rahul-kids

TOPICS COVERED

രാഹുല്‍ ഗാന്ധിയെ ഒന്നുകാണണം എന്നേ ഉണ്ടായിരുന്നുള്ളൂ, വാഹനം കണ്ടപ്പോള്‍ നീട്ടിയങ്ങ് വിളിച്ചു, വെറുതേയായില്ല, വണ്ടി നിര്‍ത്തി രാഹുല്‍ഗാന്ധി വന്നു ചേര്‍ത്തങ്ങ് നിര്‍ത്തി. കോട്ടയം യൂത്ത് കോൺഗ്രസ് അസംബ്ലി വൈസ് പ്രസിഡന്റ് ശ്രീജ മോഹനും കുട്ടികള്‍ക്കും നിറഞ്ഞ സന്തോഷം. 

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷികത്തോട് അനുബന്ധിച്ച് കോട്ടയത്തെത്തിയതായിരുന്നു ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാഹുൽ വരുന്നതറിഞ്ഞു മൂന്ന് കുട്ടികളുമായി റോഡിൽ കാത്തുനിൽക്കുകയായിരുന്നു ശ്രീജ. രാഹുലിന്റെ വണ്ടി കണ്ടയുടന്‍ കുട്ടികൾ ആവേശത്തോടെ രാഹുൽജി എന്ന് വിളിച്ചതോടെ അദ്ദേഹമത് ശ്രദ്ധിച്ചു. വാഹനം നിർത്തി കുട്ടികളുടെ അടുത്തെത്തി, വിശേഷങ്ങൾ പങ്കുവച്ചു. ഏത് സ്കൂളിൽ പഠിക്കുന്നുവെന്നും ചോദിച്ചു. ഇളയമോനോടാണ് വിശേഷങ്ങൾ കൂടുതൽ ചോദിച്ചത്. അവൻ എൽകെജിയിൽ പഠിക്കുകയാണ്.

യൂത്ത് കോൺഗ്രസ് പ്രവർത്തകയാണെങ്കിലും റോഡിൽ കാത്തുനിന്നത് സാധാരണക്കാരി വീട്ടമ്മയായിട്ടാണ്. അദ്ദേഹത്തെ അടുത്തുകണ്ടപ്പോഴും രാഷ്ട്രീയമൊന്നും സംസാരിച്ചില്ല. റോഡിൽ അധികം തിരക്കില്ലാതിരുന്നതിനാലാണ് അടുത്ത് കാണാൻ സാധിച്ചത്. വലിയ ആഗ്രഹമായിരുന്നു ഒന്ന് കാണാനും സംസാരിക്കാനും. കുട്ടികൾ സ്കൂളിൽ പോകാൻ തയ്യാറായി നിൽക്കുകയായിരുന്നു.

പുത്തനങ്ങാടി സെന്റ് തോമസ് സ്കൂളിൽ ആറാം ക്ലാസിലും മൂന്നിലും എൽകെജിയിലും പഠിക്കുകയാണ് ശ്രീജയുടെ മക്കളായ ജാനകിയും ജാൻവിയും ജഗതും. താഴത്തങ്ങാടി ആലുമുട് കവലയിൽ വച്ചാണ് രാഹുൽ ഗാന്ധിയെ കാണുന്നത്. കുട്ടികൾക്ക് ചോക്ക്ലേറ്റ് നൽകിയാണ് അദ്ദേഹം മടങ്ങിയത്. കുട്ടികൾ നന്നായി പഠിക്കുമോ? ഏത് വിഷയമാണ് കൂടുതൽ ഇഷ്ടം, സ്കൂളിലെ എല്ലാകാര്യങ്ങളിലും നന്നായി പങ്കെടുക്കണം എന്നെല്ലാം രാഹുൽ ഗാന്ധി പറഞ്ഞതായി ശ്രീജ പറഞ്ഞു.

കോട്ടയത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുകയാണ് ശ്രീജ. ആലുംമൂട് പള്ളിക്കോണത്താണ് ശ്രീജയുടെ വീട്. ഉമ്മൻചാണ്ടി അനുസ്മരണത്തിന് എത്തിയ രാഹുൽ ഗാന്ധി കുമരകത്തെ താമസസ്ഥലത്തു നിന്ന് കോട്ടയത്തേക്ക് വരുന്ന വഴിയാണ് ശ്രീജയേയും കുട്ടികളെയും കാണുന്നത്.

ENGLISH SUMMARY:

‘I always had a wish to see Rahul Gandhi just once. When I saw his vehicle, kids waved with hope—and it didn’t go in vain. He stopped the vehicle and came over to greet us. Kottayam Youth Congress Assembly Vice President Sreeja Mohan and the children were filled with joy’