രാജ്യവ്യാപകമായി തൊഴിലാളി സംഘടനകള്‍ ഇന്നലെ നടത്തിയ അഖിലേന്ത്യാ പണിമുടക്ക് സാധാരണ ജനജീവിതത്തെ സാരമായി ബാധിച്ചിരുന്നു. യാത്രാ സൗകര്യങ്ങളില്ലാത്തതും വ്യാപാരസ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാത്തതുമെല്ലാം ജനങ്ങളെ വലച്ചു. എന്നാല്‍ ഇതിനിടയില്‍പ്പെട്ട ചിലരുണ്ട്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. ശമ്പളം കിട്ടണമെങ്കില്‍ അവര്‍ക്ക് ഓഫിസില്‍ എത്തിയേ തീരൂ. സമരം നടത്തുന്നവരെ നേരിട്ട് വേണം ഇവര്‍ക്ക് ജോലിക്കെത്താന്‍ എന്നതാണ് ഇതിലെ വെല്ലുവിളി. സംസ്ഥാന സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഇതോടെ ശമ്പളം മുടങ്ങാതിരിക്കാന്‍ വെല്ലുവിളികളെ അതിജീവിച്ച് ജോലിക്കെത്തിരയവരും പോരാടി നിന്നവരെയുമെല്ലാം ഇന്നെല പലയിടങ്ങളിലായി കാണുകയും ചെയ്തു. എന്നാല്‍ അക്കൂട്ടത്തില്‍ ഒരാള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സ്റ്റാറാണ്. ധനേഷ് ശ്രീധര്‍ എന്ന ചെറുപ്പക്കാരനാണ് ആ ഹീറോ. സമരക്കാര്‍ക്ക് മുന്നില്‍ ധനേഷ് കാണിച്ച ധൈര്യമാണ് കയ്യടിക്ക് കാരണം.
ധനേഷ് ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ പണിമുടക്ക് ആഹ്വാനവുമായി എത്തിയ സിഐടിയു പ്രവര്‍ത്തകര്‍ ജോലി നിര്‍ത്താനും സ്ഥാപനത്തില്‍ നിന്ന് ഇറങ്ങിപ്പോകാനും ആവശ്യപ്പെട്ടു. എന്നാല്‍ ഇതൊന്നും കേട്ട ഭാവം നടിക്കാതെ ധനേഷ് തന്‍റെ ഫോണും നോക്കി ഇരിപ്പ് തുടര്‍ന്നു. ഇതിനിടയില്‍ ഭീഷണിയും ആക്രോശവുമായി സമരാനുകൂലികള്‍ പരിധി വിടാന്‍ തുടങ്ങുകയും ധനേഷിനെ അസഭ്യം പറയുകയും ചെയ്തു. 'ആളാവേണ്ട കേട്ടോ, പൂട്ടിക്കാന്‍ ഞങ്ങള്‍ക്കറിയാം' എന്ന് സമരാനുകൂലികള്‍ ആക്രോശിക്കുമ്പോഴും പ്രകോപിതനാവാതെ ഇരിക്കുന്ന അതേ ഇരിപ്പ് ധനേഷ് തുടരുന്നുണ്ട്.
വിഡിയോ സോഷ്യലിടത്ത് ഹിറ്റായതോടെ ധനേഷിനെ അനുകൂലിച്ച് നിരവധിപേര്‍ എത്തി. 'രോമാഞ്ചിഫിക്കേഷൻ', 'ഇത്രയും പേര് വന്നിട്ടും ഒറ്റക്ക് നേരിടുന്ന അവനാണ് എന്റെ ഹീറോ', 'ആയിരം പേരൊന്നിച്ചു വന്നാലും ഒരു കൂസലും ഇല്ലാതെ ഇരിക്കുന്നുവെങ്കിൽ അവൻ ആണൊരുത്തൻ' എന്നൊക്കെയാണ് സമൂഹ മാധ്യമങ്ങളില്‍ നിറയുന്ന കമന്‍റുകള്‍. സന്ദേശം സിനിമയിലെ ചിത്രത്തിനൊപ്പം കയ്യേറ്റക്കാരുടെ ചിത്രം വച്ചുള്ള ട്രോളുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.