കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ചാടിയതിന് കാരണം ഒരിക്കല്‍ പോലും പരോള്‍ അനുവദിക്കാതിരുന്നതാണെന്ന് ഗോവിന്ദച്ചാമി. 15 വര്‍ഷമായി ജയിലില്‍ കിടക്കുകയാണെന്നും താന്‍ ബലാല്‍സംഗം മാത്രമാണ് ചെയ്തതെന്നും ഗോവിന്ദച്ചാമി അവകാശപ്പെടുന്നു. 

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്‍റെ ആദ്യ രണ്ട് മതിലുകള്‍ ചാടിക്കഴിഞ്ഞ് ഏറ്റവും പുറത്തെ കൂറ്റന്‍ മതില്‍ കണ്ടതും തിരിച്ച് ജയിലിലേക്ക് പോയാലോ എന്ന് ആലോചിച്ചെന്നും ഗോവിന്ദച്ചാമി മൊഴി നല്‍കി. എന്നാല്‍ ജയില്‍ ചാടിയാല്‍ ആറുമാസത്തെ തടവേ ലഭിക്കുകയുള്ളൂവെന്ന് സഹതടവുകാരന്‍ പറഞ്ഞതോര്‍ത്തപ്പോള്‍ ചാടുകയായിരുന്നു. ജയിലിലെ മരപ്പണിക്കാരില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോഷ്ടിച്ച അരം കൊണ്ട് ഇരുമ്പ് തകിടില്‍ സ്വയം നിര്‍മിച്ച ഹാക്സോ ബ്ലേ‍ഡാണ് അഴികള്‍ മുറിക്കാന്‍ ഉപയോഗിച്ചത്. മൂന്ന് മാസത്തോളം സമയം ഇതിനായി വേണ്ടി വന്നുവെന്നും മൊഴിയിലുണ്ട്.

റെയില്‍വേ സ്റ്റേഷനിലേക്ക് പോയി തമിഴ്നാട്ടിലെത്തി അവിടെ മോഷണം നടത്തി ജീവിക്കുകയായിരുന്നു ലക്ഷ്യമെന്നും ഗോവിന്ദച്ചാമി പറയുന്നു. പുറത്തുകണ്ട ഓട്ടോക്കാരനോട് സ്റ്റേഷനിലേക്കുള്ള വഴി ചോദിച്ചു. ആ വഴിയേ പോയപ്പോള്‍ തെറ്റിപ്പോയെന്നും ചായക്കടക്കാരനോട് ചോദിച്ച് റെയില്‍വേ സ്റ്റേഷനിലേക്ക് നടന്നപ്പോള്‍ നേരം വെളുത്തുപോയെന്നും മൊഴിയിലുണ്ട്. വഴിയില്‍ കണ്ട ബൈക്ക് യാത്രക്കാരന് സംശയം തോന്നിയതോടെയാണ് ഗോവിന്ദച്ചാമിക്ക് പിടി വീണത്.

പുലർച്ചെ 1.10 നാണ് ഗോവിന്ദച്ചാമി സെല്ലിൽ നിന്ന് പുറത്ത് കടന്നതെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. മതിൽ ചാടാനുള്ളെ അവസരം കാത്ത് മൂന്ന് മണിക്കൂറോളം ജയിൽ വളപ്പിൽ ഒളിച്ചിരുന്നു. 4. 20 നാണ് ജയിൽ ചാടിയതെന്നും ഉത്തരമേഖല ജയിൽ ഡി ഐ ജിയുടെ അന്വേഷണത്തിൽ കണ്ടെത്തി. ജയില്‍ അധികൃതര്‍ പരിശോധനയ്ക്ക് എത്തുമ്പോള്‍ മനസിലാവാതിരിക്കാന്‍ സെല്ലില്‍ തുണികള്‍ പുതപ്പില്‍ ചുരുട്ടി കിടക്കുന്നതിന് സമാനമായി വച്ചിരുന്നുവെന്നും കണ്ടെത്തിയിരുന്നു. ജയില്‍ ചാടാന്‍ പദ്ധതിയുണ്ടെന്ന് സഹതടവുകാരനോട് ഗോവിന്ദച്ചാമി വെളിപ്പെടുത്തിയിരുന്നുവെന്നും എന്നാല്‍ ഒപ്പമുണ്ടായിരുന്ന ആള്‍ മനോദൗര്‍ബല്യമുള്ള ആളായതിനാല്‍ പുറത്തു പറഞ്ഞില്ലെന്നും റിപ്പോര്‍ട്ടുണ്ട്. 

ENGLISH SUMMARY:

Govindachami details his audacious escape from Kannur Central Jail, citing parole denial and claiming he 'only committed rape'. Discover how he cut bars, scaled walls, and his failed attempt to reach Tamil Nadu before apprehension.