തിരുവനന്തപുരത്ത് നിന്ന് കാണാതായ തൃശൂർ സ്വദേശിനിയായ 21 കാരിയെ പൊലീസ് മധുരയില്‍ നിന്ന് കണ്ടെത്തി. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് നാലഞ്ചിറയിലെ സ്വകാര്യ കോളജിലെ നിയമ വിദ്യാർഥിനിയെ കാണാതായത്. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍, ഫോൺ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പൊലീസ് ആദ്യഘട്ടത്തില്‍ നടത്തിയത്.
യുവതിയുടെ ഫോൺ ബംഗളൂരുവിലേക്കുള്ള ട്രെയിലാണെന്നാണ് പൊലീസ് ആദ്യം കണ്ടെത്തിയത്. എന്നാല്‍ ആ വഴിക്കുള്ള അന്വേഷണം എങ്ങുമെത്തിയില്ല. കാരണം പൊലീസിനെ വഴി തെറ്റിക്കാനായി പെണ്‍കുട്ടി ഫോൺ ട്രെയിനിൽ ഉപേക്ഷിച്ചതാണെന്ന് അന്വേഷണത്തിൽ വ്യക്തമാവുകയായിരുന്നു.
തുടർന്ന് യുവതിയുടെ ചിത്രങ്ങൾ ഉൾപ്പെടെ പ്രചരിപ്പിച്ച് പൊലീസ് അന്വേഷണം തുടര്‍ന്നു. 13–ാം തീയതി രാവിലെ പൊലീസിന്റെ സമൂഹ മാദ്ധ്യമ ഗ്രൂപ്പുകളിൽ കാണാതായ പെൺകുട്ടിയുടെ വിവരം പങ്കുവെച്ചപ്പോൾ പെൺകുട്ടിയെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടതായി വിവരം ലഭിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ തിരുവനന്തപുരം എ.ആർ ക്യാമ്പിലെ സിപിഒമാരായ ജെ ആർ ഹരിശങ്കർ, എസ് സുഭാഷ് എന്നിവർ മറ്റൊരു ഡ്യൂട്ടിക്കായി മധുരയിൽ എത്തിയപ്പോൾ യുവതിയെ മറ്റൊരു സുഹൃത്തിനൊപ്പം റെയിൽവേ സ്റ്റേഷന് സമീപത്തെ ഭക്ഷണശാലയിൽ നിന്നും കണ്ടെത്തുകയായിരുന്നു.