കുറെ ആണികൾ കൈയിലുണ്ട്. പിന്നെ കുറച്ചു നൂലും. ഇതൊക്കെ നമ്മുടെ കൈയിൽ കിട്ടിയാൽ ഒന്നുകിൽ വലിച്ചെറിയും. അല്ലെങ്കിൽ ഏതെങ്കിലും മൂലയിലിടും. എന്നാൽ തൃശൂരിലെ ഒരു സംഘം യുവാക്കൾ ഇതുമാത്രം ഉപയോഗിച്ച് പള്ളിപ്പെരുന്നാളിന് മാതാവിന്‍റെ ചിത്രം സൃഷ്ടിച്ചെടുത്തു. ഒന്നാന്തരമൊരു ശില്പം പോലെ. 

പതിനയ്യായിരം മീറ്റർ നൂലും മുന്നൂറ് ആണിയും ചേര്‍ത്താണ് ഇവര്‍ മാതാവിനെ ഒരുക്കിയത്. സെന്‍റ് ആൻസ് ചർച്ച് വെസ്റ്റ് ഫോർട്ടിൽ ഊട്ടു തിരുനാളിന് എന്തെങ്കിലും ഞങ്ങളുടെ വകയായി വേണമെന്ന പള്ളിയിലെ യുവാക്കളുടെ ആഗ്രഹസാഫല്യമാണിത്. ഒരാളുടെ മനസ്സിൽ തോന്നിയ ഐഡിയ ആണ് ത്രെഡ് ആർട്ട്. എല്ലാവരും കൂടെ കട്ടയ്ക്ക് നിന്നതോടെ സംഭവം കളറായി. പ്ലൈവുഡിൽ 300 ആണികൾ അടിച്ച് 15,000 മീറ്റർ നൂൽ കൊണ്ട് കോർത്തിണക്കി 5000 വരകൾ പിറവിയെടുത്തു. അങ്ങനെ മാതാവിന്‍റെയും അമ്മ അന്നയുടെയും ചിത്രമായി. സംഭവം ആര് കണ്ടാലും ഒന്ന് നോക്കി പോകും.

എട്ടടി വലിപ്പത്തിലാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. അടുത്ത പള്ളിപ്പെരുന്നാളിന് വലിപ്പം കുറച്ചു കൂടി കൂട്ടി വേറൊരു ചിത്രം ഉണ്ടാക്കി ഗിന്നസ് റെക്കോർഡ് നേടണമെന്നാണ് ഇവരുടെ ആഗ്രഹം. പള്ളിയിലെ കെസിവൈഎം സംഘടനയിലുള്ള അൻപതിലേറെ യുവജനങ്ങളുടെ ഒരാഴ്ചയോളമായുള്ള കഷ്ടപ്പാടിന്‍റെ ഫലമാണ് ഈ ചിത്രം.

ENGLISH SUMMARY:

A few nails and some thread — things most of us would either toss aside or push into a corner. But a group of youngsters in Thrissur used just these simple materials to craft an extraordinary portrait of Mother Mary for the parish festival. The result is nothing short of a masterpiece, resembling a sculptural artwork in its detail and beauty.