തേങ്ങ വിലയ്ക്കൊപ്പം വെളിച്ചെണ്ണ വില കുതിച്ചുയർന്നതോടെ വിപണിയിൽ എത്തുന്നതിൽ നല്ലൊരു പങ്കും വ്യാജ വെളിച്ചെണ്ണയാണ്. റിഫൈൻഡ് ഓയിൽ എന്ന പേരിൽ വെളിച്ചെണ്ണയിൽ ചേർക്കുന്ന രാസപദാർഥങ്ങൾ അടങ്ങിയ കൃത്രിമ എണ്ണ ഏതെന്ന് കണ്ടെത്താൻ ഭക്ഷ്യവകുപ്പിൻ്റെ പ്രധാന ലാബുകളിൽ പോലും സംവിധാനമില്ല.
10 ശതമാനം കൊപ്ര ആട്ടിയെടുത്ത ഒറിജിനൽ വെളിച്ചണ്ണയും 90 ശതമാനം റിഫൈൻഡ് ഓയിലും ചേരുന്നതാണ് വ്യാജ വെളിച്ചെണ്ണ. ഈ കൃത്രിമ വെളിച്ചെണ്ണയിലെ രാസവസ്തുക്കളുടെ സാന്നിധ്യവും പരിശോധിക്കേണ്ടതുണ്ട്. പരിശോധനയില്‍ വെളിച്ചെണ്ണ തന്നെയാണോ എന്ന് കണ്ടെത്താൻ കഴിയും. ഈ പരിശോധനക്ക് ഫീസായി അടയ്ക്കേണ്ടത് 2000 രൂപ.
അൽപം കൂടി വിശദമായി പരിശോധിച്ചാൽ ലോഹ വസ്തുക്കളുടെ സാന്നിധ്യമുണ്ടോ എന്നുകൂടി കണ്ടെത്താം. അതിന് ആറായിരം രൂപ ഫീസടക്കണം. എന്നാൽ വ്യാജ എണ്ണയിലെ 90 ശതമാനം വരുന്ന ചേരുവ എന്താണന്ന് കണ്ടെത്താൻ കഴിയില്ല. ഏതു വ്യാജ എണ്ണയും ഉയർന്ന വിലക്ക് കേരളത്തിൽ തടസമില്ലാതെ വിൽക്കുന്നതിൻ്റെ കാരണവും ഇതാകാം. എന്നാല്‍ കൃത്രിമ എണ്ണയിൽ ചേർക്കുന്ന ചേരുവകൾ എന്താണെന്ന് കൂടി പൊതുസമൂഹത്തെ അറിയിക്കേണ്ട ബാധ്യത സർക്കാർ ലാബുകൾക്കുണ്ട്