"ഇപ്പോൾ എനിക്ക് മനസിലായി അവർ എന്നെ വഞ്ചിക്കുകയായിരുന്നു." ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്ത ചെന്നൈ സ്വദേശി ഹൈക്കോടതിയിൽ പറഞ്ഞു നിർത്തിയത് ഇങ്ങനെയാണ്. ഭാര്യയെ അപായപ്പെടുത്തി പണം തട്ടാൻ ചിലർ ശ്രമിക്കുന്നുവെന്നായിരുന്നു ഹർജിയിലെ വാദം. എന്നാൽ താൻ ഹർജിക്കാരനെ കല്യാണം കഴിച്ചിട്ടില്ലെന്നാണ് 'കണ്ടുകിട്ടിയ ഭാര്യ' ശ്രദ്ധ ലെനിൻ കോടതിയെ അറിയിച്ചത്.
കാണാതായ ആളെ കണ്ടുകിട്ടിയതോടെ ഹേബിയസ് കോർപ്പസ് ഹർജിയിലെ നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു. എന്നാൽ തന്റെ രണ്ടരക്കോടിയോളം രൂപ ശ്രദ്ധ തട്ടിയെടുത്തിട്ടുണ്ടെന്നും അത് തിരിച്ചു കിട്ടണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. എന്നാൽ ഈ തുക തനിക്ക് ഹർജിക്കാരൻ സ്വമേധയാ നൽകിയതാണെന്നായിരുന്നു ശ്രദ്ധയുടെ വാദം. പണം ലഭിക്കാൻ ഹർജിക്കാരന് നിയമപരമായ വഴികൾ തേടാമെന്ന് ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രനും, എം.ബി സ്നേഹലതയും അടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ഹർജിയിലേക്ക് നയിച്ച കാര്യങ്ങൾ കേട്ടാൽ സൂപ്പർ ഹിറ്റായ സിനിമ പോലും തോറ്റുപോകും. വിവാഹമോചിതർക്കായുള്ള മാട്രിമോണിയൽ വെബ്സൈറ്റ് വഴിയാണ് തമിഴ്നാട് വൈദ്യുതി ബോർഡിൽനിന്ന് ജൂനിയർ എൻജിനീയറായി വിരമിച്ച ചെന്നൈ സ്വദേശിയായ അറുപത്തിമൂന്നുകാരനും, ഗ്വാളിയർ സ്വദേശിയായ നാൽപ്പത്തിനാലുകാരി ശ്രദ്ധയും പരിചയപ്പെടുന്നത്. തുടർന്ന് 2022 ൽ ഇരുവരും വിവാഹിതരായി. പിന്നീട് ഒരുമിച്ചായിരുന്നു താമസം. ശ്രദ്ധയ്ക്ക് കേരളത്തിൽ നിരവധി സുഹൃത്തുക്കളുണ്ട്. ഇവരെ കാണാൻ ഇടയ്ക്കിടെ കേരളത്തിലേക്ക് പോകും. തൃശ്ശൂർ സ്വദേശിയായ ജോസഫ് സ്റ്റീവൻ എന്ന കുടുംബ സുഹൃത്തിനൊപ്പമാണ് താമസിക്കാറുള്ളത്.
ഇക്കഴിഞ്ഞ ജനുവരിയിലും ശ്രദ്ധ കേരളത്തിലേക്ക് പോയി. ഏപ്രിലിൽ കൊച്ചിയിലെ മാളിൽ വച്ചാണ് പിന്നീട് ഹർജിക്കാരൻ ശ്രദ്ധയെ കാണുന്നത്. മെയ് പകുതി വരെ വാട്സ് ആപ്പിലൂടെ സംസാരിച്ചിരുന്നു. പിന്നീട് ശ്രദ്ധയെക്കുറിച്ച് വിവരമൊന്നുമില്ല. ജൂൺ മാസത്തിൽ ഒരു സന്ദേശവും, ചില ചിത്രങ്ങളും ഹർജിക്കാരന് ലഭിച്ചു. അഭിഭാഷകനെന്ന് പരിചയപ്പെടുത്തിയ ജി.എം.റാവുവാണ് ശ്രദ്ധ മരിച്ചെന്ന സന്ദേശവും കല്ലറയുടെ ചിത്രങ്ങളും വാട്സ്ആപ്പിൽ അയച്ചുനൽകിയത്. ശ്രദ്ധ തന്റെ രണ്ടര കോടി രൂപയുടെ വീട് വിൽക്കാൻ തന്നെ ഏൽപ്പിച്ചിട്ടുണ്ടെന്നും, അതിന്റെ ബാധ്യതാ സർട്ടിഫിക്കറ്റിനായി 50 ലക്ഷം രൂപയും ഇയാൾ ആവശ്യപ്പെട്ടു. ഈ പണവും നൽകിയെന്ന് ചെന്നൈ സ്വദേശിയായ ഹർജിക്കാരൻ പറയുന്നു.
തുടർന്ന് കന്യാസ്ത്രീയെന്ന് പരിചയപ്പെടുത്തി സോഫിയ എന്നൊരു സ്ത്രീയിൽ നിന്നും സമാന സന്ദേശം ലഭിച്ചു. 10 ലക്ഷം രൂപയും ഇവർ ആവശ്യപ്പെട്ടു. ഇതോടെ, കാണാതായ ഭാര്യയുടെ ബന്ധുക്കളെ കണ്ടെത്താനായി ഹർജിക്കാരൻ ഗ്വാളിയാറിലെത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. കേരളത്തിലെത്തി പൊലീസിൽ പരാതി നൽകിയിട്ടും ഒന്നും നടന്നില്ല. തുടർന്നാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്.
ഭാര്യയെ ജോസഫ് സ്റ്റീവൻ, സോഫി എന്നിവർ ചേർന്ന് തടവിലാക്കി, തന്നിൽ നിന്ന് പണം അപഹരിക്കാൻ ശ്രമിക്കുന്നു എന്ന് ഹർജിയിലുണ്ടായിരുന്നു. തന്റെ ഭാര്യയുടെ ജീവൻ രക്ഷിക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടു. തുടർന്ന് അടിയന്തരമായി ഇടപെടാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പൊലീസിന് നിർദ്ദേശം നൽകിയത്.
ട്വിസ്റ്റ് വരുന്നു
അന്വേഷണം ആരംഭിച്ച പൊലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. ജോസഫ് സ്റ്റീവനും, അഡ്വ. ജി.എം.റാവുവുമെല്ലാം തൃശൂർ സ്വദേശിയായ ലെനിൻ തമ്പി എന്നയാളാണ്. വിവാഹ സമയത്ത് ശ്രദ്ധ ഹാജരാക്കിയ ആധാർ കാർഡിൽ പറയുന്നത് അവർ ലെനിൻ തമ്പിയുടെ ഭാര്യയാണ് എന്നാണ്. എന്നാൽ വിലാസം ഗ്വാളിയാറിലേതാണ്. സമയം ഒട്ടും വൈകാതെ ലെനിൻ തമ്പിയെ പൊലീസ് പൊക്കി. ഇതോടെ ശ്രദ്ധയെ കുറിച്ചുള്ള വിവരങ്ങൾ മണിമണിയായി പൊലീസിന് ലഭിച്ചു. കൊച്ചി പനമ്പിള്ളി നഗറിൽ ഫാഷൻ സ്റ്റോർ നടത്തുന്നയാളാണ് ശ്രദ്ധ. വൈറ്റിലയിൽ ഫ്ലാറ്റുമുണ്ട്. അന്വേഷണം ശക്തമാക്കിയതോടെ രണ്ട് യുവാക്കൾക്കൊപ്പം ശ്രദ്ധ പൊലീസിന്റെ കയ്യിലെത്തി. തുടർന്ന് ഹൈക്കോടതിയിലും എത്തിച്ചു.
വീണ്ടും ട്വിസ്റ്റ്
കോടതിയിലെത്തിയ ശ്രദ്ധ നൈസായി ചെന്നൈ സ്വദേശിയായ ഹർജിക്കാരനെ മൂന്നുവട്ടം തള്ളിപ്പറഞ്ഞു. ഹർജിക്കാരനെ വിവാഹം കഴിച്ചിട്ടില്ല. സൗഹൃദം മാത്രമാണ് ഉണ്ടായിരുന്നത്. ഇനി യാതൊരു ബന്ധത്തിനും താൽപര്യമില്ല. ഹർജിക്കാരൻ പിന്നാലെ നടന്ന് ശല്യപ്പെടുത്തുന്നത് ഒഴിവാക്കാനായി താൻ മരിച്ചു പോയതായി ഒരു പദ്ധതി തയാറാക്കുകയായിരുന്നുവെന്നും ശ്രദ്ധ വ്യക്തമാക്കി.
ഇതോടെയാണ് താൻ പറ്റിക്കപ്പെടുകയായിരുന്നു എന്ന വിവരം ഹർജിക്കാരൻ അറിയുന്നത്. പലപ്പോഴായി 2.39 കോടി രൂപ ശ്രദ്ധ തട്ടിയെടുത്തതായി ഇയാൾ കോടതിയിൽ പറഞ്ഞു. എന്നാൽ, പണം ഹർജിക്കാരൻ തനിക്ക് സ്വമനസാലെ തന്നുവെന്നായിരുന്നു ശ്രദ്ധയുടെ വാദം. ഇതോടെയാണ് പണം ലഭിക്കാൻ ഹർജിക്കാരന് നിയമപരമായി നീങ്ങാമെന്ന് കോടതി വ്യക്തമാക്കിയത്. നഷ്ടപ്പെട്ട പണം ലഭിക്കാൻ നിയമപരമായി നീങ്ങാനാണ് ഹർജിക്കാരന്റെ തീരുമാനം