കഴിഞ്ഞ വെള്ളിയാഴ്ചയാണ് പശുക്കടവ് ചൂളപ്പറമ്പില്‍ ബോബിയെന്ന വീട്ടമ്മയെ കോങ്ങോടുമലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ പശുവും ചത്തനിലയിലായിരുന്നു. മൃതദേഹത്തില്‍ മുറിപ്പാടുകളൊന്നും ഇല്ലാത്തത് ദുരൂഹത ഇരട്ടിയാക്കി. ഷോക്കേറ്റുള്ള മരണമാണെമന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ തെളിഞ്ഞതോടെ വന്യജീവികളെ പിടികൂടാനുള്ള വൈദ്യുതി കെണിയില്‍പ്പെട്ടതാണെന്ന് പൊലീസ് ഉറപ്പിച്ചു. വൈദ്യുതി കെണി ഒരുക്കിയിതിന്‍റെ ചില ലക്ഷണങ്ങളും സംഭവസ്ഥലത്തുണ്ടായിരുന്നു.
സ്ഥല ഉടമയടക്കം നാട്ടുകാരുടെ മൊഴിയെടുത്ത പൊലീസ് ഒടുവിലാണ് ബോബിയുടെ അയല്‍വാസിയായ ദിലീപ് എന്നു വിളിക്കുന്ന ലിനീഷിലേക്ക് എത്തുന്നത്. വന്യമൃഗങ്ങളെ വേട്ടയാടിയതിന് ലിനീഷിനെതിരെ കേസുണ്ട്. ഈ പശ്ചാത്തലമാണ് ലനീഷിനെ വിശദമായി ചോദ്യം ചെയ്യാന്‍ പൊലീസിനെ പ്രേരിപ്പിച്ചത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ബോബിയെ കാണാതായ വിവരം അറിഞ്ഞപ്പോള്‍ മുതല്‍ തെരച്ചിലിനിറങ്ങിയ സംഘത്തിനൊപ്പം ലിനീഷുമുണ്ടായിരുന്നു. വൈദ്യുതി കെണിയുണ്ടായിരുന്ന ഭാഗത്ത് തെരച്ചലിനായി താന്‍ പോകാമെന്നു പറഞ്ഞ് ലിനീഷ് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ചു. പിന്നീട് സ്ഥലത്തെത്തി കെണിയെടുത്ത് മാറ്റി തെളിവുകള്‍ നശിപ്പിച്ചു. രാത്രി പന്ത്രണ്ടിന് ശേഷമാണ് നാട്ടുകാര്‍ ബോബിയുടെ മൃതദേഹം കണ്ടെത്തുന്നത്. പൊലീസ് ഇന്‍ക്വസ്റ്റ് നടത്തുമ്പോഴും പരിസരത്ത് ലിനീഷ് ഉണ്ടായിരുന്നു. ചാനല്‍ ക്യാമറയ്ക്ക് മുന്നില്‍ വന്ന് സംഭവം വിശദീകരിക്കുക പോലും ചെയ്തു.
ലിനീഷിന്‍റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വൈദ്യുതി കെണിക്കായി ഉപയോഗിച്ച കേബിളുകള്‍ ഉള്‍പ്പെടെ കണ്ടെത്തി. പ്രതിയുടെ കയ്യിലെ മുറിവ് തെളിവ് നശിപ്പിക്കുന്നതിനിടെ സംഭവിച്ചതാണെന്ന് ഉറപ്പിക്കാന്‍ ഫോറന്‍സിക് പരിശോധന നടത്തി. വൈദ്യുതി കെണി ഉണ്ടാക്കുന്നതിനും തെളിവുകളും നശിപ്പിക്കുന്നതിനും ലിനീഷിന് കൂടുതല്‍ പേരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസിന്‍റെ നിഗമനം.