യുവാവ് സഹോദരിയെ കൊലപ്പെടുത്തി കൈകാലുകൾ ഒടിച്ച്, 70 കിലോമീറ്റർ അകലെ ഉപേക്ഷിച്ചു. ഗോരഖ്‌പൂരിലാണ് അതിക്രൂരമായ കൊലപാതകം നടന്നത്ത്. ബുധനാഴ്ച രാത്രി വൈകിയാണ് കുശിനഗർ ജില്ലയിൽ നിന്ന് മൃതദേഹം കണ്ടെടുത്തത്. പ്രതി കുറ്റസമ്മതം നടത്തിയെന്ന് പൊലീസ് അറിയിച്ചു.
റോഡ് പദ്ധതിക്കായി സ്ഥലം ഏറ്റെടുത്തതിനെത്തുടർന്ന് അച്ഛൻ ചിങ്കു നിഷാദിന് ലഭിച്ച 5 ലക്ഷം രൂപയുടെ നഷ്ടപരിഹാരത്തെച്ചൊല്ലിയുള്ള തർക്കമാണ് 32 വയസ്സുകാരനായ രാം ആശിഷ് നിഷാദ് 19 വയസ്സുള്ള സഹോദരി നീലമിനെ കൊലപ്പെടുത്താൻ കാരണം. നഷ്ടപരിഹാരത്തുക നീലമിന്റെ വിവാഹത്തിനായി ഉപയോഗിക്കാൻ ചിങ്കു പദ്ധതിയിട്ടിരുന്നു. ഇതിൽ രാം അസ്വസ്ഥനാവുകയും പണത്തിൽ ഓഹരി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഒക്ടോബർ 27-ന് മറ്റ് കുടുംബാംഗങ്ങൾ വീട്ടിലില്ലാതിരുന്ന സമയത്ത് രാം വീട്ടിലെത്തി. ഒരു തുണികൊണ്ട് നീലമിനെ കഴുത്തുഞെരിച്ച് കൊന്ന ശേഷം അവളുടെ കൈകാലുകൾ ഒടിച്ചു. ശേഷം, മൃതദേഹം ഒരു ചാക്കിലാക്കി ബൈക്കിൽ കെട്ടിവെച്ച് കുശിനഗറിലെ ഒരു കരിമ്പിൻ തോട്ടത്തിൽ ഉപേക്ഷിച്ചു.
രാം ഒരു വലിയ ചാക്കുമായി പോകുന്നത് കണ്ടുവെന്ന് അയൽക്കാർ പറഞ്ഞതിനെത്തുടർന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷത്തിനൊടുവിലാണ് കൊലപാതകം തെളിഞ്ഞത്. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിൽ രാം കുറ്റം സമ്മതിച്ചു. തോട്ടത്തിൽ നിന്ന് നീലമിന്റെ അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെടുത്തു. മകന്റെ ഭാര്യക്കും കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന മാതാപിതാക്കൾ മകന് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.