ആക്രിയെടുക്കാന്‍ മ്യൂസിക് സ്കൂളിലെത്തിയ ദാമോദരന്‍ തബലമേല്‍ താളം തീര്‍ത്തപ്പോള്‍ ചുറ്റിനുംകൂടിയവരൊന്ന് അമ്പരന്നു. അറുപതാം വയസില്‍ അയാള്‍ തബലയില്‍ തീന്‍താള്‍ (താളചക്രം) വായിച്ച് വിസ്മയമായി. കോഴിക്കോട് ബാലുശേരി മുക്കിലെ റിഥംബര മ്യൂസിക് അക്കാദമിയിലാണ് ആകസ്മികമായ കലാനിമിഷം അരങ്ങേറിയത്. ആക്രി സാധനങ്ങള്‍ വില്പന നടത്തുന്ന ചീക്കിലോട് ചെറോലോറ മലയില്‍ ദാമോദരനാണ് താളത്തില്‍ കൊട്ടിക്കയറിയത്. പിന്നീടാണ് മനസിലായത് ആക്രിയെടുക്കാനെത്തിയത് നിരവധി വേദികളില്‍ താളംതീര്‍ത്ത കലാകാരനാണെന്ന്.
ചുമലില്‍ ചാക്കുമായി നടന്നുനീങ്ങിയ ദാമോദരനെ അക്കാദമി നടത്തിപ്പുകാരില്‍ ഒരാളായ ആര്‍. ഷിജിന്‍ജിത്താണ് പഴയ സാധനങ്ങള്‍ എടുക്കാനായി വിളിച്ചത്. മുകളില്‍ എത്തിയ ദാമോദരമന്‍റെ കണ്ണില്‍ പതിഞ്ഞത് പണ്ടെന്നോ കൊട്ടിക്കയറിയ ആ വാദ്യോപകരണം തന്നെയായിരുന്നു. തുടര്‍ന്ന് ചാക്ക് ഇറക്കിവച്ച് അതിന് അരിലേക്ക് ചെന്നു. അക്കാദമി ജീവനക്കാര്‍ കരുതിയത് തബല കണ്ട ആകാംഷയിലാകാം അയാള്‍ അതിനരികില്‍ എത്തിയതെന്നാണ്. എന്നാല്‍ നിമിഷനേരങ്ങള്‍ കൊണ്ട് കൈകള്‍ താളംതീര്‍ത്തു. ആദ്യമൊന്ന് പതറിയെങ്കിലും പിന്നീട് പഴയ നോട്ടുകള്‍ ഓര്‍ത്തെടുത്ത് ട്രാക്ക് കണ്ടെത്തി. ആ നിമിഷം ഷിജിന്‍ജിത്ത് ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമത്തില്‍ പങ്കുവച്ചു.
ആക്രി പെറുക്കാന്‍ ഇറങ്ങുന്നതിന് മുന്‍പ് കലയുടെ ലോകത്ത് സജീവമായിരുന്നു ദാമു .നാടുവിട്ട് വിവിധ സ്ഥലങ്ങളില്‍ സംഗീത ബാന്‍റുകള്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. ഗാനമേളകളില്‍ തബല വായിക്കുകയും, ക്ഷേത്രങ്ങളില്‍ ചെണ്ടമേളം നടത്തുകയും ചെയ്തിരുന്നു. പതിറ്റാണ്ടുകള്‍ക്കുശേഷം ദാമോദരന്‍ തിരികെ നാട്ടിലെത്തിയെങ്കിലും കലാപ്രവര്‍ത്തനത്തില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുകയായിരുന്നു. ജീവിക്കാനായി ആക്രി പെറുക്കാനിറങ്ങിയ ദാമു തബല കണ്ടതോടെ വീണ്ടും പഴയ കലാകാരനായി മാറുകയായിരുന്നു.