ഷാര്‍ജയിലെ ഫ്ലാറ്റില്‍ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യ ഭര്‍ത്താവില്‍ നിന്നും ക്രൂര പീഡനം നേരിട്ടെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ ഫെയ്സ്ബുക്ക് പോസ്റ്റുമായി സന്തോഷ് പണ്ഡിറ്റ്. നമ്മുടെ സഹോദരിമാർ എത്രയോ പേരാണ് ജീവിച്ചു തുടങ്ങും മുൻപ് ക്രൂരമായി കൊല ചെയ്യപെടുന്നതെന്ന് അദ്ദേഹം കുറിച്ചു.
ദാമ്പത്യ ബന്ധത്തിനിടയില്‍ പല പല പ്രശ്നങ്ങൾ ഉണ്ടാവും. അത് സ്വഭാവികം. പക്ഷെ, നല്ല വിദ്യാഭ്യാസവും, ജോലിയും വരെയുള്ള ചില യുവതികൾ എന്തിനാണ് ആത്മഹത്യ ചെയ്യുന്നത്? പല യുവതികളും, ഭർത്താവിനോടുള്ള ദേഷ്യത്തിൽ മക്കളെ കൂടി കൊല്ലുന്നു.. എന്തിന്? ആ പാവം കുട്ടികൾ ചെയ്ത തെറ്റെന്ത്?
വിവാഹ സമയം, പെൺ മക്കൾക്ക് കുറെ സ്വർണം, കാർ എന്നിവ വാങ്ങിച്ചു കൊടുക്കുന്നതിനു പകരം മകൾക്കു അവളുടെ പേരിൽ ഒരു വീട് വെച്ച് കൊടുത്തൂടെ? അതല്ലേ കുറച്ചു കൂടി നല്ലത്? ഭർത്താവ് അത്രയ്ക്ക് ക്രൂരനും, സംശയ രോഗിയും, മദ്യം, കഞ്ചാവിനു അടിമയെങ്കിൽ അന്തസ്സോടെ ഡിവോഴ്സ് ചെയ്ത് മാന്യമായി വല്ല ജോലിയും ചെയ്ത് ജീവിക്കുക. നല്ല ഒരാളെ ഭാവിയിൽ കണ്ടെത്തിയാൽ വീണ്ടും കല്യാണം കഴിക്കുക.
മരിക്കാനുള്ള പകുതി ധൈര്യം പോരെ ജീവിക്കാൻ? ഇനി നാട്ടുകാർ എന്ത് പറയും എന്നാലോചിച്ചു സ്വന്തം ജീവൻ കളയേണ്ട.. തകർന്ന ബന്ധങ്ങൾ വീണ്ടും വിളക്കി ചേർത്ത് വീണ്ടും ഭർത്താവിന്റെ കൂടെ പോയി മരണം ഇരന്നു വാങ്ങേണ്ട ആവശ്യമുണ്ടോ?
ഒരു വ്യക്തിക്ക് 5 തരം ബാലന്‍സ് വേണം.. ശാരീരിക സന്തുലിതാവസ്ഥ (Physical balance), മാനസിക സന്തുലിതാവസ്ഥ(Mental balance), വിദ്യാഭ്യാസ സന്തുലിതാവസ്ഥ(Educational balance), സാമ്പത്തിക സന്തുലിതാവസ്ഥ (Financial balance), ആത്മീയ സന്തുലിതാവസ്ഥ (Spiritual balance) എന്നിവയാണത്.
ഇപ്പോഴത്തെ ഭൂരിപക്ഷം കുട്ടികൾക്കും ആരോഗ്യം, സാമ്പത്തികം, വിദ്യാഭ്യാസം എന്നീ സന്തുലിതാവസ്ഥകള്‍ ഓക്കേ ആണ്. പക്ഷെ എന്ത് പ്രശ്നങ്ങളെയും ചങ്കൂറ്റത്തോടെ നേരിടാനുള്ള മനക്കരുത്ത്, അതായത് ആധ്യാത്മിക അറിവ് കുറവാണ്. അതുകൊണ്ടാണ് നിസ്സാര കാര്യത്തിനും, വലിയ പ്രശ്നങ്ങൾ, വിവാഹം ഒഴിവായാൽ മറ്റുള്ളവർ നമ്മളെ കുറിച്ച് എന്ത് പറയും എന്നൊക്കെയുള്ള വേവലാതികൾ ഉണ്ടാകുന്നത്.. അതുകൊണ്ടാണ് ആത്മഹത്യ ചെയ്യുമ്പോൾ പാവം മക്കളെയും കൊല്ലുന്നത്. വീഴുക എന്നത് തെറ്റല്ല, പക്ഷെ വീണിട്ട് എഴുനേല്‍ക്കാതിരിക്കുക എന്നത് തെറ്റാണ്..
(വാൽ കഷ്ണം...പെൺകുട്ടികൾ വിവാഹത്തിന് ഒരുങ്ങുമ്പോൾ ചെക്കന് സർക്കാർ ജോലി വേണം, ഗൾഫിൽ 2 ലക്ഷം ശമ്പളമുള്ള ജോലി വേണം, സ്വത്തും മുതലും രണ്ട് നില വീടും വേണം, വലിയ കാർ വേണെ എന്നൊക്കെ പറയുന്നതിനൊപ്പം, പയ്യന്റെ സ്വഭാവം കൂടി നോക്കിയാൽ കുറെ ആത്മഹത്യ / കൊലപാതകങ്ങൾ കുറക്കാം.. പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന, ചെറിയ ജോലി ചെയ്യുന്ന ആയിരക്കണക്കിന് നല്ല സ്വഭാവമുള്ള പയ്യന്മാർക്ക് ഇവിടെ പെണ്ണ് കിട്ടാനില്ല) – അദ്ദേഹം പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.