ഒരു ചായ കുടിച്ചാലോ
പണിമുടക്ക് ദിനത്തില്‍ ഉയര്‍ന്നതുക ചെലവാക്കി ചായകുടിച്ചത് ആലുവ സ്വദേശികളായ മൂന്ന് യുവാക്കളാണ്. സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയത് കൊച്ചിയിലെ മോട്ടോര്‍ വാഹനവകുപ്പും. ലക്ഷങ്ങള്‍ വിലയുള്ള സൂപ്പര്‍ബൈക്കിലെത്തിയ ചുള്ളന്‍മാര്‍ക്ക് നല്ല കടുപ്പത്തില്‍ തന്നെ ഉദ്യോഗസ്ഥര്‍ ബില്ല് നല്‍കിയത്. രാവിലെ ചൂര്‍ണിക്കരയിലാണ് ചായകുടിക്കാനിറങ്ങിയ യുവാക്കള്‍ മോട്ടോര്‍ വാഹനവകുപ്പിലെ ഉദ്യോഗസ്ഥരുടെ മുന്നില്‍പ്പെട്ടത്.
തോമാസുകുട്ടി വിട്ടോടാ
പട്രോളിങിനിറങ്ങിയ എന്‍ഫോഴ്സമെന്‍റിലെ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ മൂന്ന് ബൈക്കുകള്‍ റേസിങിന് തയാറായി നില്‍ക്കുന്നു. ആക്സിലേറ്റര്‍ മുട്ടിച്ച് പിടിച്ച് പടക്കംപൊട്ടുന്ന ഒച്ചയുമായി പറപ്പിക്കാന്‍ തയാറായി നില്‍ക്കുന്നതിനിടെ യുവാക്കളുടെ ദൃഷ്ടിയില്‍ മോട്ടോര്‍ വാഹന വകുപ്പിന്‍റെ വാഹനവും പതിഞ്ഞു. ഇതോടെ റേസിങ്ങ് ബൈക്കുകള്‍ തലങ്ങും വിലങ്ങും പാഞ്ഞു. ഒരു ബൈക്ക് നേരെയും മറ്റൊരു ബൈക്ക് ഉദ്യോഗസ്ഥര്‍ക്ക് നേരെ റോങ്സൈഡിലൂടെയും സ്ഥലംവിട്ടു. പക്ഷെ മൂന്നാമന്‍റെ ബൈക്ക് ചതിച്ചു.
ജാങ്കോ പെട്ടു
മോട്ടോര്‍വാഹനവകുപ്പിലെ ഉദ്യോഗസ്ഥരെ കണ്ടതോടെ മൂന്നാമന്‍റെ ബൈക്കും വിറച്ച് നിശ്ചലനായി. ഉദ്യോഗസ്ഥര്‍ അടുതെത്തിയതോടെ റൈഡറും ബൈക്കും മര്യാദക്കാര്‍. കാര്യം തിരക്കിയപ്പോള്‍ ചായകുടിക്കാനിറങ്ങിയതാണെന്ന് മറുപടി. രക്ഷപ്പെട്ടുപോയ ബൈക്കിലുള്ളവര്‍ ആരെന്ന ചോദ്യത്തിന് പേരും മേല്‍വിലാസവും ഫോണ്‍ നമ്പറും അടക്കം മണി മണിയായി മറുപടി.
മടങ്ങിവരൂ ഉണ്ണീ
കുടുങ്ങിയെ സുഹൃത്തിന്‍റെ സഹായത്തോടെ പരക്കംപാഞ്ഞ രണ്ട് ബൈക്കര്‍മാരെ ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടു. എത്രയുംപെട്ടെന്ന് സ്ഥലത്ത് ഹാജരാകാന്‍ നിര്‍ദേശം നല്‍കി. വന്നില്ലെങ്കില്‍ നടപടികള്‍ കടുത്തതാകുമെന്നും മുന്നറിയിപ്പ് നല്‍കി. മടങ്ങിവരുന്നതാണ് നല്ലതെന്ന് കുടുങ്ങിയ സുഹൃത്തും അറിയിച്ചതോടെ തലങ്ങും വിലങ്ങും പാഞ്ഞവര്‍ സ്ലോ റേസിങ്ങിലെ മത്സരാര്‍ഥികളെ പോലെ മടങ്ങിയെത്തി. രണ്ട് പേരുടെയും പഴയ ശൗര്യമൊക്കെ കെട്ടടങ്ങിയിരുന്നു.
ആസ്ഥാന ഭാവം പുച്ഛം
മോട്ടോര്‍ വാഹനവകുപ്പിനെ കണ്ടതോടെ രക്ഷപ്പെട്ട യുവാക്കള്‍ക്ക് ഉദ്യോഗസ്ഥരോട് പുച്ചമായിരുന്നു. ഉദ്യോഗസ്ഥരുടെ വാഹനത്തിന് മുന്നിലൂടെ വളഞ്ഞ് പുളഞ്ഞ് ബൈക്കോടിച്ച് സ്കില്ലൊക്കെ യിട്ടായിരുന്നു ഒരാളുടെ രക്ഷപ്പെടല്‍. രണ്ടാമത്തെ ബൈക്കിലുണ്ടായിരുന്നത് രണ്ടുപേര്‍. അതിലൊരാള്‍ തൊപ്പിയൂരി പുറകിലെ നമ്പര്‍പ്ലേറ്റ് മറച്ചുപിടിച്ചു. ഒപ്പം ഉദ്യോഗസ്ഥര്‍ക്ക് തംസപ്പ് ചിന്നവും. അങ്ങനെ പോയ ടീം രണ്ടാം വരവില്‍ മര്യാദക്കാരായി.
എട്ടിന്‍റെ പണി
റൈഡര്‍മാരുടെ ബൈക്കുകള്‍ പരിശോധിച്ചപ്പോള്‍ നിയമലംഘനങ്ങളുടെ പെരുനാളും പൂരവും ഒരുമിച്ച വന്ന അവസ്ഥ. മൂന്ന് ബൈക്കുകളുടെയും നമ്പര്‍ പ്ലേറ്റുകളിലടക്കം പ്രശ്നങ്ങള്‍. ഒരു വണ്ടിക്ക് മുന്നില്‍ മാത്രം നമ്പര്‍ പ്ലേറ്റ്. മറ്റൊന്നിന്‍റെ മറച്ചുവെയ്ക്കാം പാകത്തില്‍. മഡ് ഗാര്‍ഡില്ല, ലൈറ്റുകള്‍ എക്സ്ട്രാഫിറ്റിങ്. ഒരു വണ്ടിക്ക് ഇന്‍ഷുറന്‍സില്ല. മറ്റൊരു വാഹനം വിറ്റിട്ടും ഉടമസ്ഥാവകാശം ആദ്യഉടമയ്ക്ക് തന്നെ. റൈഡര്‍മാരുടെ വിക്രിയകൊണ്ട് ആദ്യ ഉടമയും പെട്ടു.
കനത്ത പിഴ
നിയമലംഘനങ്ങള്‍ക്ക് പതിനായിരം മുതല്‍ ഇരുപത്തിയയ്യായിരം രൂപവരെയാണ് മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തിയത്. അവിടംകൊണ്ട് തീരില്ല നടപടി. നാളെ ബൈക്കുകള്‍ വാങ്ങുമ്പോള്‍ എങ്ങനെയാണോ ആ നിലയിലാക്കി മോട്ടോര്‍ വാഹന വകുപ്പ് ഓഫിസില്‍ ഹാജരാക്കണം. റൈഡര്‍മാരില്‍ നിന്ന് വിശദീകരണം ലഭിച്ച ശേഷം ലൈസന്‍സ് റദാക്കുന്നതടക്കമുള്ള നടപടികളില്‍ തീരുമാനമെടുക്കും. റൈഡര്‍മാര്‍ക്ക് പുറമെ ബൈക്കിന്‍റെ ആദ്യത്തെ ഉടമയും ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണം. എറണാകുളം എന്‍ഫോഴ്സ്മെന്‍റ് സ്പെഷ്യല്‍ സ്ക്വാഡിലെ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ജിന്‍സന്‍ സേവ്യര്‍, ആര്‍. ചന്തു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.