ഒരു കാലം വരെ വി.എസ്.അച്യുതാനന്ദനായിരുന്നു തിരഞ്ഞെടുപ്പുകാലങ്ങളില്‍  സിപിഎമ്മിന്‍റെ തുരുപ്പ് ചീട്ട്. സോഷ്യല്‍ മീഡിയ അത്ര പിടിമുറുക്കിയിട്ടില്ലാത്ത കാലത്ത് നിന്നാരംഭിച്ച ആ പ്രഭാവം സമൂഹമാധ്യമക്കാലത്തും സിപിഎമ്മിന് പിടിവള്ളിയായി. രാഷ്ട്രീയ നിരീക്ഷകര്‍  ആ പ്രതിഭാസത്തെ വി.എസ്. ഫാക്ടര്‍ എന്ന് പേരിട്ടു വിളിച്ചു. പ്രചാരണ കാലങ്ങളില്‍ ആ രണ്ടക്ഷരം തീര്‍ത്ത ഓളം സമാനതകളില്ലാത്തതായിരുന്നു.

KOCHI 2016 JANUARY 16 : Opposition leader VS Achuthanandan @ Josekutty Panackal

ഇഎംഎസിനെ അധികാരത്തിലെത്തിച്ച  ഐക്യ കേരളത്തിലെ ആദ്യ തിരഞ്ഞെടുപ്പ് കാലത്ത് മുപ്പത്തിനാലുകാരനായ വിഎസാണ്  ആലപ്പുഴയില്‍ സിപിഐ ജില്ലാ സെക്രട്ടറി. ജില്ല തിരിച്ചു നോക്കിയാല്‍ , അന്ന് പാര്‍ട്ടിക്ക് ഏറ്റവുമധികം സീറ്റു നേടിക്കൊടുത്തത് ആലപ്പുഴയായിരുന്നു. അന്നുതൊട്ടേ പാര്‍ട്ടിയുടെ ഇലക്ഷന്‍ സ്പെഷലിസ്റ്റാണ് വിഎസ്.  1958ല്‍ നിര്‍ണായകമായ ദേവികുളം ഉപതിരഞ്ഞെടുപ്പ് . റോസമ്മ പുന്നൂസിനെ ജയിപ്പിച്ചെടുക്കാന്‍ ആലപ്പുഴക്കാരനെ പാര്‍ട്ടി ഹൈറേഞ്ചിലേക്ക് വിട്ടു . പാര്‍ട്ടിക്ക് തെറ്റിയില്ല. ആ തിരഞ്ഞെടുപ്പ് കാലത്ത് നടന്ന അമൃത്സര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ വി.എസ് പങ്കെടുത്തില്ലെങ്കിലും ദേശീയ കൗണ്‍സിലിലേക്ക് സ്ഥാനക്കയറ്റം നല്‍കി പാര്‍ട്ടി പ്രോല്‍സാഹിപ്പിച്ചു.

പിന്നീടിങ്ങോട്ട് ഓരോ തിരഞ്ഞെടുപ്പ് കാലത്തും കേരളം വി.എസിന്‍റെ വാക്കുകള്‍ക്കായി ചെവി കൂര്‍പ്പിച്ചു. പാര്‍ട്ടി സെക്രട്ടറിയായും, മുന്നണി കണ്‍വീനറായും നേതാവായുമൊക്കെ ഒരുപാട്  തിരഞ്ഞെടുപ്പുകള്‍ക്ക് നേതൃത്വം കൊടുത്തു. പിന്നണിയില്‍  പാര്‍ട്ടിക്ക് തന്ത്രങ്ങളൊരുക്കാനും മുന്നണിയില്‍ മുഖമാകാനും വി.എസ് നിറഞ്ഞു നിന്നു. 

KOZHIKODE 13th September 2011 :CPM - Opposition leader VS Achuthanandan addressing a public convention , organised by the DYFI and SFI at Muthalakulam , in connection West Hill Engineering College student Nirmal Madhavan issue / Photo: T Prasanth Kumar , CLT #

മുന്നണി സ്ഥാനാര്‍ഥികളെല്ലാം പോസ്റ്ററില്‍ വി.എസിന്‍റെ പടം വയ്ക്കും. ചിലപ്പോള്‍ സ്ഥാനാര്‍ഥിയെക്കാള്‍ വലുതായിരിക്കും ആ മുഖം. പാര്‍ട്ടിയുടെ ചുമരെഴുത്ത് ചരിത്രത്തില്‍ ഒരട്ടിമറിയായിരുന്നു അത്. പിബിയില്‍ ഇരിക്കാന്‍ അയോഗ്യനെന്നും പാര്‍ട്ടി വിരുദ്ധ മാനസിക നില ഉള്ളയാളെന്നും തീരുമാനിച്ച പാര്‍ട്ടിക്ക് ഒടുവില്‍ വോട്ടു കൊണ്ടുവരാന്‍ വി.എസ് കൂടിയേ തീരൂവെന്ന് സമ്മതിക്കേണ്ടി വന്നു. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം വി.എസിനെ തേടിപ്പോകുന്ന പാര്‍ട്ടിയെ എതിര്‍പക്ഷവും ട്രോളന്‍മാരും ഒരുപാട് കളിയാക്കി. കേരളത്തിന്‍റെ വോട്ടുകവലകളില്‍ ഓടിയെത്തി തീപ്പൊരി പ്രസംഗങ്ങളിലൂടെ വി.എസ് എതിരാളികളുടെ വായടപ്പിച്ചു. പാര്‍ട്ടിക്കായി വോട്ടുപിടിച്ചു.

കാലിടറിയ മാരാരിക്കുളം; വി.എസിന്‍റെ നെഞ്ചിലെ നോവ്

പത്തില്‍ ഏഴ് മാര്‍ക്കാണ് തിരഞ്ഞെടുപ്പങ്കത്തില്‍ വിഎസിന്‍റെ സ്കോര്‍. ആദ്യ മല്‍സരം 1965ല്‍ അമ്പലപ്പുഴ നിന്ന്.  2,327 വോട്ടിന് തോറ്റു. 1967ല്‍ അതേ അമ്പലപ്പുഴയില്‍ ജയത്തിന്‍റെ പാല്‍പ്പായസം. . 1970ലും മണ്ഡലവും ജയവും ആവര്‍ത്തിച്ചു. 1977ല്‍ അടിയന്തരാവസ്ഥ കഴിഞ്ഞുള്ള തിരഞ്ഞെടുപ്പില്‍  തോറ്റു. പിന്നെ അഞ്ചാമങ്കം 14 കൊല്ലത്തിന് ശേഷം.  1991ല്‍. ജയം പ്രതീക്ഷിച്ച് നായനാര്‍ സര്‍ക്കാര്‍ കാലാവധിക്കും ഒരുകൊല്ലം മുമ്പ് രാജിവച്ച് നേരിട്ട തിരഞ്ഞെടുപ്പ്. ഇക്കുറി ഭാവി മുഖ്യമന്ത്രിക്ക് വോട്ടുചെയ്യാനാണ് മാരാരിക്കുളത്തുകാര്‍ ഒരുങ്ങിയത്.  വിഎസ് ജയിച്ചെങ്കിലും രാജീവ് വധം സൃഷ്ടിച്ച തരംഗത്തില്‍ ഇടതു മുന്നണി തോറ്റു.  വിഎസ് ജയിക്കുമ്പോള്‍ പാര്‍ട്ടി തോല്‍ക്കും. പാര്‍ട്ടി തോല്‍ക്കുമ്പോള്‍ വിഎസ് ജയിക്കും എന്ന കൗതുകം അവിടെ തുടങ്ങി. അടുത്ത തിരഞ്ഞെടുപ്പ് 1996ല്‍ . അതേ മാരാരിക്കുളത്ത് പാര്‍ട്ടിക്കാര്‍ ചതിച്ചു. 1,965വോട്ടിന് സാക്ഷാല്‍ വിഎസ് തോറ്റു. ഇടതുപക്ഷത്തിന്‍റെ സ്വന്തം മാരാരിക്കുളത്ത്.  ജയിച്ചെങ്കില്‍ മുഖ്യമന്ത്രിയാകേണ്ട ആളാണ്. 2001 ല്‍ പാര്‍ട്ടി തോറ്റപ്പോള്‍ വി.എസ് ജയിച്ചു. അപ്പോഴേക്കും കളം മലമ്പുഴയിലേക്ക് മാറ്റിയിരുന്നു. 

കണ്ണേ, കരളേ വി.എസ്സേ... പാര്‍ട്ടിയെ തിരുത്തി ജനം

2006 ലെ തിരഞ്ഞെടുപ്പെത്തി. രാഷ്ട്രീയ ശീലമനുസരിച്ച് ഇടതു മുന്നണിക്കാണ് സാധ്യത. വി.എസ് മല്‍സരിക്കേണ്ടെന്ന് പാര്‍ട്ടി തീരുമാനിച്ചു. ചരിത്രത്തിലില്ലാത്തൊരു രംഗം അന്ന് രാഷ്ട്രീയ കേരളത്തിലരങ്ങേറി. വിഎസിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് പ്രവര്‍ത്തകര്‍ പാര്‍ട്ടിയോട് പറഞ്ഞു.  പാര്‍ട്ടി തിരുത്തി! വി.എസ്. സ്ഥാനാര്‍ഥിയായി. ജയിച്ച് മുഖ്യമന്ത്രിയായി.

2011  തിരഞ്ഞെടുപ്പിലും സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലി ആശയക്കുഴപ്പങ്ങളുണ്ടായി. തെരുവില്‍ വീണ്ടും കണ്ണേ,കരളേ വി.എസ്സേ എന്ന മുദ്രാവാക്യങ്ങള്‍ മുഴങ്ങി. സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ പാര്‍ട്ടി സെക്രട്ടറി സസ്പെന്‍സ് പൊട്ടിച്ചു. വി.എസ്. വീണ്ടും സ്ഥാനാര്‍ഥി. വീണ്ടും മലമ്പുഴയില്‍ മല്‍സരിച്ചു ജയിച്ചു. കേരളം പതിവ് തെറ്റിച്ചില്ലെങ്കിലും ഭരിക്കുന്ന പാര്‍ട്ടി വിജയത്തിന് തൊട്ടടുത്തെത്തി. യുഡിഎഫ് ഞെട്ടി. വിഎസ് പ്രതിപക്ഷ നേതാവായി. 

2016ല്‍ വിഎസ് തന്‍റെ അവസാന തിരഞ്ഞെടുപ്പ് ഗോദയ്ക്കൊരുങ്ങുമ്പോള്‍ വയസ്സ് 92. മുന്നണി ജയിച്ചാല്‍ വി.എസ് മുഖ്യമന്ത്രിയാകും എന്ന് പ്രതീക്ഷിച്ചവരുണ്ടായിരുന്നു. ഇത്തവണയും 2006ലെ പോലെ വിഎസും പാര്‍ട്ടിയും ജയിച്ചു.  പക്ഷേ വി.എസ് മുഖ്യമന്ത്രിയായില്ല. പ്രചാരണത്തില്‍ മാത്രമല്ല, ഫലപ്രഖ്യാപനത്തോടുള്ള പ്രതികരണങ്ങളിലുമുണ്ട് മറക്കാന്‍ പറ്റാത്ത വിഎസ് സ്പര്‍ശങ്ങള്‍.

'ചിരിലെസ്' അല്ല ഞാന്‍

2009 ലോക്സഭാ തിരഞ്ഞെടുപ്പിലെ പാര്‍ട്ടി ലൈനിനോട് വിഎസിന് വിയോജിപ്പായിരുന്നു. പിഡിപിയുമായി ഉണ്ടാക്കിയ സഖ്യത്തിലുള്‍പ്പടെ ആ വിയോജിപ്പ് നിറഞ്ഞു നിന്നു. മുന്നണിക്ക് തിരിച്ചടിയുമായി ഫലം വന്ന ദിവസം വിഎസ് തന്‍റെ ചിരി മറച്ചു പിടിച്ചില്ല. ചിരിക്കുന്നുണ്ടല്ലോ എന്ന് ചോദ്യമെറിഞ്ഞവരോട്, ചിരിക്കുന്നത് നിങ്ങള്‍ക്കിഷ്ടമല്ലെല്ലേയെന്ന മറുചോദ്യവും. ആ ചിരിയില്‍ എല്ലാമുണ്ടായിരുന്നു.  2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിച്ചെന്ന ഫലം വന്നപ്പോള്‍  വി.എസ് ചിരിക്കുന്നുണ്ടോ

എന്ന് ഉറ്റുനോക്കിയവരോട് 'നിങ്ങളുദ്ദേശിക്കുന്ന സന്ദര്‍ഭത്തില്‍ ചിരിക്കാതിരിക്കുന്നത്  കൊണ്ട് ചിരി ലെസ് ആയ ആളാണ് ഞാനെന്ന് കരുതേണ്ട' എന്നായിരുന്നു മറുപടി.

വടകരയിലെ കണ്ണീര് കണ്ട വി.എസ്

2012 നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ദിവസം വി.എസ് ഒരു യാത്ര പോയി. ടി.പി. ചന്ദ്രശേഖരന്‍റെ ഉറ്റവരെ കാണാന്‍. വടകരയിലെ കണ്ണീരിന് വി.എസ് മനസ് കൊണ്ട് വോട്ട് ചെയ്തു. ഫലം വന്നപ്പോള്‍ നെയ്യാറ്റിന്‍കരയില്‍ പാര്‍ട്ടി തോറ്റു. 

2016 നു ശേഷം തിരഞ്ഞെടുപ്പ് വേദികളില്‍ നിന്ന് വി.എസ് മെല്ലെ അകന്നു. അഥവാ വേദികളിലെത്തിയാല്‍ തന്നെ എഴുതി വായിക്കുന്ന പ്രസംഗങ്ങളില്‍ ഒതുങ്ങി. 2019ലെ വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് അവസാനമായി സഖാവെത്തിയത്. വിഎസിന്‍റെ അവശതകള്‍ പക്ഷേ ജനങ്ങളുടെ ആവേശം തെല്ലും കുറച്ചില്ല. പിന്നീടിങ്ങോട്ടുള്ള തിര‍ഞ്ഞെടുപ്പ് കാലങ്ങളില്‍ മുന്നണിക്ക് വോട്ടഭ്യര്‍ഥിക്കുന്ന പ്രസ്താവനകളിലും ഫെയ്സ്ബുക്ക് പോസ്റ്റുകളിലും ചുരുങ്ങി. അന്നു മുതല്‍ കേരളത്തിന് നഷ്ടമായതാണ് ആളിളക്കിയുള്ള ആ വരവും ആവേശമുയര്‍ത്തിയുള്ള ആ പോക്കും. ഒരു കാലമാണ് വി.എസിനൊപ്പം മറയുന്നത്. രാഷ്ട്രീയ കേരളം ഒരുകാലവും മറക്കാനിടയില്ലാത്ത ഒന്ന്. 

ENGLISH SUMMARY:

V.S. Achuthanandan, or the 'VS Factor', was CPI(M)'s trump card in Kerala elections, generating unprecedented momentum from early days to the social media era. His strategic brilliance as party secretary, convenor, and face of the front proved decisive, making him an election specialist