ചാലക്കുടി പുഴ നീന്തിത്തോറ്റു കൊമ്പൻ മടങ്ങി. ഒഴുക്കിനെ മറികടന്ന് പുഴ കടന്ന് പോകാൻ കാട്ടാനയ്ക്ക് ആയില്ല. പുഴയിൽ കുടുങ്ങിയതിന്‍റെ ഡ്രോൺ ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു.
കഴിഞ്ഞദിവസം പുഴ കടന്ന് എണ്ണപ്പന തോട്ടത്തി വന്നതാണ് കൊമ്പൻ. എന്നാൽ ഇന്നലെ രാവിലെ തിരിച്ചു പോകാൻ നോക്കിയപ്പോൾ പുഴയിൽ വന്നപ്പോൾ ഇല്ലാത്തത്ര വെള്ളം. മുന്നോട്ടുവെച്ച കാല് പിന്നോട്ട് വെക്കാൻ കൊമ്പൻ തയ്യാറായില്ല ഒന്ന് ട്രൈ ചെയ്യാം എന്ന് വിചാരിച്ചു. എന്നാൽ അവൻറെ ഹുങ്ക് ചാലക്കുടിപ്പുഴക്ക് അത്ര ദഹിച്ചില്ല.
പുഴയ്ക്ക് നടുവിലെ തുരുത്ത് വരെ എങ്ങനെയോ എത്തി. തോറ്റുകൊടുക്കാൻ കൊമ്പൻ തയ്യാറല്ലായിരുന്നു. ഒഴുക്ക് കുറഞ്ഞ ഭാഗത്തുകൂടിയൊക്കെ നല്ല രീതിയിൽ പരിശ്രമിച്ചു പുഴ വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു. ഇനി പരിശ്രമിച്ചിട്ട് കാര്യമില്ലെന്ന് ആനയ്ക്ക് മനസ്സിലായി. അതോടെ ആന പിൻവാങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ പെരിങ്ങൽകുത്ത് ഡാം തുറന്നു വിട്ടതാണ് ആനയുടെ വഴിമുടക്കാൻ കാരണമായത്. ഇറങ്ങിയ സ്ഥലത്ത് തന്നെ തിരിച്ചു വന്ന കൊമ്പൻ ആനമല റോഡ് കടന്ന് പിള്ളപ്പാറ പ്രദേശത്തെ വനത്തിലേക്ക് യാത്ര തിരിച്ചു.