താരജോഡിയാണെങ്കിലും 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കലാഭവന്‍ നവാസും രഹ്നയും വീണ്ടും ഒന്നിച്ച് അഭിനയിക്കുന്നത്. ഇരുവരും ദമ്പതികളായി അഭിനയിച്ച ചിത്രമായിരുന്നു ഈഴ. ചിത്രത്തിലെ അഭിനയത്തിന് രഹ്നയ്ക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള ജെ സി ഡാനിയൽ അവാർഡ് ലഭിച്ചിരുന്നു. മരണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് ഈ സന്തോഷം നവാസ് ഫെയ്സ്ബുക്കില്‍ പങ്കുവച്ചിരുന്നു.
ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെ വീണ്ടും രഹ്നയ്ക്കൊരപ്പം ഒന്നിച്ച് അഭിനയിക്കണമെന്ന് കലാഭവന്‍ നവാസ് പറഞ്ഞിരുന്നതായി പിആർഒ ആയ എം.കെ.ഷെജിൻ പറഞ്ഞു. ‘നീലാകാശം നിറയെ’ എന്ന ചിത്രത്തിലാണു നവാസ് ആദ്യമായി നായകനായത്. രഹ്നയായിരുന്നു നായിക. നവാസും രഹ്നയും ആദ്യമായി ഒന്നിച്ചഭിനയിച്ചതും ഈ ചിത്രത്തിലാണ്. 2002ലാണു സിനിമ പുറത്തിറങ്ങിയത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണു നവാസും രഹ്നയും അടുത്തതെന്നും വിവാഹം ചെയ്തതെന്നും നിർമാതാവ് ജോൺ പൂക്കോയി പറഞ്ഞു.
പുതിയ ചിത്രമായ 'പ്രകമ്പന' ത്തിന്‍റെ ഷൂട്ടിങിനായാണ് നവാസ് ചോറ്റാനിക്കരയിലെത്തിയത്. സ്വന്തമായി ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിനിടെയായിരുന്നു നടന്‍റെ അപ്രതീക്ഷിത വിയോഗം.
വെള്ളിയാഴ്ചയിലെ ഷൂട്ട് കഴിഞ്ഞ് നവാസിന് 3-4 ദിവസത്തെ അവധിയുണ്ടായിരുന്നു. വീട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ച നവാസ് മുറിയില്‍ ഫ്രഷ് ആകാന്‍ എത്തിയതായിരുന്നു. ഇതിനിടെ ഹൃദയാഘാതമുണ്ടായി കുഴഞ്ഞു വീഴുകയായിരുന്നു. സമയം വൈകിയിട്ടും ആളെ കാണാത്തതിനാല്‍ ഹോട്ടല്‍ ജീവനക്കാരന്‍ ചെന്ന് നോക്കിയപ്പോഴാണ് നവാസ് മുറിയില്‍ വീണു കിടക്കുന്നത് കണ്ടത്. വാതില്‍ ലോക്ക് ചെയ്തിരുന്നില്ല. ആശുപത്രിയിലെത്തിക്കുമ്പോള്‍ നവാസിന് ജീവനുണ്ടായിരുന്നുവെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞിരുന്നു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നവാസിന് മുന്‍പും ഹൃദയാഘാതമുണ്ടായതിന്‍റെ ലക്ഷണം കണ്ടെത്തിയിരുന്നു. നവാസിന് വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ ഹൃദയാഘാതമുണ്ടായെന്നാണ് പോസ്റ്റ്മോര്‍ട്ടത്തിലെ സൂചന. നെഞ്ചുവേദന വന്ന് ഹോട്ടല്‍ മുറിക്ക് പുറത്തേക്കിറങ്ങി ആരുടെയെങ്കിലും സഹായം തേടാന്‍ ശ്രമിക്കുന്നതിനിടെയാണ് നവാസ് കുഴഞ്ഞുവീണതെന്നാണ് നിഗമനം. ഹോട്ടല്‍ മുറിയുടെ വാതിലിനോട് ചേര്‍ന്നാണ് നവാസ് വീണ് കിടന്നിരുന്നത്.