കുളിമുറിയിലെ വാട്ടർ ഹീറ്ററിൽനിന്നുണ്ടായ വാതകച്ചോർച്ചയിൽ സഹോദരിമാരായ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം. മൈസൂരുവിൽ ശനിയാഴ്ച രാവിലെയാണ് അപകടം. ഗുൽഫം, സിമ്രാൻ താജ് എന്നിവരാണ് മരിച്ചത്. സഹോദരിമാർ ഒരുമിച്ച് കുളിമുറിയിൽ കയറിയതായിരുന്നു.
ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചിറങ്ങാത്തത് ശ്രദ്ധയിൽപ്പെട്ട യുവതികളുടെ പിതാവ് അൽത്താഫ് വാതിൽ തള്ളിത്തുറന്ന് ഉള്ളിൽക്കയറി നോക്കിയപ്പോഴാണ് അപകടം പറ്റിയത് മനസ്സിലായത്.
സഹോദരിമാർ അബോധാവസ്ഥയിൽ വീണുകിടക്കുകയായിരുന്നു. ഉടൻ രണ്ടുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാട്ടർ ഹീറ്ററിൽനിന്ന് വാതകം ചോർന്നെങ്കിലും തീ പടർന്നില്ല. മൈസൂരു പോലീസ് കേസെടുത്തു.