TOPICS COVERED

കാസർകോട് അധികം സഞ്ചാരികൾ എത്താത്ത അതിസുന്ദരമായ കടലോരമാണ് ബേക്കൽ അഴിമുഖം. ബേക്കൽ പുഴയും കടലും ചേരുന്ന അതിമനോഹരമായ കാഴ്ചയാണ് ഇവിടെ കാത്തിരുന്നത്. ബേക്കൽ കോട്ടയിൽ നിന്നും അല്പ ദൂരം സഞ്ചരിച്ചാൽ ഇവിടെയെത്താം.

പുഴ ഒഴുകി, മൃദുലമാം പുൽ തകിടികളും, കഠിനമാം പാറക്കെട്ടുകളും കടന്ന് കടലിന്‍റെ മടിത്തട്ടിലേക്ക്. പുഴയുടെ സരളതയും, കടലിന്‍റെ അഗാധതയും പുഴയും കടലും ചേരുന്ന ചരുത കാണാം ബേക്കൽ അഴിമുഖത്ത്. ശാന്തമായി ഒഴുകിയെടുക്കുന്ന ബേക്കൽ പുഴയെ ആർത്തിരമ്പുന്ന കടൽ വിഴുങ്ങുന്നില്ല, പകരം ചേർത്തുവയ്ക്കുന്നു, ഉടമയാകാതെ സ്വീകരിക്കുന്ന സ്നേഹത്തിന്‍റെ പരമാവസ്ഥ പോലെ. ഒരുകാലത്ത് പുഴയായിരുന്ന ജലബിന്ദുക്കൾ ഇനി തിരയായേക്കാം. പക്ഷേ ഭാവം മാറിയാലും സ്വത്വം അതുതന്നെ. 

സൂര്യ കിരണത്തിൽ സ്വർണ്ണവർണം ആർജിക്കുന്ന മണൽത്തരികളിൽ ചിലർക്കു മാത്രമേ തിരയുടെ തഴുകൽ എപ്പോഴും ഏറ്റുവാങ്ങാനാകൂ. ചിലർ പുഴയുടെ ഓളങ്ങളെ പുണരുന്നു. മറ്റുള്ളവരുടെ ആശ്വാസം മനുഷ്യരാണ്. സമുദ്ര സൗന്ദര്യം ആസ്വദിക്കുന്നവർ, അല്ലെങ്കിൽ തിരയോളങ്ങളിലേക്ക് പ്രതീക്ഷയോടെ വല എറിയുന്നവർ.

 ബേക്കൽ കോട്ട കാണാൻ എത്തുന്ന സഞ്ചാരികൾ അധികവും പണം നൽകി സമീപത്തെ റെഡ് മൂൺ ബീച്ചിലേക്ക് പോകാറാണ് പതിവ്. എന്നാൽ കോട്ടയുടെ മറുവശത്ത് അതി സുന്ദരമായ ബേക്കൽ അഴിമുഖത്തേക്ക് അധികം ആളുകൾ എത്താറില്ല. കാഞ്ഞങ്ങാട് കാസർകോട് സംസ്ഥാനപാതയിൽ ബേക്കൽ പാലത്തിനു മുകളിലൂടെ കടന്നു പോകുന്നവർ ദൂരെ നിന്ന് ഈ അഴിമുഖം കണ്ടിട്ടുണ്ടാവാം. കാസർകോട് ദിശയിൽ പാലം കഴിഞ്ഞ് ഇടതുവശത്തേക്കുള്ള റോഡിലൂടെ വന്നാൽ ഇവിടെയെത്താം. പിന്നെ ഈ സൗന്ദര്യം ആവോളം ആസ്വദിക്കാം.

ENGLISH SUMMARY:

Bekal Azhimukham is a stunning and less-explored coastal spot near Bekal Fort in Kasaragod.