നടൻ മോഹൻലാലിന്‍റെ ഒറ്റ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വൈറലായ ഡോക്ടറുണ്ട് തൃശൂർ ചെന്ത്രാപ്പിന്നിയിൽ. ഇയർ ബാലൻസ് എന്ന രോഗാവസ്ഥയെ മരുന്നില്ലാതെ സുഖപ്പെടുത്തുന്ന ഡോക്ടറെ കുറിച്ചായിരുന്നു ആ പോസ്റ്റ്. താരമായ ലാലേട്ടന്‍റെ പോസ്റ്റിൽ മറ്റൊരു താരമായി മാറിയ ആ ഡോക്ടറെ പരിചയപ്പെടാം.
മണിക്കുറുകൾക്കുള്ളിൽ പോസ്റ്റ് വൈറലായി. ഒപ്പം ഡോക്ടർ രവിയുടെ ഫോണിലേക്ക് പരിചിതരും, അപരിചിതരുമായ നിരവധി പേരുടെ ഫോൺ കോളുകൾ ഒഴുകിയെത്തി. ഇയർ ബാലൻസ് രോഗബാധിതരായിരുന്നു വിളിച്ചവരിൽ ഭൂരിഭാഗവും. കഴിഞ്ഞ എട്ട് വർഷമായി ഈ രംഗത്ത് പ്രശസ്തനാണ് ഡോ.രവി. വർഷങ്ങളോളം ഈ രോഗാവസ്ഥ മൂലം കഷ്ടപ്പെടുന്നവർക്ക് നിമിഷങ്ങൾക്കുള്ളിൽ മരുന്നില്ലാതെ ഓൺലൈനിലൂടെയാണെങ്കിൽ പോലും ഡോകടർ അസുഖം മാറ്റിക്കൊടുക്കും. 2006-ൽ വയനാട്ടിൽ നിന്ന് ഡി.എം.ഒ ആയാണ് ഡോ.രവി വിരമിക്കുന്നത്. എട്ട് വർഷം മുമ്പ് തനിക്ക് അനുഭവപ്പെട്ട ഇയർ ബാലൻസ് പ്രശ്നത്തിന് മറ്റുള്ളവരെപ്പോലെ ഡോ.രവിയും മരുന്ന് കഴിച്ചു. രണ്ട് ദിവസം കൊണ്ട് പ്രശ്നം പരിഹരിച്ചു. പക്ഷേ പിന്നീട് ഭാര്യക്ക് സമാന അവസ്ഥ വന്നപ്പോഴാണ് ഇതേക്കുറിച്ച് ഡോക്ടർ പഠനം നടത്തുന്നത്. ഗൂഗിളിൽ നിന്ന് ചില ലളിതമായ വ്യായാമങ്ങൾ ഈ അസുഖത്തിന് ഉപകാരപ്രദമാകുമെന്ന തിരിച്ചറിവ് ഭാര്യയിൽ പരീക്ഷിച്ചതോടെ ഡോക്ടർ വിജയം കണ്ടു.
ഇതിനിടയിൽ മോഹൻലാലിന്‍റെ സിങ്കപ്പൂരിലുള്ള അടുത്ത ബന്ധു ഇക്കഴിഞ്ഞ മെയ് 31 ന് രവി ഡോക്ടറെ ഫോണിൽ ബന്ധപ്പെട്ട് ഇയർ ബാലൻസ് പ്രശ്നത്തെക്കുറിച്ച് പറഞ്ഞിരുന്നു. തിരിച്ച് വീഡിയോ കോൾ വിളിച്ച് ലളിതമായ വ്യായാമത്തിലൂടെ ഡോക്ടർ അതിന് പരിഹാരം കാണുകയും ചെയ്തു. ഇക്കാര്യം മോഹൻലാലുമായി പങ്കുവെച്ചപ്പോൾ ഡോക്ടറെ നേരിൽ കാണണമെന്ന് ലാലിന് ഒരാഗ്രഹം. ജൂൺ 23 ന് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ലാൽ മടങ്ങുന്ന വഴി പുലർച്ചെ ഡോക്ടറുടെ വീട്ടിലെത്തി. സമൂഹത്തിൽ ഇത്തരം മനുഷ്യരാണ് യഥാർഥ ഹീറോകളെന്ന് ലാൽ പറയുന്നു. അദ്ദേഹത്തിന്‍റെ പിന്തുണയും സഹായവും രക്ഷയായേക്കാവുന്ന ലക്ഷണക്കണക്കിനാളുകള്‍ക്കു വേണ്ടി പറയണമെന്ന് തോന്നി എന്നാണ് മോഹൻലാൽ പറഞ്ഞുനിറുത്തുന്നത്.