പൊന്നോമനയുടെ പിറവിക്കായി പ്രാര്‍ഥനയോടെ കാത്തിരുന്ന കുടുംബം. കുഞ്ഞുടുപ്പും, കളിപ്പാട്ടവുമായി കു‍ഞ്ഞിനരികിലേക്ക് അബിഷോ എത്താന്‍ നാല് ദിവസം മാത്രം ബാക്കി. കുഞ്ഞുടുപ്പും വന്നില്ല. കളിപ്പാട്ടവുമുണ്ടായില്ല. ഒടുവിലെത്തിയത് തുണിയില്‍ പൊതിഞ്ഞ അബിഷോയുടെ ചേതനയറ്റ ശരീരം.

പ്രിയതമന്‍റെ വരവിന് കാത്തിരുന്ന അബിഷോ ഡേവിഡിന്‍റെ ഭാര്യ ഡോക്ടര്‍ നിമിഷ തളര്‍ന്ന് വീഴുന്ന കാഴ്ച. ഒടുവില്‍ അബിഷോ മണ്ണിലേക്ക് മറയും മുന്‍പ് അച്ഛനെ കാണാന്‍ ഭാഗ്യമില്ലാതെ ആ കുഞ്ഞ് പിറവികൊണ്ടു. അബിഷോയും നിമിഷയും സ്വപ്നങ്ങള്‍ നെയ്ത് കാത്തിരുന്ന കുഞ്ഞ് ചിണുങ്ങിക്കരയുമ്പോള്‍ അമ്മയും മുത്തശ്ശനും മുത്തശ്ശിയും ബന്ധുക്കളുമെല്ലാം കരച്ചിലടക്കാന്‍ പാടുപെടുന്നുണ്ടായിരുന്നു.

ഉത്തര്‍പ്രദേശിലെ ബിആര്‍ഡി മെഡിക്കല്‍ കോളജിലെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ഡോക്ടര്‍ അബിഷോ ഡേവിഡിന്‍റെ ഭാര്യ നിമിഷയാണ് രാവിലെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കരഞ്ഞ് തളര്‍ന്ന് പ്രിയതമനരികില്‍ പുലര്‍ച്ചെ രണ്ടു മണി വരെ നിമിഷ ഡോക്ടര്‍ അബിഷോയുടെ മൃതദേഹത്തിനരികിലുണ്ടായിരുന്നു. കരഞ്ഞും തളര്‍ന്നും ഏങ്ങലടിച്ചും പ്രിയതമന്‍റെ അകാല വിയോഗം ഉള്‍ക്കൊള്ളാനാവാതെ.

ബന്ധുക്കളുടെ ആശ്വാസ വാക്കുകള്‍ക്ക് നിമിഷയുടെ കരിച്ചിലിനെ അതിജീവിക്കാനാവാതെ. അബിഷോയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ച പാറശാല പാലൂര്‍ക്കോണത്തെ വീട്ടിലായിരുന്നു നിമിഷയും ബന്ധുക്കളും. പുലര്‍ച്ചെ രണ്ട് മണി കഴിഞ്ഞതോടെ ശാരീരിക ബുദ്ധിമുട്ട് പ്രകടിപ്പിച്ച നിമിഷയെ എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മണിക്കൂറുകള്‍ക്കുള്ളില്‍ നിമിഷ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. അച്ഛനില്ലാത്ത മണ്ണിലേക്ക് പൊന്നുമോളുടെ പിറവി. അബിഷോയുടെ അകാല വേര്‍പാടില്‍ തളര്‍ന്നുവീണ കുടുംബാംഗങ്ങള്‍ക്ക് നേരിയ പ്രതീക്ഷ നല്‍കുന്ന വാര്‍ത്ത. മകളെ കാണാന്‍ അവധി അപേക്ഷ നല്‍കി ഉത്തര്‍പ്രദേശില്‍ നിന്നും യാത്ര പുറപ്പെടാന്‍ ഒരുങ്ങുന്നതിനിടയിലാണ് അബിഷോ പ്രതീക്ഷകള്‍ ബാക്കിയാക്കി മടങ്ങുന്നത്. അബിഷോ ആത്മഹത്യ ചെയ്യില്ല ബി ആര്‍ ‍ഡി മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ മുറിയില്‍ ശനിയാഴ്ചയാണ് അബിഷോ ഡേവിഡിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

അമിതമായി മരുന്ന് ഉള്ളില്‍ച്ചെന്നുള്ള മരണം ആത്മഹത്യയെന്ന് പൊലീസിന്‍റെ പ്രാഥമിക സ്ഥിരീകരണമുണ്ടെങ്കിലും ഭാര്യയുടെ പ്രസവത്തിനായി പത്തൊന്‍പതിന് നാട്ടിലേക്ക് വരാന്‍ ടിക്കറ്റെടുത്തിരുന്ന അബിഷോ ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം ഉറച്ച് വിശ്വസിക്കുന്നു. അബിഷോയുടെ മരണകാരണം സംബന്ധിച്ച് ഉന്നത അന്വേഷണം വേണമെന്ന ആവശ്യവുമായി കുടുംബം പ്രധാനമന്ത്രിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.

പി.ജി ഡോക്ടര്‍മാര്‍ക്കിടയിലെ മാനസിക സമ്മര്‍ദം മരണത്തിന് കാരണമായിട്ടുണ്ടോ എന്ന സംശയമാണ് കുടുംബം ഉന്നയിക്കുന്നത്. അപ്രതീക്ഷിതമായി എന്തൊക്കെയോ സംഭവിച്ചിട്ടുണ്ടാവാം. എല്ലാം അന്വേഷണത്തിലൂടെ തെളിയുമെന്ന് അബിഷോയുടെ പിതാവ് ഡേവിഡും ബന്ധുക്കളും പറയുന്നു.

ENGLISH SUMMARY:

Malayali doctor found dead in Gorakhpur: Police investigating suspicious circumstances