Untitled design - 1

അപ്രതീക്ഷിത വിയോഗങ്ങള്‍ നികത്താന്‍ ആകാത്തതാണ്. ഒരുപക്ഷെ, നമ്മെ ചിരിപ്പിച്ച, നമ്മുടെ ബാല്യത്തെ വിസ്മയിപ്പിച്ച, അല്‍ഭുതപ്പെടുത്തിയ കലാകാരന്മാരുടെ വിടവ് ഒരു കുടുംബാംഗം പോയ പിടപ്പാണ് നല്‍കുക. നവാസിന്റെ വിയോഗവും അങ്ങനെ തന്നെ. നവാസിന്റെയും സഹോദരന്‍ നിയാസിന്റെയും പ്രകടനംകണ്ട് അമ്പരന്ന പലരുമുണ്ടെങ്കിലും പിതാവ് അബൂബക്കര്‍ വേറിട്ട അഭിനയപ്രതിഭയായിരുന്നു. വടക്കാഞ്ചേരിയിലെ നാടന്‍ കലാസമിതികളിലൂടെ അദ്ദേഹം അഭിനയം വാര്‍ത്തെടുത്തു. 

1968ലെ പോക്കറ്റ് ലാമ്പ് എന്ന നാടകം ശ്രദ്ധ നേടി. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ അദ്ദേഹം നമ്മെ അതിശയിപ്പിച്ചു. ദ്വീപ്, അഗ്നി,കേളി,വളയം, ഭൂമിഗീതം, സല്ലാപം എന്നീ ചിത്രങ്ങളുണ്ടെങ്കിലും വാല്‍സല്യത്തിലെ കുഞ്ഞമ്മാവ‍ന്‍ വേറിട്ടുനിന്നു. വീട്ടിലെ ദാരിദ്ര്യം കലയ്ക്ക് ഒരു തടസമായില്ല. കലാരംഗത്തോടുള്ള മക്കളുടെ താല്‍പര്യത്തിന് ബാപ്പ മൗനാനുവാദം നല്‍കി. ബാപ്പ പറഞ്ഞ പല കഥകളും നവാസും നിയാസും സ്കിറ്റുകളാക്കി. അവ കുറേനാള്‍ ഹൃദയങ്ങളെ കീഴടക്കി.

പക്ഷെ, അച്ഛന്റെ പാരമ്പര്യം പറഞ്ഞുനടക്കാതെയായിരുന്നു നവാസിന്റെ കലാരംഗത്തേക്കുള്ള എന്‍ട്രി.കലാകാരന്മാര്‍ അടക്കിവാണ കലാഭവനില്‍ ആ കൊച്ചുമിടുക്കനുമെത്തി. കലയുടെ ശിഖരങ്ങളില്‍ പൂക്കളുമായി അവന്‍ പിന്നീട് പടര്‍ന്നുപന്തലിച്ചു.അകലെയകലെ നീലാകാശം എന്ന് പാടുമ്പോള്‍ ദാസേട്ടന്റെ ഘനഗംഭീരമായ ശബ്ദത്തിന്റെ അനുകരണം സുന്ദരമാക്കുന്നതിനൊപ്പം ജാനകിയമ്മയുടെ തേന്‍നാദവും നമുക്ക് നല്‍കി.

ഒരേസമയം, അയാള്‍ അസാധ്യഗായകനും അനുകരണ കലാകാരനുമായി.1995ല്‍ വേദിയില്‍ നിന്ന് സിനിമയിലേക്ക് പറന്നു. ജയന്‍ അടിയാട്ട് സംവിധാനം ചെയ്ത ചൈതന്യം ആദ്യചിത്രമായി. പക്ഷെ, നവാസിനെ അടയാളപ്പെടുത്തിയത് അതേവര്‍ഷം പുറത്തിറങ്ങിയ മിമിക്സ് ആക്ഷന്‍ 500 ആയിരുന്നു. 38 മിമിക്രി കലാകാരന്മാര്‍ക്കൊപ്പം നവാസും നിറഞ്ഞാടി. കൊടകര,കൊടകര എന്ന് അനുകരണത്തോടെ പറഞ്ഞപ്പോള്‍ അതൊരു ചരിത്രനിമിഷമാകുമെന്ന് നവാസ് പോലും ആലോചിച്ചിട്ടുണ്ടാകില്ല.  

ഈ ഒറ്റ സീനുകൊണ്ട് ആ സ്ഥലത്തിന് കിട്ടിയ എലവേഷന്‍ ചില്ലറയല്ല. ജൂനിയര്‍ മാന്‍ഡ്രേക്കില്‍ ജഗദീഷിനൊപ്പം അയാള്‍ ഒരു ഹീറോ മെറ്റീരിയലാണെന്ന് തെളിയിച്ചു.  ഏതും തനിക്ക് വഴങ്ങുമെന്ന് മനസിലാക്കി തന്നു. മാട്ടുപ്പെട്ടി മച്ചാനില്‍ ആ ഗ്രാഫ് ഉയര്‍ന്നു. പ്രണയത്തിലും വേഷം മാറലിലും നിസഹായനായി അയാള്‍ സ്ക്രീനില്‍ ഉരുകിനിന്നു. നവാസിന്റെ കാലിബര്‍ ഓരോ സീനിലും എടുത്തുനിന്നു. ടൈമിങ് വച്ചുള്ള കോമഡികള്‍ കയ്യടി നേടി. നവാസിന്റെ ടൈമിങ് പിന്നീട് നമ്മെ ഞെട്ടിച്ചത് മൈ ഡിയര്‍ കരടിയിലാണ്.  ബൈജു അവതരിപ്പിച്ച രാജപ്പന്റെ ഉറ്റ സുഹൃത്തായ അപ്പുക്കുട്ടന്‍. തീര്‍ത്തും ഓവറായാല്‍ പാളിപ്പോകുന്ന ഒരു അപ്സേഡ് കഥാപാത്രം. അംബാസഡര്‍ കാറും 

മാരുതിയും കൂട്ടിയിടിക്കാന്‍ വരുന്ന കഥയില്‍ നിന്ന് കാറിന്റെ വിലയിലേക്കും രൂപയുടെ മൂല്യശോഷണത്തിലേക്കും ഇംഗ്ലീഷിലെ അക്ഷരങ്ങളുടെ എണ്ണത്തിലേക്കും മാസത്തിലെ മുപ്പത് ദിവസങ്ങളിലേക്കുമൊക്കെ ഒരു ട്രപ്പീസുകളിക്കാരന്റെ മെയ്‍വഴക്കത്തോടെ അയാള്‍ തെന്നിമാറും. അന്തിച്ച മുഖത്തോടെ അയാളെ പിന്നീട് ജനംകണ്ടുകൊണ്ടേയിരുന്നു. ചന്ദാമാമയിലെ യുവാക്കളുടെ കൂട്ടത്തിലും നവാസ് വേറിട്ടുനിന്നു. അഭിനയത്തിന്റെ ഒപ്പം തന്നെ നടി രഹ്നയുമായി പ്രണയത്തിലാകുകയും ചെയ്തു. ഒരുമിച്ച് സിനിമകള്‍ ചെയ്തു .പിന്നെ പിന്നെ നവാസ്, സിനിമയുടെ പകിട്ടില്‍ നിന്ന് മായാന്‍ തുടങ്ങി. 

ഇടയ്ക്ക് വന്നുപോകുന്ന അതിഥിയായി മാറി. പക്ഷെ, നവാസ് എല്ലാവര്‍ക്കും വീട്ടിലെ അംഗം തന്നെയായിരുന്നു. ചട്ടമ്പിനാട്ടില്‍ മമ്മൂട്ടിയുടെ കൂടെനിന്നു. ബഹുമുഖപ്രതിഭയായത് കൊണ്ട് തന്നെ ഏത് തലത്തിലും നവാസിനെ ഉപയോഗപ്പെടുത്താന്‍ സാധിച്ചു. അവതരണത്തില്‍ ഒരു കൈ നോക്കി, അതും കയ്യടി നേടി..എവിടെ നവാസുണ്ടോ അവിടെ ആളുകൂടി, അയാള്‍ മിമിക്രിയിലെ അപ്ഡേറ്റഡ് വേര്‍ഷനാകാന്‍ പരിശ്രമിച്ചു. ക്യാമറയ്ക്ക് മുന്നിലെത്തുമ്പോഴെല്ലാം നവാസിന് കാണിക്കാനും ഒരു പുതിയ ഐറ്റം കാണുമായിരുന്നു. കാണുന്ന സമയം മുതല്‍ മരണസമയം വരെയും അയാള്‍ നമ്മുടെ ഇടയിലെ കൂട്ടുകാരനായി നിന്നു. അതേ ചെറുപ്പത്തോടെ.

സഹോദരന്‍ നിയാസിനൊപ്പം ചിരിച്ചുല്ലസിച്ച് കഥകള്‍ പറഞ്ഞു. നവാസിനെ കാണുന്നതെപ്പോഴും മലയാളിക്ക് ചിരിയായി മാറി. ഗായകനായും ടെലിവിഷന്‍ അവതാരകനായും തിളങ്ങി നിന്നപ്പോഴും നവാസിനെ സ്നേഹിച്ചവര്‍ അയാളെ തിയറ്ററില്‍ കാണാന്‍ കൊതിച്ചു. അണ്ടര്‍ റേറ്റഡ് പെര്‍ഫോമര്‍ എന്ന് വിളിച്ചു. ആരോഗ്യം നോക്കിയിരുന്ന, ദുശ്ലീലങ്ങളൊന്നും ഇല്ലാത്ത നവാസിന്റെ വേര്‍പാടില്‍ അതുകൊണ്ട് തന്നെ ഓരോ മലയാളിയും ദുഖത്തിലാണ്ടു. സൗഹൃദം കാത്തുസൂക്ഷിച്ച നവാസിനെ കൂട്ടുകാര്‍ അവസാനമായി കാണാന്‍ പൊതിഞ്ഞു. അതെ, അയാള്‍ നമ്മുടെ സഹോദരന്‍ കൂടിയായിരുന്നു.. അവതരണവും പാട്ടുമായി നവാസ് നമ്മെ ആസ്വദിപ്പിച്ചുകൊണ്ടേയിരുന്നു. 

അയാളിലെ തഴക്കം വന്ന കലാകാരന് ഒരു മാറ്റവും വന്നില്ല. 2021ന് ശേഷം അയാള്‍ ക്യാമറയ്ക്ക് മുന്നിലേക്ക് പിന്നെയും എത്തി. പഴയതിലും ആവേശത്തില്‍. സിനിമയില്‍ ഇനി അയാളുടെ കാലമെന്ന ബോധ്യം അയാളിലേക്ക് എത്തിയപോലെ.  അത്രമേല്‍ സിനിമയിലെ ഓരോ ചലനങ്ങളും അയാള്‍ ഇഷ്ടപ്പെട്ടിരുന്നു. ലൂയിസ് എന്ന ചിത്രത്തില്‍ പാട്ടിന്റെ ഓളം തീര്‍ത്തു. സജീവമായപ്പോള്‍ നവാസിനായി കാത്തിരുന്നത് ഒരുപിടി നല്ല ചിത്രങ്ങളാണ്. ഒരു അന്വേഷണത്തിന്റെ തുടക്കം എന്ന ചിത്രത്തില്‍ മികച്ചവേഷം. ആദ്യമായി തമിഴില്‍ അഭിനയിച്ചു. മിമിക്രി സ്കിറ്റ് വേദികളില്‍ വീണ്ടും നിറസാന്നിധ്യമായി. അടുത്തകാലത്തെ സിനിമകളില്‍ ഏറ്റവും ഇഴയടുപ്പം അത് ഇഴ ചിത്രം തന്നെയാകും. അതിന് കാരണവുമുണ്ട്, ഭാര്യ രഹ്ന കുറേ നാളുകള്‍ക്ക് ശേഷം തന്റെ നായികയായ ചിത്രം. സിറാജ് റെസയുടെ ചിത്രം എല്ലാവരും ഏറ്റെടുത്തു. നിരൂപക പ്രശംസ നേടി. 

2024ലെ മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രമായി ഇഴ മാറി.അടുത്തനാളിറങ്ങിയ ഡിറ്റക്ടീവ് ഉജ്വലന്‍ കണ്ട പലരും നവാസിനെ കണ്ട് അമ്പരന്നു. ലുക്ക് കൊണ്ടും പെര്‍ഫോമന്‍സ് കൊണ്ടും ഞെട്ടിച്ചു. രൂപത്തിലും ഭാവത്തിലും നവാസ് ഉടച്ചുവാര്‍ക്കുകയായിരുന്നു. 

നല്ലൊരു കരിയര്‍ ചേഞ്ച് എന്ന് എല്ലാവരും ഏറ്റു പറഞ്ഞു. പാട്ടിലും താന്‍ മാറിയില്ലെന്ന് വീണ്ടും കാണിച്ചു. ഗണപതി ചിത്രം പ്രകമ്പനം പൂര്‍ത്തിയാക്കി പാക്കപ്പ് ദിവസം എല്ലാവരോടും യാത്ര പറഞ്ഞാണ് നവാസ് പോയത്. ആ വിടപറച്ചില്‍ ഒരുപക്ഷെ, കലാകാരനെന്ന നിലയിലെ വിടവ് അറിയിച്ചുകൊണ്ടുകൂടിയാണ്. ആസിഫ് ചിത്രം ടിക്കി ടാക്കയില്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നു നവാസിന്. അയാളുടെ ശീലങ്ങളെ തന്നെ മാറ്റി പുതുവേഗവും ഗതിമാറ്റവും അയാള്‍ മുന്നേ കണ്ടു.

അപ്ഡേറ്റാകാന്‍ നവാസിന് മടിയില്ലായിരുന്നു. അതുകൊണ്ടുതന്നെ അയാളിലെ പെര്‍ഫോമറെ മനസിലാക്കിയ പ്രേക്ഷകന് ഇതൊരു വേദനയാണ്. അയാളുടെ കാലമാകും മുന്‍പേ കടന്നുപോയതിന് അവര്‍ക്ക് തീരാദുഖമാണ്. മണിയും അഭിയും പോയിടത്തേക്ക് നവാസും പോകുകയാണ്. വേദികളെ കണ്ട് നമ്മള്‍ കയ്യടിച്ച ആ താരകങ്ങള്‍ തിളങ്ങുക ഇനി ഓര്‍മകളില്‍ മാത്രമാണ്. 

ENGLISH SUMMARY:

Bright Roles Awaited Kalabhavan Navas Before His Sudden Demise