പുഷ്പവതിയാരെന്ന് അറിയാത്തവര്‍ അറിയുക തന്നെ വേണം. കാരണം കേരളത്തിന്റെ സംഗീതചരിത്രത്തില്‍ അങ്ങനെ അറിയാതെ പോകേണ്ട ഒരു പേരല്ല പുഷ്പവതി പൊയ്പാടത്ത്. സംഗീതപ്രേമികളുടെ മനസു കീഴടക്കിയ വേറിട്ട ശബ്ദം. ഹൃദയം തൊടുന്ന ഈണങ്ങളും വരികളും രൂപപ്പെടുത്തിയ സംഗീതജ്ഞ. സമൂഹത്തെയും സംസ്കാരത്തെയും രാഷ്ട്രീയനിലപാടുകളാല്‍ സ്പര്‍ശിച്ച കലാകാരി. നിലവില്‍ സംഗീത നാടക അക്കാദമി ഉപാധ്യക്ഷ.
സിനിമാ കോണ്‍ക്ലേവ് വേദിയില്‍ കണ്ട ഉറച്ചതും വേറിട്ടതുമായ വ്യക്തിത്വമുണ്ട് പുഷ്പവതിയുടെ ശബ്ദത്തിനും നിലപാടുകള്‍ക്കും. പാലക്കാട് ചെമ്പൈ സംഗീത കോളജില്‍ നിന്ന് ഒന്നാം റാങ്കോടെ ഏഴു വര്‍ഷത്തെ സംഗീത പഠനം പൂര്‍ത്തിയാക്കിയ ശേഷം 2000–ത്തിലാണ് സംഗീതമേഖലയില്‍ സജീവമാകുന്നത്. കര്‍ണാടകസംഗീതത്തിലും ഹിന്ദുസ്ഥാനിയിലും ആഴത്തില്‍ പരിശീലനം നേടിയ ഗായിക. നമ്മള്‍ എന്ന സിനിമയിലെ കാത്തു കാത്തൊരു മഴയത്ത് എന്ന ഗാനത്തിലൂടെയാണ് ചലച്ചിത്ര ഗായികയായി തുടക്കം കുറിക്കുന്നത്. ട്രാക്ക് പാടാനെത്തിയ ഗായികയുടെ ശബ്ദമനോഹാരിത തിരിച്ചറിഞ്ഞ സ്രഷ്ട്രാക്കള്‍ സിനിമയിലും അതേ ഗാനം തന്നെ മതിയെന്നു തീരുമാനിക്കുകയായിരുന്നു. സാള്‍ട്ട് ആന്റ് പെപ്പറിലെ ചെമ്പാവിന്‍ പുന്നെല്ലിന്‍ ചോറോ എന്ന ഗാനം, സുലൈഖ മന്‍സിലിലെ പാതി ചിരി ചന്ദ്രികയേ...
ചലച്ചിത്രപ്രേമികള്‍ എന്നും ഹൃദയത്തോടു ചേര്‍ക്കുന്ന പാട്ടുകളിലൂടെ മാത്രമല്ല, ചരിത്രപരവും സാമൂഹികവുമായ പാട്ടുകള്‍ സ്വന്തമായി ഈണം നല്‍കി അവതരിപ്പിച്ചതിലൂടെയാണ് പുഷ്പവതി സാംസ്കാരികരംഗത്ത് സ്വന്തം ഇടം കുറിക്കുന്നത്. ജനങ്ങളുമായി സംവദിക്കുന്നതാകണം സംഗീതമെന്നാണ് ഗായികയുടെ നിലപാട്. മാധവിക്കുട്ടിയുടെ കവിതകള്‍, നാരായണഗുരുവിന്റെ കൃതികള്‍, പൊയ്കയില്‍ അപ്പച്ചന്റെ വരികള്‍, ഖുറാന്റെ സാരസംഗ്രഹം , കബീര്‍ ദാസിന്റെ വരികള്‍ തുടങ്ങി കാലാതീതമായ ദര്‍ശനങ്ങള്‍ അവതരിപ്പിക്കുന്ന വരികളാണ് പുഷ്പവതി സ്വന്തമായി ഈണം നല്‍കി കൂടുതല്‍ ഹൃദയങ്ങളിലേക്ക് എത്തിച്ചത്. രാഷ്ട്രീയവും പ്രതിരോധവും നിറയുന്ന സംഗീതവും വരികളുമാണ് എന്നും തിരഞ്ഞെടുക്കുന്നതും.
മുന്നോട്ടുള്ള യാത്രകളിലെ തടസം മറികടക്കുന്നതാണ് രാഷ്ട്രീയം എന്നുറക്കെപ്പറഞ്ഞാണ് പുഷ്പവതി പാട്ടുകള്‍ക്കപ്പുറത്തും ഉറച്ച ശബ്ദം കേള്‍പ്പിച്ചത്. പ്രതിസന്ധികളുടെ കാലത്തെ ല്‍പനികവല്‍ക്കരിക്കുന്നതിനേക്കാള്‍ ഇച്ഛാശക്തിയെക്കുറിച്ച് ഉറച്ചു സംസാരിക്കുന്ന നിലപാടാണ് ജീവിതത്തിലും. സംഗീതം കേവലം വ്യക്തിപരമോ വൈകാരികമോ അല്ല, സാമൂഹികവും രാഷ്ട്രീയവുമായ കണ്ടെത്തലാണെന്ന തിരിച്ചറിവും ഉറക്കെ പറയും. തൊഴിലിടങ്ങളിലെ ജാതി പരിഗണനകളും കൃത്യമായി ചോദ്യം ചെയ്തു. വിപണി സാധ്യതകള്‍ മാത്രം പരിഗണിക്കുന്ന സംഗീത താല്‍പര്യങ്ങളെയും ചോദ്യം ചെയ്തിട്ടുണ്ട്. ദളിത് ശരീരങ്ങള്‍ നാടന്‍ പാട്ടു മാത്രമാണ് പാടേണ്ടതെന്ന് ആരാണ് തീരുമാനിച്ചതെന്ന പുഷ്പവതിയുടെ ചോദ്യം വളരെ മുന്‍പേ വ്യവസ്ഥകളെ പൊള്ളിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിലും കൃത്യമായ ശബ്ദവും നിലപാടുമുണ്ട്. ഇന്ത്യന്‍ ഭരണഘടനയെ താറുമാറാക്കുന്ന ഏതു രാഷ്ട്രീയത്തെയും പാട്ടിലൂടെയും പറച്ചിലിലൂടെയും പ്രതിരോധിക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞ കരുത്തു കാണിച്ച കലാകാരിയാണ്.
എത്രയെത്ര മതിലുകള്‍ തകര്‍ത്തെറിഞ്ഞ കേരളം
എത്രയെത്ര കതിരുകള്‍ക്ക് വിത്തെറിഞ്ഞ കേരളം ....
എന്നു വെറുതേ പാടി പോകുന്നയാളല്ല പുഷ്പവതി. പ്രതിരോധവും പോരാട്ടവും കലയിലും സ്റ്റേജിലും മാത്രമല്ല, ജീവിതത്തിലും കൊണ്ടു നടക്കുന്ന പോരാളി. അതുകൊണ്ട് പുഷ്പവതി ആരെന്ന് ഇതുവരെയും അറിയില്ലെങ്കില്‍ അറിയുക തന്നെ വേണം.