കേരള കോൺഗ്രസ് എം ആവശ്യപ്പെട്ട 13-ാം സീറ്റ് സിപിഎം നൽകില്ല. സ്വന്തം സീറ്റുകൾ വിട്ടു നൽകാൻ ആവില്ലെന്ന് സിപിഎം കേരള കോൺഗ്രസ് എമ്മിനെ അറിയിച്ചു. പതിമൂന്നാം സീറ്റിന്‍റെ കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് , പ്രതീക്ഷ കൈവിടാതെയായിരുന്നു ജോസ് കെ.മാണിയുടെ പ്രതികരണം. സിപിഎം സിപിഐ സ്ഥാനാർഥികൾ പ്രചാരണത്തിൽ സജീവമായിട്ടും ആർ ജെ ഡി - ഐ.എസ്.ജെ.ഡി തർക്കം എൽഡിഎഫിന് ഇനിയും പരിഹരിക്കാൻ ഉണ്ട്.
ജോസ് കെ.മാണി ആവശ്യപ്പെട്ടുകൊണ്ടിരുന്ന പതിമൂന്നാമത്തെ സീറ്റ് നൽകാതെ 12 സീറ്റിൽ കേരള കോൺഗ്രസ് എമ്മിനെ ഒതുക്കാനാണ് സിപിഎം തീരുമാനം. കുറ്റ്യാടിയും പേരാമ്പ്രയും കേരള കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നെങ്കിലും സിറ്റിംഗ് സിറ്റുകൾ നൽകാനാകില്ലെന്ന് സിപിഎം നിലപാടെടുത്തു. സിപിഎമ്മിന്റെ സീറ്റുകളിൽ എല്ലാം തന്നെ സ്ഥാനാർഥികൾ വന്നതിനാൽ ഇനിയും സീറ്റുകൾ നൽകാനാവില്ല എന്നാണ് അറിയിച്ചിരിക്കുന്നത്. ഘടകകക്ഷികളുടെ സീറ്റടുത്തു നൽകാനും സാധ്യമല്ലെന്ന് സിപിഎം വ്യക്തമാക്കി. 12 സീറ്റുകളിലെ സ്ഥാനാർഥികളെ കേരള കോൺഗ്രസ് വൈകാതെ പ്രഖ്യാപിക്കും. പക്ഷേ പതിമൂന്നാമത്തെ സീറ്റിലുള്ള സമ്മർദ്ദം കേരള കോൺഗ്രസ് എം ഇപ്പോഴും തുടരുകയാണ്. പ്രതീക്ഷ കൈവിടാതെയാണ് ജോസ് കെ.മാണിയുടെ പ്രതികരണം.
എൻസിപിയിലെ എലത്തൂർ കലാപം മാത്രമല്ല എൽഡിഎഫിൽ തലവേദനയാകുന്നത്. കോവളം സീറ്റിന്റെ കാര്യത്തിൽ തീരുമാനമാകാത്തതിനാൽ സിറ്റിംഗ് സീറ്റുകളായ ചിറ്റൂരും തിരുവല്ലയും ഉൾപ്പെടെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ ആകാത്ത അവസ്ഥയിലാണ് ഐ.എസ്.ജെ.ഡി. കോവളം സീറ്റ് ലഭിക്കണമെന്ന് പിടിവാശിയിലാണ് ആർജെഡിയും . തൊണ്ടിമുതൽ കേസിൽ ശിക്ഷിക്കപ്പെട്ട ആന്‍റണി രാജുവിന്‍റെ അയോഗ്യത നിൽക്കാനുള്ള ഹർജി നാളെ ഹൈക്കോടതി അനുകൂലമായി വിധി പറഞ്ഞാൽ തിരുവനന്തപുരത്ത് ആന്‍റണി രാജു തന്നെ സ്ഥാനാർഥിയാകും. അല്ലെങ്കിൽ ആന്‍റണി രാജുവിന് കൂടി സമ്മതമുള്ള ഒരാളെ സ്ഥാനാർഥിയാക്കും. രണ്ടു ദിവസത്തിനകം ആശയക്കുഴപ്പങ്ങൾ പരിഹരിക്കണമെന്നാണ് ഘടകകക്ഷികൾക്ക് സിപിഎം നൽകിയിരിക്കുന്ന നിർദ്ദേശം.