിയാലിറ്റി ഡോം തീയേറ്റർ നിർമിച്ചിരിക്കുന്നത്. റിയാലിറ്റി ഡോം തിയേറ്ററിന്‍റെ വിശേഷങ്ങൾ കണ്ട് വരാം.
അലാവുദ്ദീന്റെ കൂടെ ആകാശത്തിലൂടെയും മഹാസമുദ്രങ്ങളിലൂടെയും യാത്ര ചെയ്ത് ദിനോസറുകളെയും കണ്ട് ഒരു സാഹസിക യാത്ര നടത്തണമെങ്കിൽ മൂന്നാർ ദേവികുളം റോഡിലെ ബൊട്ടാണിക്കൽ ഗാർഡനിൽ എത്തിയാൽ മതി.
ഇടുക്കി ജില്ലയിലെ രണ്ടാമത്തെ ഡോം തിയറ്ററാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. തീയേറ്ററിനുള്ളിൽ പൂർണമായി നിറഞ്ഞു നിൽക്കുന്ന സ്ക്രീനിൽ 3D ഗ്ലാസുകൾ ഇല്ലാതെ തന്നെ ത്രില്ലിങ് ദൃശ്യങ്ങൾ കാണാനാകും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയും വിധത്തിലുള്ള ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. ഒരെ സമയം 30 പേരെ വരെ തീയേറ്ററിൽ ഉൾക്കൊള്ളാനാകും. സ്വകാര്യ സംരംഭകരായ ഏജ്ലെസ് എന്‍റര്‍ടെയ്ന്‍മെന്‍റും ഡിറ്റിപിസിയും സഹകരിച്ച് 80 ലക്ഷം രൂപ ചെലവിട്ടാണ് തീയേറ്റർ നിർമിച്ചത് ഇതോടൊപ്പം ബോട്ടാണിക്കൽ ഗാർഡനിൽ ഒരുക്കുന്ന ഗ്ലാസ് വാച്ച് ടവറിൻ്റെ നിർമാണവും അവസാന ഘട്ടത്തിലാണ്.