ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധത്തിൽ പരിഹാസവുമായി ഓർത്തഡോക്സ് സഭ തൃശൂർ മെത്രാപ്പോലീത്ത യൂഹാനോൻ മാർ മിലിത്തിയോസ്. എന്തിനാണ് പ്രതിഷേധിക്കുന്നതെന്നും അടുത്ത പെരുന്നാളിന് ഒന്നുകൂടി ഡൽഹിയിൽ വിളിച്ച് ആദരിച്ചാൽ പോരെ എന്നും യൂഹാനോൻ മാർ മിലിത്തിയോസ് ഫേസ്ബുക്കിൽ കുറിച്ചു. കന്യാസ്ത്രീകളുടെ അറസ്റ്റിൽ വ്യാപക പ്രതിഷേധം എന്ന പത്രവാർത്ത പങ്കുവെച്ചായിരുന്നു പ്രതികരണം.
‘എന്തിനാ പ്രതിഷേധിക്കുന്നെ, അടുത്ത പെരുന്നാളിനു ഡൽഹിയിൽ ഒന്നുകൂടെ വിളിച്ച് ആദരിച്ചാൽ പോരേ?’ മെത്രാപ്പോലീത്ത കുറിച്ചു. അതേസമയം ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരെ വിമർശിച്ച് മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തി. "ബി.ജെ.പി.യുടെ മനസ്സിലിരുപ്പ് തിരുമേനിമാർക്ക് ബോധ്യപ്പെടേണ്ടേ?" എന്ന് അദ്ദേഹം ചോദിച്ചു. "തിരുമേനിമാർക്ക് മോദിയോട് പരാതിപ്പെടാൻ ധൈര്യമില്ലേ? തിരുമേനിമാർ ആരും പ്രതിഷേധിച്ചുപോലും കണ്ടില്ല," ശിവൻകുട്ടി കുറ്റപ്പെടുത്തി. "പാവപ്പെട്ട ക്രിസ്ത്യാനികൾ അനുഭവിക്കട്ടെ എന്നാകും നിലപാട്. സഭാ മേലധ്യക്ഷന്മാർക്ക് അവരുടെ സ്ഥാനങ്ങൾ ഉറപ്പിക്കാനാണ് ശ്രദ്ധയെന്നും ശിവൻകുട്ടി വിമർശിച്ചു.
ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കുടുംബം ആരോപിച്ചു. ഒപ്പമുണ്ടായിരുന്ന കുട്ടികൾ ക്രിസ്ത്യാനികളാണെന്നും, മാതാപിതാക്കളുടെ പൂർണ അനുവാദത്തോടെയാണ് കുട്ടികൾ പോയതെന്നും സിസ്റ്റർ പ്രീതിയുടെ കുടുംബം മനോരമ ന്യൂസിനോട് പറഞ്ഞു. ഇത് മനസ്സിലായതോടെ ബജ്റംഗ്ദൾ നിലപാട് മാറ്റുകയായിരുന്നുവെന്നും കുടുംബം പറഞ്ഞു.