യെമനില്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ക്കിടെ വിവാദ പരാമര്‍ശവുമായി സന്തോഷ് പണ്ഡിറ്റ്. നിമിഷ പ്രിയയെ രക്ഷിക്കുവാന്‍ ശ്രമിക്കുന്നതിനോട് വിയോജിക്കുന്നതായും ക്രൂരകൃത്യം ചെയ്യുന്നവരെ മോചിപ്പിച്ചു കൊണ്ട് വരുക എന്നത് മനുഷ്യത്വരഹിതമാണെന്നും സന്തോഷ് പണ്ഡിറ്റ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വിദേശത്തു വേറെയും കുറെ മലയാളികള്‍ തെറ്റ് ചെയ്ത് ജയിലില്‍ ഉണ്ടെന്നും ഭാവിയില്‍ അവരെയും കോടികള്‍ കൊടുത്ത് രക്ഷിക്കുമോയെന്നും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു.
പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം എന്ന പതിവ് തലക്കെട്ടിലാണ് സന്തോഷ് പണ്ഡിറ്റ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഗോവിന്ദച്ചാമി, ഗ്രീഷ്മ ,കൂടത്തായി ജോളി, പണ്ടത്തെ സുകുമാര കുറുപ്പടക്കമുള്ളവര്‍ വിദേശത്ത് ആയിരുന്നെങ്കില്‍ മലയാളികളും രാഷ്ട്രീയക്കാരും ഒറ്റകെട്ടായി നിന്ന് കഷ്ടപ്പെട്ട് അവരെ രക്ഷിപ്പിച്ചേനെയെന്ന് പണ്ഡിറ്റ് പരിഹസിക്കുന്നു. കൊലപാതകങ്ങൾ ഗൾഫിൽ വെച്ചായിരുന്നേൽ ഇന്നവർ പുറത്തിറങ്ങി അടിച്ചു പൊളിച്ചു ജീവിക്കുന്നുണ്ടാകുമെന്നും പണ്ഡിറ്റ് പറയുന്നു.
കുറിപ്പ്
എന്റെ പോസ്റ്റിനെ എതിർത്ത വിമര്ശകര് ഉന്നയിച്ച വാദങ്ങൾ ക്രിമിനലുകളും മനുഷ്യരാണ്.. അതിനാൽ എത്ര ക്രൂരമായി കൊലപാതകം നടത്തിയവരെയും നാം രക്ഷിക്കണം എന്നാണ്.. എന്നാല് ഇപ്പോള് നടക്കുന്ന വിവാദങ്ങൾ ഒക്കെ കാണുമ്പോൾ ഗോവിന്ദച്ചാമി, ഗ്രീഷ്മ , കൂടത്തായി ജോളി , ജിഷ വധ കേസ് പ്രതി അമീറുൽ ഇസ്‌ലാം, പണ്ടത്തെ സുകുമാര കുറുപ്പ് ഒക്കെ ഇങ്ങനെ ചിന്തിക്കുന്നുണ്ടാകും.. ഇവരൊക്കെ വിദേശത്ത് പോയാണ് ഇതേ കുറ്റകൃത്യം ചെയ്തിരുന്നത് എങ്കിൽ നന്മ മരങ്ങളായ, സെന്റിമെന്റ്സ് കൊണ്ട് നടക്കുന്ന മലയാളികളും രാഷ്ട്രീയക്കാരും ഒറ്റകെട്ടായി നിന്ന് കഷ്ടപ്പെട്ട് അവരെ രക്ഷിപ്പിച്ചേനെ.
എന്നിട്ട് "ഞങ്ങൾ മലയാളികൾ പൊളി ആണെന്ന് പറഞ്ഞ്" ഊറ്റം കൊണ്ടേനെ.. ആ ക്രിമിനലുകളുടെ കഷ്ടകാലത്തിന് സംഭവം ചെയ്തത് കേരളത്തിൽ വെച്ചായിപ്പോയി. ആ കൊലപാതകങ്ങൾ ഗൾഫിൽ വെച്ചായിരുന്നേൽ ഇന്നവർ പുറത്തിറങ്ങി അടിച്ചു പൊളിച്ചു ജീവിക്കുന്നുണ്ടാകും. ... കഷ്ടം..''