ഏറ്റവും കരുതലും സ്നേഹവും കിട്ടേണ്ട കൈകളില്‍ നിന്നുതന്നെ ക്രൂരമര്‍ദനം ഏറ്റുവാങ്ങേണ്ടി വന്ന അഞ്ചുവയസുകാരനെക്കുറിച്ചുള്ള വാര്‍ത്തകളാണ് ചേര്‍ത്തലയില്‍ നിന്നും പുറത്തുവരുന്നത്. ശരീരത്തില്‍ കണ്ട പാടുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ അവന്‍ അല്‍പം വേദനയോടെയെങ്കിലും കാര്യം തുറന്നുപറഞ്ഞു. ‘ഇത് അമ്മ സ്കെയില്‍ കൊണ്ടടിച്ചതാണ്, കഴുത്തിലെ പാടുകള്‍ അമ്മൂമ്മ പിടിച്ചു ഞെക്കിയതിന്റേയും മാന്തിയതിന്റേതുമാണ്’. തീര്‍ന്നില്ല ഈ കുരുന്ന് അനുഭവിച്ച യാതനകള്‍. മുന്‍പ് അമ്മയുടെ ആണ്‍സുഹൃത്തും ഈ കുഞ്ഞിനു മുന്‍പില്‍ കൈക്കരുത്ത് കാട്ടി, ക്രൂരമര്‍ദനം നടത്തിയപ്പോള്‍ പൊലീസ് ഇടപെട്ട് അയാളെ അറസ്റ്റ് ചെയ്തു, പിന്നാലെ റിമാന്‍ഡില്‍ കഴിയവേ രോഗം വന്ന് മൂര്‍ച്ഛിച്ചു ആശുപത്രിയില്‍വച്ച് മരിച്ചു, സത്യം പറഞ്ഞാല്‍ അതുകൊണ്ടുമാത്രം അയാളുടെ ക്രൂരത അവസാനിച്ചെന്നു പറയാം.
ചേര്‍ത്തലയിലെ സ്കൂളില്‍ യുകെജി വിദ്യാര്‍ഥിയാണ് ഈ അഞ്ചുവയസുകാരന്‍. അമ്മയ്ക്ക് ലോട്ടറിവില്‍പ്പനയാണ് ജോലി. ജോലിക്കു പോകുമ്പോള്‍ കുഞ്ഞിനെ കോടതികവലയ്ക്കു സമീപത്തുള്ള ചായക്കടയിലിരുത്തും. അങ്ങനെയാണ് ഇന്നലെ വൈകിട്ട് ഇതുവഴി വന്ന പി.ടി.എ പ്രസിഡന്റ് അഡ്വ.ദിനൂപ് കുഞ്ഞിന്റെ ശരീരത്തിലെ പാടുകള്‍ കണ്ടത്. മുറിവുകൾ എങ്ങനെ ഉണ്ടായി എന്ന് അന്വേഷിച്ചപ്പോൾ കഴിഞ്ഞ ദിവസങ്ങളിൽ കുഞ്ഞ് ക്രൂരമർദനത്തിന് ഇരയായതായി കണ്ടെത്തി.
അമ്മയും അമ്മൂമ്മയും നടത്തിയ ക്രൂര മർദനത്തിൻ്റെ ഇരയായ കുഞ്ഞിനെക്കുറിച്ച് ചൈൽഡ് പ്രൊട്ടക്ഷൻ യൂണീറ്റിലും ചേർത്തല പൊലീസിലും പരാതി നൽകി. മുഖത്തും കഴുത്തിലുമുണ്ടായ മുറിവ് അമ്മ സ്കെയിലിന് അടിച്ചതാണെന്നും അമ്മുമ്മയും ഉപദ്രവിക്കാറുണ്ടെന്നും കുട്ടി അഡ്വ. ദിനൂപിനോടും ചൈൽഡ് ലൈൻ പ്രവർത്തകരോട് പറഞ്ഞു. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് സൂപ്പർ വൈസർ അലൻ വർഗീസ് കുട്ടിയെ ഏറ്റെടുത്തു. വൈദ്യപരിശോധനയിൽ കുട്ടിയുടെ ദേഹത്ത് മർദനത്തിൻ്റെ പാടുകൾ കണ്ടെത്തി.
കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈൻ പൊലിസിന് റിപ്പോർട്ട് നൽകി. ചൈൽഡ് ലൈൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ്. കുട്ടിയെ രാത്രിയിൽ തന്നെ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ശിശുക്ഷേമ സമിതി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. മേയ് 24ന് അമ്മയുടെ ആൺ സുഹൃത്ത് കുട്ടിയെ ഉപദ്രവിച്ച കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. അന്നും സ്കൂൾ പിടിഎ ഇടപെട്ടാണ് ഇയാൾക്കെതിരെ കേസെടുപ്പിച്ചത്.