Untitled design - 1

ഷാര്‍ജയില്‍ മലയാളി യുവതി അതുല്യ ജീവനൊടുക്കിയതിന് പിന്നാലെ ഫെയ്സ്ബുക്ക് പോസ്റ്റുമായി ഗായികയായ ഇംതിയാസ് ബീഗം.  മാതാപിതാക്കളും മകളും സുഹൃത്തുക്കളും ചുരുക്കം ചില ബന്ധുക്കളും ചേർത്ത് പിടിച്ചത് കൊണ്ട് മാത്രം ആത്മഹത്യ ചെയ്യാതെ ജീവിക്കുന്ന ഒരു പെണ്ണ് എന്നാണ് അവർ ഫെയ്സ്ബുക്കിൽ കുറിച്ചത്.  

മൂന്ന് കൂട്ടരുടെ കഥ എന്ന പേരിലുള്ള പോസ്റ്റില്‍ ടോക്സിക് ബന്ധങ്ങളെപ്പറ്റിയും, അതിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന സ്ത്രീകള്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ കുറിച്ചുമാണ് വ്യക്തമാക്കുന്നത്.  

'ടോക്‌സിക് ആയ ബന്ധങ്ങളിൽ നിന്ന് ഇറങ്ങിവരാനുള്ള ആർജവം പെൺകുട്ടികളും സ്ത്രീകളും കാണിക്കണം എന്ന് പറയുന്നവരും ടോക്‌സിക് ബന്ധങ്ങളിൽ നിന്ന് സഹികെട്ട് ആത്മഹത്യ ചെയ്യുന്ന പെൺകുട്ടികൾക്ക് 'മകളേ മാപ്പ്' പോസ്റ്റ് ഇടുന്നവർ, ഇറങ്ങിപ്പോരാനുള്ള ധൈര്യം കാണിക്കാമായിരുന്നു ആ കുട്ടിക്ക്, എന്ന് വിലപിക്കുന്നവരും, ടോക്‌സിക്ക് ബന്ധം ആണെന്നറിഞ്ഞിട്ടും പലവട്ടം കുഞ്ഞുങ്ങൾക്ക് വേണ്ടി സഹിച്ചു ക്ഷമിച്ചിട്ടും, കുഞ്ഞിനേയും അത് ബാധിക്കുമെന്നറിഞ്ഞു ഇറങ്ങിപ്പോരുമ്പോൾ, 'അവൾ liberal life നയിച്ചു എന്നും, കുറച്ച് കാശ് വന്നപ്പോൾ അവനെ ഒഴിവാക്കി എന്നും, അവനെ കറിവേപ്പിലയാക്കിയവൾ എന്നും, പാവം ആ കുഞ്ഞിന്റെ കാര്യം എന്നും സഹതപിച്ച് പഴയ പോസ്റ്റിന്റെ അടിയിൽ സഹതാപ കമന്റ് ഇട്ട് ആത്മഹത്യയിലേക്ക് തള്ളിവിടുന്നതുമായ ഒരു കൂട്ടരും' എന്നാണ് ഇംതിയാസ് പറയുന്നത്. 

അതുല്യയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഭര്‍ത്താവ് സതീഷിനെതിരെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ചവറ തെക്കുംഭാഗം പൊലീസ് കേസെടുത്തത്. ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ അതുല്യയെ ഇയാള്‍ ക്രൂരമായി ആക്രമിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്ന വിഡിയോകള്‍ പുറത്ത് വന്നു. മരണത്തിന് തൊട്ട് മുന്‍പുള്ള ദിവസം ചില ചിത്രങ്ങളും വിഡിയോകളും അടുത്ത ബന്ധുവിന് അതുല്യ അയച്ചു നല്‍കിയിരുന്നു. ആ വീട്ടില്‍ അതുല്യ അനുഭവിച്ചിരുന്ന മാനസിക, ശാരീരിക പീഡനം വ്യക്തമാക്കുന്ന വിഡിയോകളാണ് പുറത്ത് വന്നിരിക്കുന്നത്. അതുല്യയുടെ ശരീരത്തില്‍ മര്‍ദനമേറ്റ നിരവധി പാടുകള്‍ കാണാം. വിഡിയോകളില്‍ അതുല്യ ഉച്ചത്തില്‍ നിലവിളിക്കുന്ന ശബ്ദവും കേള്‍ക്കാം. സൈക്കോയെപ്പോലെയാണ് വിഡിയോകളില്‍ ഭര്‍ത്താവ് പെരുമാറുന്നത്. ആക്രമണ സമയത്ത് പരസ്പര ബന്ധമില്ലാത്ത എന്തൊക്കെയോ കാര്യങ്ങള്‍ പറയുന്നുമുണ്ട്.

ENGLISH SUMMARY:

Imthiyas Beegum fb post about toxic relationship