മുണ്ടക്കൈ - ചൂരൽമല ഉരുൾ പൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപെട്ട പൊലീസ് ഉദ്യോഗസ്ഥർക്ക് സഹപ്രവർത്തകരുടെ സ്നേഹ തണൽ ഒരുങ്ങി. മീനങ്ങാടിയിൽ കേരള പൊലീസ് അസോസിയേഷൻ നിർമ്മിച്ച് നൽകിയ വീടുകളുടെ താക്കോൽ ദാനം ADGP എസ്.ശ്രീജിത് നിർവഹിച്ചു. മീനങ്ങാടിയിൽ 1,200 സ്‌ക്വയർ ഫീറ്റിൽ മൂന്ന് വീടുകളാണ് സഹപ്രവർത്തകർക്കായി നിർമ്മിച്ചു നൽകിയത്.
ഉരുൾപൊട്ടലിൽ സർവവും നഷ്ടപ്പെട്ട് ഒരു വർഷം തികയും മുൻപേ തങ്ങളുടെ സഹപ്രവർത്തകർക്ക് സ്നേഹ വീട് ഒരുക്കിയിരിക്കുകയാണ് കേരള പൊലീസ് അസോസിയേഷൻ. ADGP എസ്. ശ്രീജിത് വീടുകളുടെ താക്കോൽ ദാനം നിർവഹിച്ചു.
27 സെന്‍റിൽ 1200 സ്ക്വയര്‍ ഫീറ്റ് ഉള്ള മൂന്ന് വീടുകൾ. കേരള പൊലീസ് ഹൗസിങ് സഹകരണസംഘമാണ് മീനങ്ങാടി പാലക്കാമൂലയിൽ 45 ലക്ഷം രൂപ മുടക്കി സ്ഥലം വാങ്ങിയത്. ഓരോ വീടിനും കേരള പൊലീസ് അസോസിയേഷൻ ചിലവഴിച്ചത് 22 ലക്ഷം രൂപ. പൊലീസ് സേനയുടെ ഭാഗമായ മുണ്ടക്കൈ ചൂരൽ മല സ്വദേശികളായ ബിന്സിയ നസ്‌റിൻ, ടി അനസ്, ഷിഹാബുദീൻ എന്നിവർക്കാണ് പുതിയ വീടുകൾ നൽകിയത്. ADGP എസ് ശ്രീജിത്തിന് പുറമെ കണ്ണൂർ റേഞ്ച് IG യതീഷ് ചന്ദ്ര, ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി തുടങ്ങിയവർ താക്കോൽ ദാന ചടങ്ങിൽ പങ്കെടുത്തു.