1950 ജനുവരി 26ന് ഇന്ത്യ റിപ്പബ്ലിക് നേടിയെങ്കിൽ മോദിയുടെ കാലത്ത് അത് പൂർണ്ണമായും നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും, അതിനുള്ള തെളിവാണ് ഇന്ന് രാഹുൽ ഗാന്ധി പുറത്തുവിട്ടിരിക്കുന്നതെന്നും പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. നടത്തം കൊണ്ടും പ്രഭാഷണം കൊണ്ടും നരേന്ദ്രമോദി ഒരു പാരഡോക്സിക്കൽ പ്രൈംമിനിസ്റ്റർ ആണെന്ന് തെളിയിച്ചതായിരുന്നു. എന്നാൽ രാഹുൽ ഗാന്ധിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലോടുകൂടി നരേന്ദ്രമോദി രാജ്യത്തെ ഏറ്റവും വലിയ വഞ്ചന നടത്തിയ ആളാണെന്ന് തെളിഞ്ഞിരിക്കുന്നുവെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
ടി എൻ ശേഷൻ എന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ജന്മ സ്ഥലമായ പാലക്കാടിരുന്ന് ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്ന കമ്മീഷണർമാരെപ്പറ്റി ഓർക്കുമ്പോൾ കുനിയാൻ പറയുമ്പോൾ ഇഴയുന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ ജനാധിപത്യത്തിന്റെ ഏറ്റവും മനോഹരമായ പ്രക്രിയയായ വോട്ടിംഗ് തന്നെ അട്ടിമറിച്ചിരിക്കുന്നു എന്നാണ് നമുക്ക് മനസ്സിലാവുന്നത്.
ബാംഗ്ലൂർ സെൻട്രൽ ലോക്സഭ മണ്ഡലത്തിലെ മഹാദേവപുര എന്ന ഒരൊറ്റ അസംബ്ലി സീറ്റിൽ നടന്ന കള്ള വോട്ടുകൾ 1,00,250 ആണ്. ഇന്ത്യയിൽ ഉടനീളം എത്ര ലോക്സഭാ മണ്ഡലങ്ങളിൽ ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ഒത്തുകളിച്ച് ജനാധിപത്യത്തെ അട്ടിമറിച്ചിട്ടുണ്ടാവും.
ഇന്ത്യയിലെ മാധ്യമപ്രവർത്തകരും രാഷ്ട്രീയ നിരീക്ഷകരും നേരത്തെ തന്നെ ഇത്തരമൊരു സംശയം മുന്നോട്ടുവച്ചിരുന്നു, ലോക്സഭാ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായി മികച്ച വിജയം നേടിയ മഹാരാഷ്ട്രയിൽ അതുകഴിഞ്ഞ് ഏതാനും മാസങ്ങൾക്കപ്പുറം വന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ വിജയം അന്വേഷിക്കേണ്ടതാണ്.
നിയമസഭയിൽ മികച്ച വിജയം നേടിയ കർണാടകയിൽ ലോക്സഭയിൽ സംഭവിച്ച പരാജയത്തിന്റെ കാരണവും അന്വേഷിക്കുമ്പോൾ ചെന്നെത്തുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നഗ്നമായ ജനാധിപത്യ ധ്വമ്സനമാണ്. ഇന്ത്യയിലെ ജനങ്ങളെ നിരന്തരം പറ്റിച്ചു കൊണ്ടിരിക്കുന്ന സംഘപരിവാറിനും നരേന്ദ്രമോദിക്കും തെരഞ്ഞെടുപ്പ് കമ്മിഷനും എതിരെ ശക്തമായ പ്രതിഷേധവും പ്രതിരോധവും ഉയരേണ്ടതാണെന്നും അദ്ദേഹം കുറിച്ചു.
അതേസമയം, തിരഞ്ഞെടുപ്പുകളില്‍ തിരഞ്ഞെടുപ്പ് കമ്മിഷൻ കൃത്രിമം നടത്തുന്നുവെന്ന ആരോപണം കടുപ്പിച്ചിരിക്കുകയാണ് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മഹാരാഷ്ട്രയിൽ അടക്കം കൃത്രിമം നടന്നതായും വോട്ടുമോഷണം നടക്കുന്നതായും രാഹുൽ സമ്മേളനത്തിൽ ആരോപിച്ചു. ഇതിന്‍റെ തെളിവുകളും അദ്ദേഹം പുറത്തുവിട്ടു.
‘കമ്മിഷൻ ബിജെപിയുമായി ചേർന്ന് വോട്ടു മോഷ്ടിക്കുകയാണ്. മഹാരാഷ്ട്രയിൽ 40 ലക്ഷം ദുരൂഹ വോട്ടർമാരുണ്ടായിരുന്നു. അവിടെ അസാധാരണ പോളിങ്ങാണ് നടന്നത്. 5 മണി കഴിഞ്ഞപ്പോൾ പോളിങ് പലയിടത്തും കുതിച്ചുയർന്നു. മഹാരാഷ്ട്രയിലെ രേഖകൾ തിരഞ്ഞെടുപ്പ് കമ്മിഷൻ നശിപ്പിച്ചു. കോൺഗ്രസ് ആവശ്യപ്പെട്ടിട്ടും കമ്മിഷൻ വോട്ടർ പട്ടിക നൽകിയില്ല. സിസിടിവി ദൃശ്യങ്ങൾ 45 ദിവസങ്ങൾ കഴിഞ്ഞപ്പോൾ നശിപ്പിച്ചു. ഇതിനായി കമ്മിഷൻ നയം മാറ്റിയെന്നും രാഹുല്‍ പറഞ്ഞു.
ഒരു ലോക്‌സഭാ മണ്ഡലത്തിലെ വോട്ടർ പട്ടിക പരിശോധിച്ചപ്പോൾ ആകെയുള്ള 6.5 ലക്ഷം വോട്ടർമാരിൽ 1.5 ലക്ഷം പേരും വ്യാജന്മാരാണെന്നു കണ്ടെത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഭൂരിപക്ഷം ഉറപ്പിക്കാനായത് വോട്ടുതട്ടിപ്പിലൂടെ ലഭിച്ച സീറ്റുകളിലൂടെയാണ് . രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനത്തിൽ, 2014 മുതൽ എന്തോ കുഴപ്പം സംഭവിക്കുന്നുണ്ടെന്ന സംശയം നേരത്തേ തന്നെയുണ്ട്. രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ കോൺഗ്രസ് പാർട്ടിക്ക് ഒരു സീറ്റ് പോലും ലഭിക്കുന്നില്ല. ഇത് അത്ഭുതകരമാണെന്നും രാഹുൽ വ്യക്തമാക്കി.ഇലക്ട്രോണിക് വോട്ടർ പട്ടിക കണക്കുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകാതിരുന്നത് പരിശോധനകൾ ബുദ്ധിമുട്ടാക്കി. കമ്മീഷൻ ബിജെപിയുമായി ചേർന്ന് വോട്ട് മോഷ്ടിക്കുന്നുവെന്ന് വ്യക്തമാണ്. ഇത് പഠിക്കാൻ ടീമിനെ വച്ചു. വോട്ടർ പട്ടികയിലെ ഓരോ ചിത്രവും പേരും വിവരങ്ങളും വിശദമായി പരിശോധിച്ചു. സോഫ്ട് കോപ്പി തരാത്തതിനാൽ കടലാസ് രേഖകൾ പരിശോധിച്ചു. ഇതിനായി ആറുമാസം വേണ്ടിവന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.