ഇനിയെങ്കിലും സഖാവ് വിഎസ് അച്യു താനന്ദനെ പാർട്ടി വേദിയിൽ വച്ച് അവഹേളിച്ചവരേക്കുറിച്ചുള്ള യഥാർത്ഥ വസ്തുത സിപിഎം നേതൃത്വം തുറന്നുപറയണമെന്ന് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. മരണാനന്തരമെങ്കിലും ആ നീതി സിപിഎം എന്ന പാർട്ടി ആ ജനനേതാവിനോട് കാണിക്കണമെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
വിഎസിനെ ക്യാപിറ്റൽ പണിഷ്മെന്റിന് വിധേയനാക്കണമെന്ന് "നന്നായി സംസാരിക്കുന്ന ഒരു യുവനേതാവ്" പറഞ്ഞതായാണ് വിഎസിന്റെ ഏറ്റവും അടുപ്പക്കാരനായിരുന്ന മുതിർന്ന നേതാവ് പിരപ്പൻകോട് മുരളി ഇക്കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ഇന്നിപ്പോൾ വിഎസിനോട് വൈകാരിക അടുപ്പമുണ്ടായിരുന്ന മറ്റൊരു പ്രമുഖ നേതാവ് സുരേഷ് കുറുപ്പ് പറയുന്നത് വിഎസിനെ ക്യാപ്പിറ്റൽ പണിഷ്മെന്റിന് വിധിക്കണമെന്നാവശ്യപ്പെട്ടത് "ഒരു കൊച്ചു പെൺകുട്ടി"യാണ് എന്നാണ്.
ക്യാപ്പിറ്റൽ പണിഷ്മെന്റ് എന്ന പ്രയോഗം യുവ പുരുഷ നേതാവിൽ നിന്നാണോ യുവ വനിതാ നേതാവിൽ നിന്നാണോ ഉണ്ടായത് എന്നതിൽ മാത്രമാണ് ഇനി കൺഫ്യൂഷൻ ബാക്കിയുള്ളത്. ഇനി രണ്ട് പേരും അങ്ങനെ പറഞ്ഞോ എന്നുമറിയില്ല. ക്യാപ്പിറ്റൽ പണിഷ്മെന്റ് നൽകണമെന്ന് ഒരാളും അത് കൊറിയൻ മോഡലിൽ വേട്ടപ്പട്ടികൾക്ക് എറിഞ്ഞുകൊടുത്തുകൊണ്ട് വേണമെന്ന് അടുത്തയാളും പറഞ്ഞതാവാനും സാധ്യതയുണ്ട്. കാരണം, തൊട്ടടുത്ത ദിവസം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന പൊതുയോഗത്തിൽ വച്ച് വിഎസ് തന്നെ ഈ ക്യാപ്പിറ്റൽ പണിഷ്മെന്റ് പരാമർശത്തോട് മറുപടി പറഞ്ഞതായി പിരപ്പൻകോട് മുരളി ചൂണ്ടിക്കാട്ടുന്നുണ്ട്.
ഏതായാലും പിരപ്പൻകോട് മുരളി എംവി ഗോവിന്ദനോട് നിർദ്ദേശിച്ച രീതിയിൽ അന്നത്തെ സമ്മേളന നടപടികളുടെ മിനുട്ട്സ് വെളിപ്പെടുത്തി ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ സിപിഎം നേതൃത്വം തയ്യാറാവണം. അല്ലാതെ കണ്ണും പൂട്ടിയുള്ള നിഷേധങ്ങൾ കൊണ്ട് മാത്രം കാര്യമില്ല. കാരണം, സുരേഷ് കുറുപ്പും പിരപ്പൻകോട് മുരളിയും സാമാന്യത്തിലധികം വിശ്വാസ്യതയുള്ള രണ്ട് പ്രധാന സിപിഎം നേതാക്കളാണ്. എംവി ഗോവിന്ദനേക്കാൾ ഇവരെ വിശ്വസിക്കുന്നയാളുകളാണ് പൊതുസമൂഹത്തിലും ഒരുപക്ഷേ സിപിഎമ്മിനകത്ത് പോലും ഉണ്ടാവുകയെന്നും അദ്ദേഹം വ്യക്തമാക്കി.