അന്ന സെബാസ്റ്റ്യന്‍ പേരയില്‍ എന്ന 26 കാരിയായ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിന്റെ മരണം ദേശീയ തലത്തില്‍ ചര്‍ച്ചയായതാണ്. പൂനെയില്‍ ഏണസ്റ്റ് ആന്‍ഡ് യംഗില്‍ എക്‌സിക്യൂട്ടീവായിരുന്ന അന്ന അമിത ജോലിഭാരം മൂലമാണ് മരിച്ചത്. അന്നയുടെ അമ്മ അനിത അഗസ്റ്റിന്‍ ഇവൈ ഇന്ത്യ ചെയര്‍മാന്‍ രാജീവ് മേമാനിക്ക് അയച്ച കത്ത് വൈറലായതോടെയാണ് കോര്‍പറേറ്റ് കമ്പനികളിലെ ജോലിഭാരവും അത് ജീവനക്കാരില്‍ ഏല്‍പിക്കുന്ന മാനസികാഘാതവും സംബന്ധിച്ച് വലിയ ചര്‍ച്ചകളുണ്ടായത്. വിഷയത്തില്‍ അന്വേഷണം നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ കൂടി വ്യക്തമാക്കിയെങ്കിലും ഇനിയും അത് എവിടെയും എത്തിയിട്ടില്ല.
അന്നയ്ക്ക് വലിയ ജോലി സമ്മര്‍ദ്ദമാണ് അനുഭവിക്കേണ്ടി വന്നതെന്ന് അമ്മ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ ഇടപ്പെട്ടിരിക്കുകയാണ് ഡിവൈഎഫ്ഐ. ഡി വൈ എഫ് ഐ ജൂലൈ 19നു ഡൽഹിയിൽ നടത്തുന്ന യുവജന കൺവെൻഷനിൽ ഈ പ്രശ്നം സജീവമായ ചർച്ചയാകുമെന്നും നിയമ നിർമ്മാണം വേണമെന്നും എ എ റഹീം ആവശ്യപ്പെട്ടു.
കുറിപ്പ്
ഈ വരുന്ന ജൂലൈ 20 അന്നാ സെബാസ്റ്റ്യൻ മരണപ്പെട്ടിട്ട് ഒരു വർഷം തികയുന്നു. ഇന്നലെ എറണാകുളത്തെ അന്നയുടെ വീട്ടിൽ പോയിരുന്നു. ഡി വൈ എഫ് ഐ അഖിലേന്ത്യ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ജെയ്ക് സി തോമസും, ഡി വൈ എഫ് ഐ എറണാകുളം ജില്ലാ പ്രസിഡന്റ് നിഖിൽ ബാബു എന്നിവരും ഒപ്പമുണ്ടായിരുന്നു.‘വർക്ക് ലൈഫ് ബാലൻസ്’ഇല്ലാത്തതിന്റെ രക്തസാക്ഷിയാണ് അന്ന. എണസ്റ് ആൻഡ് യങ് എന്ന മൾട്ടിനാഷണൽ കമ്പനിയിലായിരുന്നു അന്നയുടെ ജോലി. അമിത ജോലി സമ്മർദ്ദം കാരണം മരണപ്പെട്ടു പോയ അന്നയുടെ അമ്മ, കമ്പനി അധികൃതർക്ക് അയച്ച മെയിൽ ആണ് വൈറൽ ആയത്.അതോടെയാണ് രാജ്യത്തെ ചെറുപ്പം അനുഭവിക്കുന്ന അടിമസമാനമായ ചൂഷണങ്ങളുടെ കഥ ജനങ്ങളുടെ ശ്രദ്ധയിൽ വന്നത്.
ഒരു വർഷമാകുന്നു,അന്നയുടെ മരണത്തിനു ഉത്തരവാദികളായ ഒരാൾക്ക് എതിരെ പോലും നടപടി വന്നിട്ടില്ല. ഇരകൾ അവസാനിക്കുന്നില്ല.കഴിഞ്ഞ മാസമാണ് ഓല കമ്പനിയുടെ ബാംഗ്ലൂരിലെ എ ഐ ഡിവിഷനിൽ ജോലി ചെയ്തിരുന്ന നിഖിൽ സോമവൻഷി സമാനമായ കാരണത്താൽ ആത്മഹത്യ ചെയ്തത്. ഡി വൈ എഫ് ഐ ജൂലൈ 19നു ഡൽഹിയിൽ നടത്തുന്ന യുവജന കൺവെൻഷനിൽ ഈ പ്രശ്നം സജീവമായ ചർച്ചയാകും. തുടർച്ചയായ സമരങ്ങൾ,ക്യാമ്പയിനുകൾ കൊണ്ട് മാത്രമേ കേന്ദ്ര സർക്കാരിന്റെ കണ്ണ് തുറപ്പിക്കാൻ കഴിയൂ.“Right To Disconnect ”നിയമ നിർമ്മാണം വേണം. അധിക ജോലിഭാരം കാരണം ലോകത്തിൽ ഏറ്റവും അധികം ജീവനക്കാർ മരണപ്പെടുന്ന രാജ്യമാണ് ഇന്ത്യയെന്ന് ലോകാരോഗ്യ സംഘടനയും ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷനും സംയുക്തമായി നടത്തിയ പഠനം വ്യക്തമാക്കുന്നത്.