TOPICS COVERED

തൊഴിലാളി യൂണിയനുകള്‍ രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത പണിമുടക്കില്‍ സംസ്ഥാനത്ത് ആക്രമണങ്ങളും ഭീഷണിയും. കോഴിക്കോട് മുക്കത്ത് മീന്‍ കടയിലെത്തി സമര അനുകൂലികള്‍ ഭീഷണി മുഴക്കി. കടയടച്ചില്ലെങ്കില്‍ മണ്ണെണ്ണ ഒഴിക്കുമെന്നും കത്തിക്കുമെന്നും ഭീഷണി. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സിഐടിയു സംസ്ഥാന കമ്മറ്റി അംഗവുമായ ടി.വിശ്വനാഥനാണ് ഭീഷണി മുഴക്കിയത്. പൊലീസ് നോക്കി നില്‍ക്കെ തുറന്ന് പ്രവര്‍ത്തിച്ച് മാളും സമരാനുകൂലികള്‍ അടപ്പിച്ചു. 

അതേ സമയം പണിമുടക്കിന്റെ ഭാഗമായി സംസ്ഥാനത്ത് എവിടെയും കാര്യമായ അക്രമങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍. ഇന്ന് പണിയെടുക്കാന്‍ പാടില്ല. കഴിഞ്ഞ അഞ്ചുമാസമായി പണിമുടക്കിനായി തൊഴിലാളികള്‍ പ്രചാരണത്തിലാണ്. അത്തരത്തിലുള്ള തൊഴിലാളികളുടെ മുന്നില്‍ പണിമുടക്കിനെ വെല്ലുവിളിച്ചെത്തിയാല്‍ സ്വാഭാവികമായി ചില പ്രതികരണങ്ങള്‍ ഉണ്ടാകും. അത് മാത്രമാണ് സംഭവിച്ചിട്ടുള്ളതെന്നും ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു.

ആശുപത്രി, വെള്ളം, പത്രം തുടങ്ങിയവയെല്ലാം പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയതാണ്. ആശുപത്രിയില്‍ പോകുന്നവരെ തടയാന്‍ പാടില്ലെന്നും പ്രവര്‍ത്തകര്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു.ഇടതുപക്ഷ സര്‍ക്കാരിന് തൊഴിലാളി അനുകൂല നിലപാടാണ്. സമരമുഖത്ത് യോജിച്ചു നില്‍ക്കാന്‍ കഴിയുന്നവരുമായി യോജിച്ചു നില്‍ക്കും. യോജിച്ചു നില്‍ക്കാന്‍ തയ്യാറാണെങ്കില്‍ ബിഎംഎസ്സിനെയും ഒപ്പം കൂട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ENGLISH SUMMARY:

During the nationwide strike called by trade unions, incidents of aggression and threats have been reported across Kerala. In Mukkam, Kozhikode, strike supporters allegedly threatened a fishmonger, warning that if he didn't close his shop, they would pour kerosene on his fish and burn the establishment down.