മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ അനുമതി പത്രം ഹാജരാക്കാത്ത കൊച്ചിയിലെ ഫ്ലാറ്റുകളിലെ വൈദ്യുതി വിച്ഛേദിക്കുമെന്ന നോട്ടിസിനെതിരെ ഫ്ലാറ്റ് അസോസിയേഷനുകൾ ഹൈക്കോടതിയെ സമീപിക്കും. മലിന ജല ശുദ്ധീകരണ പ്ലാൻ്റ് വേണമെന്ന ചട്ടം നേരത്തെയില്ലായിരുന്നുവെന്നും ഉടൻ നടപ്പാക്കുക പ്രായോഗികമല്ലെന്നുമാണ് അസോസിയേഷനുകളുടെ നിലപാട്. എന്നാൽ ഒരുവർഷം മുൻപേ ഫ്ലാറ്റുടമകൾക്ക് പ്ലാൻ്റുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നോട്ടിസ് നൽകിയിരുന്നുവെന്നാണ് നഗരസഭയുടെ വാദം.
മലിന ജല ശുദ്ധീകരണ പ്ലാൻ്റുകൾ ഇല്ലാത്ത കൊച്ചിയിലെ 71 ഫ്ലാറ്റുകൾക്കാണ് കെഎസ്ഇബി നോട്ടിസ് നൽകിയത്. ഏഴു ദിവസത്തിനകം പ്ലാന്റുകൾ സ്ഥാപിച്ച് മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ അനുമതിപത്രം ഹാജരാക്കിയില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കുമെന്നാണ് നോട്ടിസ്. അനുമതി പത്രമില്ലെങ്കിൽ ഒക്യുപൻസി സർട്ടിഫിക്കറ്റ് റദ്ദാക്കുമെന്ന നോട്ടിസ് ഒരുവർഷം മുൻപ് തന്നെ നൽകിയിരുന്നുവെന്നാണ് നഗരസഭയുടെ വാദം.
2010ലാണ് 21500 ചതുരശ്രയടിയിൽ കൂടുതൽ വിസ്തീകരണമുള്ള കെട്ടിടങ്ങൾക്ക് മലിന ജല ശുദ്ധീകരണ പ്ലാൻ്റുകൾ നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് ഇറങ്ങുന്നത്. ഇതിന് മുൻപ് നിർമ്മിച്ച ഫ്ലാറ്റുകൾക്ക് ഇത് ബാധകമല്ലെന്നും ഉടൻ നടപ്പാക്കുക പ്രായോഗികമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഫ്ലാറ്റ് അസോസിയേഷനുകൾ സംയുക്തമായി ഹൈക്കോടതിയെ സമീപിക്കുന്നത്.
മലിന ജല ശുദ്ധീകരണ പ്ലാൻ്റ് സ്ഥാപിക്കാൻ 30 ലക്ഷം രൂപയോളം ചെലവു വരും. പഴക്കം ചെന്ന ഫ്ലാറ്റുകളിൽ പ്ലാന്റ് നിർമ്മാണത്തിനുള്ള സ്ഥലപരിമിതിയടക്കമുള്ള പ്രശ്നങ്ങൾ ഉന്നയിക്കാനാണ് ഫ്ലാറ്റ് അസോസിയേഷനുകളുടെ തീരുമാനം.