എൽഡി ക്ലാർക്ക് റാങ്ക് പട്ടികയിൽ ഉജ്ജ്വല വിജയവുമായി അയ്യന്തോൾ ദേശം പുലികളി സംഘാടകസമിതി പഠന കേന്ദ്രത്തിലെ വിദ്യാർഥികൾ. ജില്ലയിൽ ഒന്നാം റാങ്കടക്കം ആദ്യ 100 റാങ്കിൽ 21 പേരാണ് ഇടം പിടിച്ചത്. വിജയം ആഘോഷമാക്കി പുലികളി സംഘാടകർ.
പുലികളിയിൽ മാത്രമല്ല പഠനത്തിൽ പുലിക്കുട്ടികളെ വാർത്തെടുക്കുന്നതിലും അയ്യന്തോൾ ദേശം പുലികളി സംഘാടകസമിതിയിൽ പുലിക്കുട്ടികളുണ്ടെന്നതിന്‍റെ തെളിവാണിത്. സംഘാടകരുടെ നേതൃത്വത്തിൽ 2017ൽ പിഎസ്‌സി സൗജന്യ കോച്ചിങ് സെന്റർ പ്രവർത്തനം ആരംഭിച്ചു. അന്നു തുടങ്ങിയ വിജയഗാഥയാണ് ഇന്ന് തൃശൂർ ജില്ലയിൽ തുടർച്ചയായി രണ്ടാം തവണയും എൽഡി ക്ലാർക്ക് റാങ്ക് പട്ടികയിൽ ഒന്നാം റാങ്ക് വരെ എത്തിനിൽക്കുന്നത്. മിന്നും വിജയം നേടിയ വിദ്യാർഥികൾക്ക് ലഡുവുമായി പുലിയും കളത്തിലിറങ്ങി. അങ്ങനെ പരിപാടി മൊത്തത്തിൽ കളർ ആയി.
പരീക്ഷയെഴുതിയ 145 പേരിൽ 101 പേരും റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചു. പുലിമടയിൽ പഠനം തികച്ചും സൗജന്യമാണ്. എൽജിഎസ് പരീക്ഷയിലും ജില്ലയിൽ ഒന്നാം റാങ്കടക്കം മികച്ച വിജയം ഇവിടെ പഠിക്കുന്ന വിദ്യാർഥികൾ നേടിയിരുന്നു.