വി.എസ്. അച്യുതാനന്ദന് ലഭിച്ച പത്മവിഭൂഷണ്‍ പുരസ്ക്കാരം സ്വീകരിക്കുന്നതില്‍ സിപിഎമ്മില്‍ ആശയകുഴപ്പം. പുരസ്കാരം കുടുംബം സ്വീകരിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നിലപാടിന് വിരുദ്ധ നിലപാടുമായി ജനറല്‍ സെക്രട്ടറി എം.എ. ബേബി രംഗത്തെത്തി. വിഎസ് ജീവിച്ചിരുന്നെങ്കില്‍ പുരസ്ക്കാരം സ്വീകരിക്കില്ലായിരുന്നുവെന്ന് ബേബി പറഞ്ഞു. പുരസ്ക്കാരത്തില്‍ സന്തോഷമുണ്ടെങ്കിലും സ്വീകരിക്കുന്നതില്‍ പാര്‍ട്ടി നിര്‍ദേശം അനുസരിച്ച് തീരുമാനമെടുക്കുമെന്ന് വിഎസിന്‍റെ മകന്‍ വി.എ. അരുണ്‍കുമാര്‍ അറിയിച്ചു.
വിഎസിന്‍റെ കുടുംബത്തിന് പത്മ പുരസ്ക്കാരം സ്വീകരിക്കാമെന്നും പാര്‍ട്ടിക്ക് എതിര്‍പ്പില്ലെന്നും മുന്‍പ് ഇഎംഎസ് ഉള്‍പ്പടെ നിരസിച്ചത് പാര്‍ട്ടി തീരുമാനമായിരുന്നിരുന്നില്ലെന്നും എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി. ഇതോടെ പത്മപുരസ്സാരം വിഎസിനായി കുടുംബത്തിന് സ്വീകരിക്കാമെന്ന് പ്രതീതിയുണ്ടായി. എന്നാല്‍, വിഎസ് ജിവിച്ചിരുന്നെങ്കില്‍ പുരസ്ക്കാരം സ്വീകരിക്കില്ലായിരുന്നുവെന്ന് എം.എ. ബേബിയുടെ നിലപാട് പാര്‍ട്ടിക്കകത്തെ ആശയകുഴപ്പം പരസ്യമാക്കുന്നതാണ്.
വിഎസിനെ രാജ്യം ആദരിക്കുന്നതില്‍ സന്തോഷം പ്രകടിപ്പിച്ച കുടുംബത്തിന് മേല്‍ സമ്മര്‍ദം നല്‍കുന്നത് കൂടിയായി എം.എ. ബേബിയുടെ നിലപാട്. പുരസ്ക്കാരത്തില്‍ സന്തോഷമുണ്ടെങ്കിലും അത് സ്വീകരിക്കുന്നതില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് വിഎസിന്‍റെ മകന്‍ വി.എ. അരുണ്‍കുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. പാര്‍ട്ടിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും വിഎസിന്‍റെ മകന്‍ വ്യക്തമാക്കി. പാര്‍ട്ടിക്കുള്ളിലെ ആശയകുഴപ്പം പരിഹരിച്ച് നിലപാടില്‍ വ്യക്തതയാണ് വിഎസിനെ സ്നേഹിക്കുന്നവര്‍ ഇനി പ്രതീക്ഷിക്കുന്നത്.