Image Credit: 2. facebook.com/sanalmovies
കലാഭവന്‍ നവാസിന്‍റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ രംഗത്തെത്തിയിരുന്നു. നവാസിന് നെഞ്ചുവേദനയുണ്ടായെന്ന നടന്‍ വിനോദ് കോവൂരിന്‍റെ പോസ്റ്റ് അടക്കം സനല്‍ ചര്‍ച്ചയാക്കിയിരുന്നു. സനലിന്‍റെ ഈ ആരോപണങ്ങളില്‍ മറുപടി പറഞ്ഞിരിക്കുകയാണ് വിനോദ് കോവൂര്‍. നെഞ്ചുവേദന വന്ന വിവരം നവാസ് കുടുംബ ഡോക്ടറെയാണ് അറിയിച്ചതെന്നും ഇക്കാര്യം സിനിമ സെറ്റിലെ ആരും അറിഞ്ഞിരുന്നില്ലെന്നും വിനോദ് കോവൂര്‍ പറയുന്നു.
'ഞാന്‍ സെറ്റിലുണ്ടായിരുന്നില്ല. മോര്‍ച്ചറിയില്‍ നാല് മണിക്കൂറോളം ഉണ്ടായിരുന്നു. കുടുംബ സുഹൃത്തും കളിക്കൂട്ടുകരാനുമായ നൗഷദാണ് ഇക്കാര്യം തന്നോട് പറഞ്ഞത്. കുടുംബ ഡോക്ടറെ വിളിച്ചറിയിച്ചിരുന്നു. ഇസിജി എടുക്കാന്‍ പറഞ്ഞു. ഷൂട്ടിങിന് പോകേണ്ടതിനാല്‍ വൈകീട്ടകാം എന്നാണ് പറഞ്ഞത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പോസ്റ്റിട്ടത്. സിനിമ സെറ്റില്‍ ഇത് ആര്‍ക്കും അറയില്ല. ഇക്കാര്യം നൗഷാദ് പുറത്ത് പറയാന്‍ തയ്യാറാണ്. നാവാസ് എന്‍റെ ഉറ്റസുഹൃത്താണ്. എനിക്ക് തെറ്റിദ്ധാരണയില്ല. മരണത്തില്‍ ദുരൂഹതയില്ല', എന്നാണ് വിനോദ് കോവൂര്‍ പറയുന്നത്.
വിനോദ് കോവൂര്‍ സനല്‍ കുമാറിന് അയച്ച ശബ്ദ സന്ദേശത്തിലാണ് ഇക്കാര്യമുള്ളത്. നേരത്തെ വിനോദിന്‍റെ പോസ്റ്റ് പങ്കുവച്ച് സനല്‍ ദുരൂഹത ആരോപിച്ചിരുന്നു. 'പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ നവാസിന്റെ തലയ്ക്ക് മുറിവുണ്ടെന്നും വായിച്ചു. ഹോട്ടൽ മുറിയുടെ നിലത്ത് വീണാൽ തലയ്ക്ക് എങ്ങനെയാണ് മുറിവുണ്ടാകുന്നത്? വർദ്ധിക്കുന്ന ദുരൂഹത! എന്തൊരു മൗനം! ഭയത്തിന്റെ രാജാക്കന്മാരാണോ അഭിനേതാക്കളേ നിങ്ങളൊക്കെ?' എന്നായിരുന്നു സനലിന്‍റെ ആരോപണം.
ഇന്ന് വിനോദിന്‍റെ ശബ്ദരേഖ പങ്കുവച്ച് സനല്‍ മറ്റൊരു കുറിപ്പിട്ടിട്ടുണ്ട്. 'രണ്ടുമൂന്നു തവണ ഡോക്ടറെ വിളിക്കാൻ തോന്നുന്ന തരത്തിൽ നവാസിന് നെഞ്ചുവേദന വന്നിട്ടും അത് സെറ്റിൽ ഉള്ള ആരോടും പറഞ്ഞില്ല എന്നത് വിശ്വസിക്കാൻ കഴിയില്ല. നൗഷാദ് എന്നയാൾ എന്തുകൊണ്ടാണ് ഇക്കാര്യം സ്വന്തം പേരിൽ വെളിപ്പെടുത്താതെ മറ്റൊരാളുടെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ, അതും സ്വന്തം പേര് ഒഴിവാക്കിക്കൊണ്ട് വെളിപ്പെടുത്തി എന്നതിലും സംശയിക്കാനുള്ള വകയുണ്ട്. നവാസിന്റെ മരണത്തിൽ ദുരൂഹതയുണ്ട് എന്നും അത് ഒരു സാധാരണ രീതിയിലുള്ള മരണം ആണെന്ന് വരുത്തി തീർക്കാൻ ഷാഡോ വ്യക്തികൾ ശ്രമിച്ചു എന്നുമാണ് മനസിലാക്കേണ്ടത്' എന്നാണ് സനല്‍ എഴുതിയത്.
ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം,
ഇത് വിനോദ് കോവൂർ എനിക്കയച്ച വോയിസ് മെസേജ് ആണ്. ഇതിൽ പറയുന്നത് അദ്ദേഹം നവാസിന്റെ ഫിലിം സെറ്റിൽ ഉണ്ടായിരുന്നില്ല എന്നും നവാസിന് ഷൂട്ടിംഗ് സെറ്റിൽ വെച്ച് നെഞ്ചുവേദന വന്നു എന്ന് അയാളോട് പറഞ്ഞത് നവാസിന്റെ കളിക്കൂട്ടുകാരനും കുടുംബസുഹൃത്തുമായ നൗഷാദ് എന്ന വ്യക്തിയാണ് എന്നുമാണ്. മറ്റാരോ പറഞ്ഞതാണ് വിനോദ് കോവൂർ സ്വന്തം അറിവെന്നപോലെ ഫെയ്സ്ബുക്ക് പോസ്റ്റിൽ എഴുതിയതെന്ന് അത് വായിക്കുന്ന ആർക്കും മനസ്സിലാവുകയും ചെയ്യും. എന്നാൽ എന്തുകൊണ്ട് ആ പോസ്റ്റിൽ ഈ വിവരം അയാളോട് പറഞ്ഞ ആളുടെ പേര് എഴുതിയില്ല എന്നത് വ്യക്തമല്ല.
ഈ ശബ്ദരേഖയിൽ വിനോദ് കോവൂർ പറയുന്നത് താൻ നവാസിന്റെ മൃതദേഹത്തിനൊപ്പം നാലുമണിക്കൂറോളം മോർച്ചറിയിൽ ഉണ്ടായിരുന്ന സമയത്താണ് നൗഷാദ് എന്നയാൾ അവിടെയുണ്ടായിരുന്ന പലരോടും ഇക്കാര്യം പറഞ്ഞത് എന്നാണ്. നവാസ് രണ്ടുമൂന്നു തവണ ഡോക്ടറെ വിളിച്ചു എന്നാണ് അയാൾ പറഞ്ഞത് എന്ന് പറയുന്നു. രണ്ടുമൂന്നു തവണ ഒരാൾ നെഞ്ചുവേദന വന്നു ഡോക്ടറെ വിളിക്കണമെങ്കിൽ അയാളുടെ നെഞ്ചുവേദന നിസാരമല്ലാത്തത് ആയിരിക്കണം. അപ്പോൾ ഉറപ്പായും അയാൾ സെറ്റിൽ ഒപ്പമുണ്ടായിരുന്നവരോട് സൂചിപ്പിക്കുകയെങ്കിലും ചെയ്തിരിക്കുകയും വേണം. ഒരുതവണ നെഞ്ചുവേദന വന്നു ഡോക്ടറെ വിളിച്ചു എന്നുപറഞ്ഞാൽ അത് സാരമില്ലാത്ത നെഞ്ചുവേദനയായി അവഗണിച്ചു എന്ന് കരുതാം.
എന്നാൽ സെറ്റിൽ ഉള്ളവർ പറയുന്നത് നവാസിന് സെറ്റിൽ വെച്ചു നെഞ്ചുവേദന വന്നകാര്യം തങ്ങൾക്ക് ആർക്കും അറിയില്ലായിരുന്നു എന്നാണ്. രണ്ടുമൂന്നു തവണ ഡോക്ടറെ വിളിക്കാൻ തോന്നുന്ന തരത്തിൽ നവാസിന് നെഞ്ചുവേദന വന്നിട്ടും അത് സെറ്റിൽ ഉള്ള ആരോടും പറഞ്ഞില്ല എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയില്ല. നൗഷാദ് എന്നയാൾ എന്തുകൊണ്ടാണ് ഇക്കാര്യം സ്വന്തം പേരിൽ വെളിപ്പെടുത്താതെ മറ്റൊരാളുടെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ, അതും സ്വന്തം പേര് ഒഴിവാക്കിക്കൊണ്ട് വെളിപ്പെടുത്തി എന്നതിലും സംശയിക്കാനുള്ള വകയുണ്ട്. നവാസിന്റെ മരണത്തിൽ ദുരൂഹതയുണ്ട് എന്നും അത് ഒരു സാധാരണ രീതിയിലുള്ള മരണം ആണെന്ന് വരുത്തി തീർക്കാൻ ഷാഡോ വ്യക്തികൾ ശ്രമിച്ചു എന്നുമാണ് മനസിലാക്കേണ്ടത്.
മറ്റൊരു കാര്യവും ഇതിൽ പ്രധാനമാണ്. ഒരു ഹോട്ടൽ മുറിയുടെ നിലത്ത് കുഴഞ്ഞുവീണാൽ ഒരു മനുഷ്യന്റെ തലയിൽ മുറിവുണ്ടാകാൻ സാധ്യമല്ല. പടിയിൽ നിന്നു വീഴുകയോ മേശയിലോ മറ്റൊ വീഴുകയോ ചെയ്‌താൽ മുറിവുണ്ടായേക്കാം. എന്നാൽ നവാസ് വീണുകിടന്നത് മുറിയുടെ വാതിൽക്കലാണെന്നും മുറിയുടെ വാതിൽ പൂട്ടിയിട്ടില്ലായിരുന്നു എന്നുമാണ് റിപ്പോർട്ട്. നവാസിന്റെ മരണത്തിൽ ദുരൂഹതയുണ്ട് എന്നത് ഊട്ടിയുറപ്പിക്കുന്ന വസ്തുതകളാണ് ഇവയെല്ലാം. പോസ്റ്റ് മോർട്ടം റിപ്പോർട്ട്, ഇൻക്വസ്റ്റ് എന്നിവ പരിശോധിച്ചാൽ കൂടുതൽ വിവരങ്ങൾ മനസിലാക്കാൻ കഴിയും. പോലീസ് സ്റ്റേഷനിൽ നിന്നും ഈ വിവരങ്ങൾ കൈക്കലാക്കി പരിശോധിച്ച് മരണകാരണം ഉറപ്പിക്കാൻ ബന്ധുക്കളും അയാളുടെ അടുത്ത സുഹൃത്തുക്കൾ എന്നവകാശപ്പെടുന്ന വിനോദ് കോവൂർ ഉൾപ്പെടെയുള്ളവരും താല്പര്യപ്പെടേണ്ടതാണ്.