ranjana-udit

TOPICS COVERED

പ്രശസ്ത പിന്നണി ഗായകൻ ഉദിത് നാരായണനെതിരെ പരാതിയുമായി ആദ്യ ഭാര്യ രഞ്ജന. തന്‍റെ അറിവില്ലാതെ ഗർഭപാത്രം നീക്കം ചെയ്തു എന്നാരോപിച്ചാണ് ബിഹാറിലെ സുപോളിലെ വനിതാ പൊലീസ് സ്റ്റേഷനില്‍ രഞ്ജന പരാതി നല്‍കിയത്. ഉദിത് നാരായണനെ കൂടാതെ അദ്ദേഹത്തിന്‍റെ രണ്ട് സഹോദരന്മാർ, രണ്ടാം ഭാര്യ എന്നിവർക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്. വർഷങ്ങൾക്ക് ശേഷം ചികിത്സയ്ക്കിടെയാണ് താന്‍ ഈ സത്യം അറിഞ്ഞതെന്നും രഞ്ജന പരാതിയില്‍ പറയുന്നു.

1984 ഡിസംബർ 7 നാണ് ഹിന്ദു ആചാര പ്രകാരം ഉദിത് നാരായണനെ വിവാഹം കഴിച്ചതെന്നാണ് രഞ്ജന പറയുന്നത്. പിന്നീട് ചലച്ചിത്രപിന്നണി ഗാനരംഗത്ത്  സജീവമായതോടെ  1985 ൽ ഉദിത് മുംബൈയിലേക്ക് താമസം മാറി. ഈ കാലയളവിൽ ദീപ നാരായണൻ എന്ന മറ്റൊരു സ്ത്രീയെ ഉദിത് വിവാഹം കഴിച്ചതായി താന്‍ മാധ്യമ റിപ്പോർട്ടുകളിലൂടെ അറിഞ്ഞതായും രഞ്ജന പറഞ്ഞു. എന്നാല്‍ ഇക്കാരം ചോദിച്ചപ്പോളെല്ലാം ഉദിത് തന്നെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നാണ് രഞ്ജന പറയുന്നത്.

പിന്നീട് 1996-ൽ വൈദ്യചികിത്സയ്ക്കെന്ന വ്യാജേന ഉദിതും സഹോദരന്മാരായ സഞ്ജയ് കുമാർ ഝായും ലളിത് നാരായൺ ഝായും ചേർന്ന് ഡൽഹിയിലെ ഒരു ആശുപത്രിയില്‍‌ തന്നെ എത്തിച്ചു. അവിടെവച്ച് തന്‍റെ അറിവോ സമ്മതമോ ഇല്ലാതെ ഗർഭപാത്രം നീക്കം ചെയ്തു എന്നും രഞ്ജന ആരോപിക്കുന്നു. ആ സമയത്ത് ദീപ നാരായണും ആശുപത്രിയിൽ ഉണ്ടായിരുന്നുവെന്നാണ് രഞ്ജന പറയുന്നത്.

2006-ൽ മുംബൈ സന്ദർശിച്ചപ്പോൾ ഉദിത്തും ദീപയും ചേര്‍ന്ന് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നും വീട്ടിൽ പ്രവേശിക്കാൻ അനുവദിച്ചില്ലെന്നും രഞ്ജന പറഞ്ഞു. തുടർന്ന് നേപ്പാളിലെ ഉദിത്തിന്‍റെ വീട്ടില്‍ ചെന്നെങ്കിലും അവിടെയും അപമാനിതയായെന്നും തന്നെ അവിടെനിന്ന് ആട്ടിയോടിക്കുകയും ചെയ്തുവെന്നാണ് ആരോപണം. അന്നുമുതൽ, രഞ്ജന സ്വന്തം മാതാപിതാക്കളൊപ്പമണ് താമസിക്കുന്നത്. പിന്നാലെ സുപോളിലെ കുടുംബ കോടതിയെയും വനിതാ കമ്മീഷനെയും സമീപിച്ചെന്നും അവിടെ ഉദിത് തന്നെ ഭാര്യയായി സ്വീകരിച്ച് ഒത്തുതീർപ്പ് കരാർ സമർപ്പിക്കുകയും ചെയ്തതായും രഞ്ജന പറഞ്ഞു. എന്നാൽ, അദ്ദേഹം തന്‍റെ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നും രഞ്ജന ആരോപിച്ചു. പിന്നീട് അസുഖ ബാധിതയായപ്പോള്‍ ചികിത്സയ്ക്കിടെയാണ് ഗർഭപാത്രം നീക്കം ചെയ്തതായി കണ്ടെത്തിയത്. അതിനാലാണ് പുതിയ പരാതി നൽകാൻ തീരുമാനിച്ചതെന്നും രഞ്ജന പറഞ്ഞു.

അതേസമയം, പരാതിയിൽ പരാമർശിച്ചിരിക്കുന്ന സംഭവങ്ങൾക്ക് ഏകദേശം മൂന്ന് പതിറ്റാണ്ട് പഴക്കമുണ്ടെന്നും അന്വേഷിച്ച ശേഷം എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ENGLISH SUMMARY:

Ranjana Narayan, the first wife of veteran singer Udit Narayan, has filed a police complaint in Bihar's Supaul alleging that her uterus was removed without her consent in 1996. The complaint names Udit Narayan, his second wife Deepa Narayan, and his two brothers. Ranjana claims she discovered the truth during a recent medical checkup. She alleges that under the pretext of medical treatment, she was taken to a Delhi hospital where the surgery was performed. The complaint also highlights years of mental and physical harassment, and Udit's failure to honor a previous court-mediated settlement. Supaul police are investigating the decades-old allegations before filing an FIR. Stay updated on the legal proceedings and Udit Narayan’s response to these serious allegations.