കൊല്ലം തേവലക്കരയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച കേസില്‍ കടുത്ത നടപടിക്ക് പൊലീസ്. മാനേജ്മെന്‍റ് ഭാരവാഹികളും ഉദ്യോഗസ്ഥരും പ്രതികളാകും. കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുക്കും. ഫിറ്റ്നസ് നല്‍കിയ അസി. എന്‍ജിനീയറും പ്രതിയാകും. ഷെഡ് നിര്‍മ്മിച്ച സമയത്തെ ഭാരവാഹികള്‍ക്കെതിരെയും കേസ്. മിഥുന്റെ മരണം പ്രത്യേകസംഘം അന്വേഷിക്കും. ശാസ്താംകോട്ട എസ്എച്ച്ഒയ്ക്കാണ് അന്വേഷണ ചുമതല. മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളില്‍നിന്ന് സംഘം മൊഴിയെടുത്തു. സഹപാഠികളില്‍നിന്നും അധ്യാപകരില്‍നിന്നും മൊഴിയെടുക്കും.
അതേസമയം, മിഥുന്‍റെ മരണത്തില്‍ അന്വേഷണ റിപ്പോർട്ട് മടക്കി മന്ത്രി എം.ബി.രാജേഷ്. തദ്ദേശവകുപ്പ് ചീഫ് എൻജിനീയർ നൽകിയ പ്രാഥമിക റിപ്പോർട്ടിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയില്ലെന്നായിരുന്നു കണ്ടെത്തൽ. ഈ റിപ്പോർട്ട് അംഗീകരിക്കാനാവില്ലെന്നും മൈനാഗപ്പള്ളി പഞ്ചായത്ത് ഉദ്യോഗസ്ഥർക്കെതിരെ നടപടി ശുപാർശ ചെയ്യുന്ന റിപ്പോർട്ട് സമർപ്പിക്കാനുമാണ് മന്ത്രിയുടെ നിർദേശം. കെട്ടിടത്തിന്റെ സുരക്ഷ മാത്രമാണ് തദ്ദേശ സ്ഥാപനങ്ങളുടെ പരിശോധന പരിധിയിൽ വരുന്നതെന്നായിരുന്നു ചീഫ് എൻജിനീയർ നൽകിയ റിപ്പോർട്ടിലുണ്ടായിരുന്നത്.
കൃത്യമായ പരിശോധനയുടെ അടിസ്ഥാനത്തിലാണ് സ്കൂൾ കെട്ടിടത്തിന് ഫിറ്റ്നസ് നൽകിയതെന്നും വ്യക്തമാക്കുന്നു. ഇത് തീർത്തും പിഴവ് വരുത്തിയ ഉദ്യോഗസ്ഥരെ സംരക്ഷിക്കാനെന്ന് മന്ത്രി ചീഫ് എൻജിനീയറെ അറിയിച്ചു. വിശദമായ റിപ്പോർട്ട് തിങ്കളാഴ്ച വൈകുന്നേരത്തിനുള്ളില്‍ സമർപ്പിക്കണമെന്നും എം.ബി.രാജേഷ് നിർദേശിച്ചു. ഗുരുതര വീഴ്ച തെളിഞ്ഞിട്ടും അന്വേഷണം വൈകുന്നുവെന്ന മനോരമ ന്യൂസ് വാർത്തയ്ക്ക് പിന്നാലെയാണ് മന്ത്രിയുടെ ഇടപെടലുണ്ടായത്.
മിഥുന്റെ മരണത്തില്‍ ഉത്തരവാദി സ്കൂള്‍ മാനേജ്മെന്റെന്ന് മൈനാഗപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് വര്‍ഗീസ് തരകന്‍ പറഞ്ഞു. തദ്ദേശമന്ത്രി എം.ബി.രാജേഷ് പറഞ്ഞത് തെറ്റാണ്, പഞ്ചായത്തിന്റെ ഭാഗത്ത് വീഴ്ചയില്ല. ഉദ്യോഗസ്ഥരെ പഴിചാരേണ്ടെന്നും സിപിഎം നേതൃത്വത്തിലുള്ള മാനേജ്മെന്റ് പിരിച്ചുവിടണമെന്നും വര്‍ഗീസ് തരകന്‍ പറഞ്ഞു.