manorama-live

അടുക്കളയിലെ തേങ്ങല്‍ അവസാനിപ്പിക്കാന്‍ ഗൗരവതരമായ ഇടപെടല്‍ ആവശ്യപ്പെട്ട് മനോരമ ന്യൂസ് ലൈവത്തണ്‍– തേങ്ങല്‍. വെളിച്ചെണ്ണയുടെയും തേങ്ങയുടെയും വില കുതിച്ചുയരുന്ന സാഹചര്യത്തിലായിരുന്നു രാവിലെ ഏഴുമുതല്‍ ലൈവത്തണ്‍ സംഘടിപ്പിച്ചത്. കൃഷി മന്ത്രിയും ചലച്ചിത്രതാരങ്ങളും കര്‍ഷകരുമെല്ലാം അണിനിരന്ന പരിപാടിയില്‍ പ്രേക്ഷകരും സാന്നിധ്യമറിയിച്ചു.

തേങ്ങയുടച്ചു തുടങ്ങിയ ലൈവത്തണില്‍, പങ്കെടുത്തവരുടെ പ്രാര്‍ഥന മൊത്തം വെളിച്ചെണ്ണയുടെ വില കുറയാനായിരുന്നു. ഒപ്പം തേങ്ങയുടെ വിലയും കുറയണം. എന്നാലെ തേങ്ങ വീണുടഞ്ഞ കുടുംബ ബഡ്ജറ്റിനെ ഒന്ന് പിടിച്ചുനിര്‍ത്താനാകൂ. അടുക്കളയിലുള്ളവര്‍ക്കും അമ്പലത്തിലുള്ളവര്‍ക്കും പറയാനുള്ളത് ഒറ്റക്കാര്യം.വില കുറയുന്നതും കാത്ത് കണ്ണിലെണ്ണയൊഴിക്കാതെ കാത്തിരിക്കുന്നവരാണ് വീട്ടമ്മാരിലേറെയും.

വ്യാപാരികള്‍ സങ്കടത്തിലാണ്. കച്ചവടം നന്നേ കുറവ്. ലൈവത്തണില്‍ അവരുടെ വിലാപം ഉറക്കെ കേട്ടു. മറുനാട്ടിലെ മലയാളികളും അതിരുവിട്ട വില വര്‍ധനയില്‍  പ്രതിസന്ധിയിലാണ്. തേങ്ങ കൊടുത്താല്‍ വയറുനിറയെ കഴിക്കാം ! കഴിക്കുന്നവരും ഹോട്ടലുകാരും ലൈവത്തണിലെത്തിയത് കണ്ണൂരില്‍നിന്നാണ്. തേങ്ങലിനിടയില്‍ സന്തോഷിക്കുന്നവരെയും ലൈവത്തണില്‍ കണ്ടു.പാലക്കാട്ടെ തെങ്ങിന്‍തോപ്പുകളുടെ വില ആറുമാസംകൊണ്ട് ഇരട്ടിയായി. 

വിലകൂടിയതോടെ കള്ളന്‍മാര്‍ തേങ്ങയിലേക്കും കണ്ണുവച്ചു. കേരകര്‍ഷകന്റെ സന്തോഷത്തോടൊപ്പമാണ് താനെന്ന് കൃഷിമന്ത്രി. എന്നാല്‍ വിപണിയിലെ ഇടപെടലിന്റെ കാര്യം ചോദിച്ചപ്പോള്‍ മന്ത്രി ചെറുതായി ഒന്നു വഴുതി. മികച്ച തേങ്ങയ്ക്ക് പേരുകേട്ട കോഴിക്കോട് കുറ്റ്യാടിയിലെ കേരകര്‍ഷകര്‍ ചില പരാതികളുമായാണ് ലൈവത്തണിലെത്തിയത്. ലൈവത്തണിന്റെ സ്പിരിറ്റ് ഉള്‍ക്കൊള്ളുന്നതായിരുന്നു നടന്‍ നന്ദുവിന്റെ പ്രതികരണം. ഇതേ അഭിപ്രായം കര്‍ഷകന്‍കൂടിയായ നടന്‍ കൃഷ്ണപ്രസാദിനുമുണ്ട്. 

പ്രതാപം നഷ്ടപ്പെട്ട മില്ലുകളും വ്യാജനെ കണ്ടെത്താന്‍ ശേഷിയില്ലാതെ മണ്ടപോയ ലാബുകളും ലൈവത്തണില്‍കണ്ടു. തേങ്ങയും വെളിച്ചെണ്ണയുമില്ലാതെ എന്ത് അടുക്കള ? ലൈവത്തണിലെ ചോദ്യം ദുബായില്‍നിന്നാണ് ഷെഫ് സുരേഷ് പിള്ള കേട്ടു. വില പിടിച്ചുനിര്‍ത്താനുള്ള പൊടിക്കൈകള്‍ സര്‍‍ക്കാരിന്റെ കൈവശമുണ്ടോ ? ഉണ്ടെങ്കില്‍ പ്രയോഗിക്കാന്‍ മടിക്കരുത്. വരുന്നത് ഓണക്കാലമാണ്.

ENGLISH SUMMARY:

To highlight the skyrocketing prices of coconuts and coconut oil, Manorama News launched a special live program titled "Thengal", calling for urgent intervention to end the coconut crisis in households. The broadcast began at 7 AM and featured active participation from the Agriculture Minister, film stars, farmers, and viewers alike. The event drew attention to the pressing need for price control and support for coconut farmers.