സന്ദേശം സിനിമയിലെ ശ്രീനിവാസന്‍ കഥാപാത്രം പെണ്ണുകാണാന്‍ പോകുന്ന രംഗം വസുമതിയമ്മ ജീവിതത്തില്‍ അനുഭവിച്ചിട്ടുണ്ട്. ഒട്ടും തമാശയില്ലാതെ തന്നെ. കാരണം കാലം അതായിരുന്നു. വി.എസുമായുള്ള വിവാഹാലോചന നടക്കുന്ന സമയത്ത് അദ്ദേഹവുമായി നേരിട്ടൊരു കൂടിക്കാഴ്ച. അന്ന് വിഎസ് പറഞ്ഞു....'എനിക്ക് പാര്‍ട്ടിയാണ് വലുത്. സമരം, ഒളിവു ജീവിതം, ജയില്‍ ഇതൊക്കെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‍റെ ഭാഗമാണ്. ശത്രുക്കളുടെ ആക്രമണവും ഉണ്ടാകാം. കുടുംബ ജീവിതത്തില്‍ എപ്പോഴും ഞാന്‍ കൂടെയുണ്ടായെന്ന് വരില്ല'. ഭാവിയില്‍ നിരാശയുണ്ടാകാതിരിക്കാനാണ് അന്ന് തന്നെ ഇതൊക്കെ മുന്നറിയിപ്പായി പറഞ്ഞത്. വസുമതി എല്ലാം മനസ്സിലാക്കി. വി.എസിന്‍റെ കൈപിടിച്ചു.
വി.എസിന്‍റെ മുന്നറിയിപ്പുകള്‍ ചുമ്മാതല്ലെന്ന് വിവാഹ ദിവസം തന്നെ നവവധു മനസിലാക്കി. വിവാഹച്ചടങ്ങ് കഴിഞ്ഞ് വസുമതിയെ വീട്ടിലാക്കി വി.എസ് പാര്‍ട്ടിയാപ്പീസിലേക്ക് പോയി. അത്താഴത്തിനാണ് തിരിച്ചെത്തിയത്. പിറ്റേന്ന് രാവിലെ ഭാര്യയെ കോടംതുരുത്തിലെ വീട്ടിലാക്കി വി.എസ്. തിരുവനന്തപുരത്തിന് വച്ചുപിടിച്ചു. അന്ന് എംഎല്‍എയായിരുന്ന വി.എസിന് നിയമസഭാ സമ്മേളനം ഒഴിവാക്കാന്‍ പറ്റില്ലായിരുന്നു. പിന്നീട് അടിയന്തരാവസ്ഥക്കാലത്തെ ജയില്‍ വാസമുള്‍പ്പെടെ വിഷമതകള്‍ പലതു വന്നപ്പോഴും ഇതൊക്കെ നേരത്തേ പ്രതീക്ഷിച്ചിരുന്നതാണല്ലോ എന്നോര്‍ത്തു വസുമതി. പരിഭവങ്ങളേതുമില്ലാതെ വി.എസിന് കരുത്തായി നിന്നു
ആദ്യം കണ്ടത് ശുപാര്‍ശ പറയാന്‍
കൊടംതുരുത്ത് സ്വദേശിയായ കെ.വസുമതി പഠിക്കാന്‍ മിടുക്കിയായിരുന്നു. വീട്ടിലെ സാമ്പത്തിക ചുറ്റുപാടുകള്‍ പക്ഷേ മോശമായിരുന്നു. ഏഴു പെണ്‍മക്കളില്‍ ആറാമത്തവള്‍. അച്ഛന്‍ ചെറുപ്പത്തിലേ മരിച്ചു. പത്ത് പാസായി സെക്കന്തരാബാദില്‍ നിന്ന് ഹാന്‍ഡി ക്രാഫ്ട് ഇന്‍സ്ട്രക്ടര്‍ ട്രെയിനിങ് പൂര്‍ത്തിയാക്കി. വനിതാ സമാജത്തിലും കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും പ്രവര്‍ത്തിക്കുന്ന കാലത്ത് നാട്ടില്‍ സ്കൂള്‍ അധ്യാപികയുടെ ഒഴിവു വന്നു. വി.എസിനെക്കൊണ്ട് ശുപാര്‍ശ ചെയ്യിച്ചാല്‍ ജോലി കിട്ടുമെന്ന് നാട്ടിലെ പാര്‍ട്ടി പ്രവര്‍ത്തകയായ ലില്ലി പറഞ്ഞു. ഇരുവരും പാര്‍ട്ടി ഓഫിസിലെത്തി. ലില്ലി വി.എസിനോട് സംസാരിക്കുമ്പോള്‍ വാതിലിന്‍റെ മറവില്‍ നിന്ന് പേടിയോടെ വി.എസിനെ നോക്കി നിന്നു. നോക്കട്ടെ എന്ന് മാത്രം പറഞ്ഞ് വി.എസ് അവരെ മടക്കി. വി.എസ്. പറഞ്ഞു കാണില്ല. വസുമതിക്ക് ആ ജോലിയും കിട്ടിയില്ല.
പിന്നെ വസുമതി സ്ത്രീകളെ സ്വയംതൊഴില്‍ പരിശീലിപ്പിക്കുന്ന ഇന്‍സ്ട്രക്ടറായി. പാര്‍ട്ടി പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി വി.എസ്. പ്രസംഗിക്കുന്ന യോഗങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. സെക്കന്തരാബാദില്‍ ജനറല്‍ നഴ്സിങ്ങിനു പോയി അവിടെ തന്നെ തന്നെ ജോലിയും നേടി. ആയിടക്കാണ് വിവാഹം നിശ്ചയിച്ച ശേഷം നാട്ടില്‍ നിന്ന് സന്ദേശമെത്തുന്നത്.
വിവാഹവിരോധിയായ വി.എസ്.
വിവാഹം വേണ്ടെന്നായിരുന്നു വി.എസിന്‍റെ തീരുമാനം. പാര്‍ട്ടി പ്രവര്‍ത്തനത്തിനിടെ അതിനൊക്കെ സമയമെവിടെ? അച്ഛന്‍റെ സ്ഥാനത്തുള്ള ജേഷ്ഠന്‍ ഗംഗാധരന്‍ സ്നേഹത്തോടെ നിര്‍ബന്ധിച്ചിട്ടും നിലപാട് മാറ്റാന്‍ വി.എസ്. തയാറായില്ല. ഗംഗാധരന്‍റെ ഭാര്യയുടെയും മകന്‍റെയും മരണവും അനിയത്തി ആഴിക്കുട്ടിയുടെ വിവാഹവുമുള്‍പ്പെടെ കുടുംബത്തില്‍ പല സംഭവങ്ങളുണ്ടായി. ചേട്ടന്‍ പുനര്‍ വിവാഹം ചെയ്തു. അപ്പോഴും വി.എസ്. അവിവാഹിനായി തുടര്‍ന്നു
രോഗശയ്യയിലായ സഖാവ് ആര്‍.സുഗതനെ കാണാന്‍ പോയതാണ് വി.എസിന്‍റെ ജീവിതത്തില്‍ വഴിത്തിരിവായത്. സ്വന്തം കാര്യങ്ങള്‍ ചെയ്യാന്‍ പോലും ബുദ്ധിമുട്ടുന്ന സുഗതന്‍ സാറിനെ കണ്ടതും വി.എസിന്‍റെ മനസ്സുലഞ്ഞു. പാര്‍ട്ടിക്കു കൊടുത്ത ജീവിതത്തില്‍ ആര്‍.സുഗതന് ജീവിതപങ്കാളിയുണ്ടായിരുന്നില്ല. കൊടിയ മര്‍ദനങ്ങള്‍ ഏറ്റുവാങ്ങിയ ശരീരമാണ് തന്‍റേതും. വയസാകുമ്പോള്‍ എന്തൊക്കെ അവശതകളാണ് കാത്തിരിക്കുന്നതെന്ന് ആര്‍ക്കറിയാം. സഹായത്തിന് ആരുണ്ടാകും? വയസുകാലത്തും സഖാക്കളെ ബുദ്ധിമുട്ടിക്കുന്നത് ശരിയാണോ? വയസുകാലത്ത് ഒരു തുണ വേണം. അങ്ങനെ വി.എസ്. നിലപാട് മാറ്റി. ഇക്കാര്യത്തിലും ആരുടെയും പ്രേരണയും നിര്‍ബന്ധവുമല്ല, സ്വന്തം ബോധ്യമാണ് വിഎസിനെ നയിച്ചത്
പാര്‍ട്ടിക്കത്ത്, പാര്‍ട്ടിക്കല്യാണം
സുഹൃത്തേ, കമ്യൂണിസ്‌റ്റ് പാർട്ടിയുടെ ജില്ലാക്കമ്മിറ്റി സെക്രട്ടറി സഖാവ് അച്യുതാനന്ദനും കുത്ത്യതോട് കോടംതുരുത്തുമുറിയിൽ കൊച്ചുതറയിൽ ശ്രീമതി വസുമതിയമ്മയും തമ്മിലുള്ള വിവാഹം 1967 ജൂലൈ 18നു ഞായറാഴ്‌ച പകൽ മൂന്നുമണിക്ക് ആലപ്പുഴ മുല്ലയ്‌ക്കൽ നരസിംഹപുരം കല്യാണമണ്ഡപത്തിൽവച്ചു നടത്തുന്നതിനു നിശ്‌ചയിച്ചിരിക്കുന്നതിനാൽ തദവസരത്തിൽ താങ്കളുടെ മാന്യസാന്നിധ്യം ഉണ്ടായിരിക്കണമെന്നു താൽപര്യപ്പെടുന്നു.
വിധേയൻ, എൻ. ശ്രീധരൻ
പാര്‍ട്ടി പുറപ്പെടുവിച്ച ഈ കത്തായിരുന്നു ക്ഷണക്കത്ത്. കമ്യൂണിസ്‌റ്റ് പാർട്ടി ആലപ്പുഴ ജില്ലാ സമിതി സെക്രട്ടറിക്കുവേണ്ടി ജോയിന്റ് സെക്രട്ടറിയുടെ പേരിലാണ് കത്ത്. വരന് പ്രായം 42. വിവാഹത്തിനു കതിർമണ്ഡപമൊന്നുമില്ല. വധൂവരന്‍മാര്‍ പരസ്പരം മാലയിട്ടു. കഴിഞ്ഞു. നവദമ്പതികള്‍ക്ക് ആലപ്പുഴ പട്ടണത്തില്‍ രണ്ടു മുറികളുള്ള കൊച്ചുവീട് പാര്‍ട്ടി ഏര്‍പ്പാടാക്കിയിരുന്നു.
വിവാഹശേഷം വസുമതിക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നഴ്സായി ജോലി കിട്ടി. ആദ്യം ആലപ്പുഴ കടപ്പുറം ആശുപത്രിയില്‍. പിന്നീട് മെഡിക്കല്‍ കോളജിലേക്ക് മാറ്റം കിട്ടി. ആദ്യ പ്രസവത്തിനായി ആശുപത്രിയിലേക്ക് വസുമതി തനിച്ചാണ് പോയത്. വി.എസ്. പാര്‍ട്ടിത്തിരക്കുകളില്‍. വസുമതിയുടെ പ്രസവ ദിവസം ഭാഗ്യത്തിന് ആലപ്പുഴ കലക്ടറേറ്റില്‍ വി.എസിന് ഒരു മീറ്റിങുണ്ടായി. അങ്ങനെ വിവരമറിഞ്ഞ് കുഞ്ഞിന്‍റെയച്ഛനെത്തി. ആദ്യ മകള്‍ ആശ. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തപ്പോള്‍ കൂട്ടിനുണ്ടായിരുന്നത് പാര്‍ട്ടി സഖാക്കള്‍. രണ്ടു കൊല്ലത്തിനു ശേഷം അരുണ്‍കുമാര്‍ എന്ന അപ്പു ജനിച്ചു.
വിഎസിന്‍റെ ചേട്ടന്‍ ഗംഗാധരന്‍റെ ഭാര്യയുടെ വീതമായി കിട്ടിയ വീടാണ് വേലിക്കകം വീട്. അത് വില്‍ക്കാന്‍ തീരുമാനിച്ചപ്പോള്‍ വസുമതി വാങ്ങി. കുടുംബക്കാരായതുകൊണ്ട് പണം ഗഡുക്കളായി കൊടുത്തു തീര്‍ത്താല്‍ മതിയായിരുന്നു. വേലിക്കകം വീട് വാങ്ങി വസുമതി അങ്ങനെ വി.എസിന് സ്വന്തം വീടുണ്ടാക്കിക്കൊടുത്തു.
എന്നും വിഎസിന്‍റെ സ്വന്തം പക്ഷം
1994ലാണ് വസുമതി സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് റിട്ടയര്‍ ചെയ്തത്. സംഘര്‍ഷങ്ങളും പോരാട്ടങ്ങളും നീണ്ട വിഎസിന്‍റെ രാഷ്ട്രീയ ജിവിതത്തില്‍ കരുത്തായി വസുമതി കൂടെയുണ്ടായി. ആരോഗ്യം മോശമായി വീട്ടില്‍ തന്നെയായ വി.എസിന് താങ്ങായി. ദാമ്പത്യത്തിന്‍റെ ആറുപതിറ്റാണ്ട് പൂര്‍ത്തിയാകുന്നതിന് തൊട്ടിപ്പുറം വസുമതിയെ തനിച്ചാക്കി വി.എസ്. മടങ്ങുകയാണ്.