പ്രശസ്‌ത ആർക്കിടെക്ട് ആർ.കെ. രമേശ് (79) വിട പറഞ്ഞു. കോഴിക്കോട് മാനാഞ്ചിറ ചത്വരം നിലനിൽക്കുന്ന കാലത്തോളം രമേശ് എന്ന വാസ്തു ശില്പി ഓർമകളിൽ നിറയും. കോഴിക്കോടിനെ അടയാളപ്പെടുത്തുന്ന ഭൂരിഭാഗം കെട്ടിടങ്ങളുടെയും രൂപകൽപ്പന രമേശിന്റെതായിരുന്നു. സഞ്ചാരികളുടെ പറുദീസയായ കോഴിക്കോട് ബീച്ചിനെ  അത്രമേൽ സുന്ദരിയാക്കിയതിൽ രമേശിന്റെ മികവ് എടുത്തു പറയേണ്ടതാണ്.  

കോഴിക്കോട് സരോവരം ബയോ പാർക്ക്, കോർപ്പറേഷൻ സ്റ്റേഡിയം, ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് എന്നിവയിലെല്ലാം കാണാം രമേശ് എന്ന വാസ്തു ശില്പിയുടെ കയ്യൊപ്പ്. കോഴിക്കോട്ടെ വിവാദമായ കെഎസ്ആർടിസി ടെർമിനലിന്റെയും രൂപകൽപ്പന അദ്ദേഹമാണ്.  തിരൂര് തുഞ്ചൻ സ്മാരകം, തിരുവനന്തപുരത്തെ ഇഎംഎസ് അക്കാദമി, കണ്ണൂർ നായനാർ സ്മാരകം, മുഴപ്പിലങ്ങാട് ബീച്ച്, മലപ്പുറം

കോട്ടക്കുന്ന് പാർക്ക്, സംസ്ഥാനത്തെ നിരവധി സൂപ്പർ സ്പെഷാലിറ്റി ആശുപത്രി കെട്ടിടങ്ങൾ എന്നിവയും രൂപകൽപ്പന ചെയ്തിട്ടുണ്ട്. സംസ്കാരം വെള്ളിയാഴ്ച രാവിലെ പതിനൊന്നരയ്ക്ക് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ.